ശക്തമായി പ്രവര്‍ത്തിക്കാം...

ജോസ് മണ്ണൂര്‍, കാഞ്ഞിരപ്പള്ളി
ശക്തമായി പ്രവര്‍ത്തിക്കാം...

2022 ഫെബ്രുവരി 23-ല്‍ പുറത്തിറങ്ങിയ സത്യദീപം വാരികയില്‍ ശ്രീ. ജോസ്‌മോന്‍ ആലുവ 'കത്തുകള്‍' എന്ന ഭാഗത്ത് ''പ്രിയ വികാരിമാര്‍ക്ക് സ്‌നേഹപൂര്‍വ്വം'' എന്ന തലകക്കെട്ടോടെ എഴുതിയത് അതിഗംഭീരമായിരിക്കുന്നു. സഭയോട് ബന്ധപ്പെട്ട സുപ്രധാനകാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറായ അദ്ദേഹത്തെയും, അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായ സത്യദീപം വാരികയെയും എത്ര പ്രശംസിച്ചാലും മതിയാകില്ല. അതില്‍ വായിച്ച ഒരു ഭാഗം ചുവടേ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ''പ്രിയമുള്ള വൈദിക സഹോദരങ്ങളെ, മേടവിട്ട് ഇറങ്ങിവരാന്‍ ക്രിസ്തുനാഥന്‍ ക്ഷണിക്കുന്നു. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുന്ന് ആവര്‍ത്തിക്കുന്നു. രോഗത്തെയും മരണത്തെയും ഭയപ്പെടാതെ ധൈര്യസമേതം നമ്മുടെ ഭവനങ്ങളിലേക്ക് കടന്നുചെല്ലാം. രോഗികളും, ആകുലരുമായ മനുഷ്യരെ സന്ദര്‍ശിക്കാം. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാം. കണ്ണീരൊപ്പാം, ധൈര്യം പകരാം, ഒരു പുരോഹിതന്റെ സാന്നിദ്ധ്യം അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കും. ഇതിന് തയ്യാറായാല്‍ എത്രയോ കുടുംബങ്ങള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു കയറും.'' ഇതിന് അപവാദമായി അവിടെയും, ഇവിടെയുമൊക്കെ, ചില വികാരിമാര്‍ ഉണ്ടെന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല.

സഭയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ തരംഗം. പൊളിക്കുക, പണിയുക; പൊളിക്കുക പണിയുക. ഉള്ള ദേവാലയങ്ങള്‍ പൊളിക്കുക, ആ സ്ഥാനത്ത് കോടികള്‍ മുടക്കി പടുകൂറ്റന്‍ ബാബേല്‍ ഗോപുരങ്ങള്‍ പണിയുക. ദൈവത്തെ മറന്നുള്ള ഈ കളി എന്തിനു വേണ്ടി എന്ന് ആരും മനസ്സിലാക്കുന്നില്ല. ഈ പടുകൂറ്റന്‍ ദേവാലയങ്ങള്‍ക്ക് ഉള്ളില്‍ ബലിയര്‍പ്പണത്തിനായി എത്ര വിശ്വാസികള്‍ കാണും? വിരലേല്‍ എണ്ണാന്‍ മാത്രം, പ്രായമായ കുറെ വിശ്വാസികളെ അങ്ങിങ്ങായി കണ്ടാല്‍ ആയി. ഈ കാഴ്ച കാണാന്‍ അധികകാലം വേണ്ടി വരില്ല. ഈ കൂറ്റന്‍ ആരാധനാലയങ്ങള്‍ക്ക് പണം മുടക്കാന്‍ വിശ്വാസികള്‍ മാത്രം.

വടക്കേ ഇന്ത്യയില്‍, ആദിവാസികളുടേയും, ഗോത്ര വര്‍ഗ്ഗങ്ങളുടെയും ഇടയില്‍, പ്രതികൂല കാലാവസ്ഥയില്‍, വെയിലിലും, മഴയിലും, മലകളും, കാടുകളും താണ്ടി കിലോമീറ്ററുകള്‍ നടന്ന്, ദൈവരാജ്യത്തിന്റെ വിസ്തൃതിക്കായി ചെയ്യുന്ന മിഷനറിമാരുടെ സേവനങ്ങളെ എത്ര സ്തുതിച്ചാലും മതിയാവില്ല. ഒരു പതിനായിരം രൂപാ ഉണ്ടെങ്കില്‍ ഒരു ദേവാലയം നിര്‍മ്മിക്കാം എന്ന് പറയുന്നു. അതിനായി ക്രൈസ്തവ മാസികകളില്‍ കൂടി സംഭാവനകള്‍ക്ക് വേണ്ടി യാചിക്കുന്നു. ഇവിടെ കോടികളുടെ നിര്‍മ്മിതി. കേരളത്തിലെ കത്തോലിക്കാ സഭയുടെ പോക്ക് എത്ര ദയനീയം.

