ലോഗോസ് ക്വിസ് 2024: അവലോകനവും നിര്‍ദേശങ്ങളും

ലോഗോസ് ക്വിസ് 2024: അവലോകനവും നിര്‍ദേശങ്ങളും

ചെറിയാന്‍കുഞ്ഞ്, നെടുംകുളത്ത്, തൃക്കാക്കര

കഴിഞ്ഞ സെപ്റ്റംബര്‍ 24 ന് നടന്ന ലോഗോസ് ക്വിസ് 2023 പരീക്ഷയിലെ ചോദ്യങ്ങള്‍ ഒന്ന് അവലോകനം ചെയ്യാം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നടന്ന ലോഗോസ് ക്വിസ് പരീക്ഷകളിലെ ചോദ്യങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ല്‍ കണ്ടത് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സമീപനമാണ്. എന്നാല്‍ 2023 ല്‍ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത രീതിയില്‍ വരുത്തിയ മാറ്റം കൂടുതല്‍ പരീക്ഷാര്‍ത്ഥികളെ, പ്രത്യേകിച്ച് പ്രായമേറിയവരെയൊക്കെ അല്പം നിരാശപ്പെടുത്