സമീപകാലത്തായി ആരംഭിച്ച ഒരു പരിപാടിയാണ് സഭകള്‍ തമ്മില്‍ തര്‍ക്കം, പള്ളി ഭാഗം വയ്ക്കല്‍ സംബന്ധമായ ബഹളങ്ങള്‍, അത് സംഘര്‍ഷത്തില്‍ വരെ എത്തി, വിശ്വാസികളുടെയും, വൈദികരുടെയും ഇടയില്‍ പോലീസ് സാന്നിദ്ധ്യം. രാഷ്ട്രീയക്കാരെപ്പോലെ പ്രതിഷേധം, ധര്‍ണ, പ്രകടനങ്ങള്‍, നിരാഹാരം എന്നിവയും. ക്ഷമിക്കാനും, സ്‌നേഹിക്കാനും പഠിപ്പിച്ച ദൈവത്തെ ധിക്കരിച്ച്, കോടതിയുടെ മുമ്പില്‍ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. കഷ്ടം തന്നെ. ഇവ തല്‍ക്കാലം ശാന്തമായപ്പോള്‍, കത്തോലിക്ക സഭയില്‍, ''ബലി എങ്ങോട്ടുനിന്ന് അര്‍പ്പിക്കണം'' എന്ന വിഷയത്തില്‍ രണ്ടു പക്ഷമായി, അതിന്റെ ഭാഗമായി മുമ്പേ എഴുതിയ പോലെ, പ്രതിഷേധം, പ്രകടനം, നിരാഹാരം, കോലം കത്തിക്കല്‍ വരെ എത്തി സംഭവങ്ങള്‍. അവസാന സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഏറിയപ്പോള്‍ തല്‍ക്കാലം ശാന്തമായി, കോടതി കയറാതെ. ക്രൈസ്തവ സമുദായത്തെ കരിവാരി തേയ്ക്കാന്‍ നോക്കിയിരിക്കുന്ന ചില മാധ്യമങ്ങള്‍ക്കും, ചാനലുകള്‍ക്കും കിട്ടിയ ഒരു നല്ല അവസരം. അവര്‍ ആഘോഷമാക്കി, പൊടിപ്പും തൊങ്ങലും വച്ച് മാസങ്ങളോളം അവര്‍ ആഘോഷമാക്കി കൊണ്ടാടി. ഇതിന്റെ ഫലമമായി വിശ്വാസികള്‍ക്കും അ്രൈകസ്തവര്‍ക്കും, സഭാ പിതാക്കന്മാരോടും മറ്റും ഉണ്ടായിരുന്ന സ്‌നേഹവും, ബഹുമാനവും നല്ലൊരു പരിധി വരെ ഇല്ലെന്നാക്കാന്‍ ഇടവരുത്തി. അത്രമാത്രം.

ഇതിനെക്കാള്‍ എല്ലാം ഉപരിയായി കേരളത്തില്‍ പ്രത്യേകിച്ച് ക്രൈസ്തവരുടെയിടയില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന രണ്ട് ദുരന്തങ്ങള്‍. ഒന്ന് പ്രണയകുരുക്കില്‍പ്പെടുത്തി ക്രിസ്ത്യന്‍ യുവതികളെ തട്ടിക്കൊണ്ടുപോകല്‍. രണ്ട് ലഹരി മരുന്നുകളുടെ ഒഴുക്ക്. പ്രണയം നടിച്ച്, കുരുക്കില്‍പ്പെടുത്തി ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷരാകുന്നു. ഇവരെപ്പറ്റി സ്വന്തം കുടുംബക്കാര്‍ക്കോ, സമൂഹത്തിനോ ഒരു വിവരവും കിട്ടാത്ത അവസ്ഥ. വര്‍ഷംന്തോറും നൂറുകണക്കിന് യുവതികള്‍ നമ്മുടെ ഇടയില്‍നിന്ന് എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ദയനീയക്കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ധൈര്യസമ്മേതം മക്കളെ വിദ്യാഭ്യാസത്തിന് അയയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. രാവിലെ പോയാല്‍ വന്നെങ്കില്‍വന്നു. അത്രതന്നെ. ഒരു പ്രത്യേക സംഘടന - ഇതിനായി കേരളത്തിന്റെ മുക്കിലും, മൂലയിലും വേട്ടക്കാരായി വിലസുന്നു. തന്ത്രപരമായി ഓരോ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നു. ഇതിനെ നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ.

രണ്ട് - ലഹരി മരുന്നുകളുടെ പ്രളയം. കഞ്ചാവ്, ഇംഗ്ലീഷ് അക്ഷരങ്ങള്‍ (ഏതാനും) ചേര്‍ത്ത് പല പേരുകളില്‍ അറിയപ്പെടുന്ന അത്യുഗ്രന്‍ ലഹരി വസ്തുക്കള്‍ ഇന്ന് കേരത്തിന്റെ വിപണി പിടിച്ചെടുത്തിരിക്കുന്നു. കേരളമാണ് അവരുടെ വിപണന കേന്ദ്രം വിദേശത്തു നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു. അവയില്‍ അപൂര്‍വ്വം ചിലതെല്ലാം പിടിക്കപ്പെടുന്നു എന്നു കേള്‍ക്കാം. പിന്നെ മറ്റൊരു കാര്യവും അതിനെപ്പറ്റി കേള്‍ക്കാറില്ല. ഈ ലഹരി വസ്തുക്കള്‍ കുറെക്കാലം മുമ്പുവരെ പട്ടണങ്ങളില്‍ മാത്രമേ എത്തിയിരുന്നുള്ളൂ. എന്നാല്‍ അത് പെട്ടെന്ന് കോളേജ് പരിസരത്തില്‍ എത്തി. ഒത്തിരി വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ ഈ കെണിയില്‍ വീണു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നാല്‍ക്കവലയില്‍ എത്തിക്കഴിഞ്ഞു. വൈകാതെ നമ്മള്‍ താമസിക്കുന്ന വീടുകള്‍ക്ക് ചുറ്റും ഇരകളെ തേടി തമ്പടിക്കാന്‍ തുടങ്ങും. കേരളം പറ്റിയ വിളനിലമാണെന്ന് മയക്കുമരുന്നു വ്യവസായ ലോബികള്‍ കണ്ടുകഴിഞ്ഞു. ഇതിന്റെ ഫലമായി കേളത്തില്‍, സംഘട്ടനങ്ങള്‍, കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ ഇവ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇനിയെന്തെല്ലാം കാണാനാരിക്കുന്നു...

ഈ നാരകീയ ശക്തികളെ നമ്മള്‍ തിരിച്ചറിയേണ്ട സമയം വളരെ വൈകിപ്പോയിരിക്കുന്നു. അതിനായി സഭ മറ്റെല്ലാക്കാര്യങ്ങളും ഉപേക്ഷിച്ച്, അതിശക്തമായി രംഗത്തു വന്നേ പറ്റൂ. സഭാ പിതാക്കന്മാരും ഇടവകവൈദികരും, സി സ്റ്റേഴ്‌സും, യുവജന സംഘടനകളും ഇടവക കൂട്ടായ്മകളും ഒറ്റക്കെട്ടായി, ആലോചിച്ച് ശക്തമായ നേതൃത്വത്തിന്‍ കീഴില്‍ അരയും തലയും മുറുക്കി യുദ്ധത്തിനിറങ്ങിയേ പറ്റൂ. എങ്കില്‍ മാത്രമേ ഈ മഹാദുരന്തത്തെ തുരത്താന്‍ സാധിക്കൂ. അല്ലാതെ ഓരോ ദുരന്തകഥകളുടെ ആഘോഷം മാധ്യമങ്ങള്‍ നടത്തിക്കഴിഞ്ഞതിനു ശേഷം പ്രതിഷേധ പ്രസ്താവനകളും, മൗനജാഥകളും നടത്തിയിട്ട് യാതൊരു കാര്യവുമില്ല. അതിനാല്‍ തലയ്ക്കു ചുറ്റും മൂളിപ്പറക്കുന്ന ഈ വിഷ ജീവികളെ ഇല്ലാതാക്കാന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാം. അല്ലെങ്കില്‍ വംശനാശത്തിലേയ്ക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സഭയുടെ അതിദയനീയമായ അവസ്ഥ നാം കാണേണ്ടിവരും. ഈ പൈശാചികശക്തികളെ തകര്‍ക്കാന്‍ വേണ്ട ഊര്‍ജ്ജത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കാം. ഒപ്പം ശക്തമായി പ്രവര്‍ത്തിക്കാം. അങ്ങനെ ഈ മഹാദുരന്തത്തില്‍നിന്നും യുവലോകത്തെ രക്ഷിക്കാന്‍ സാധിക്കട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org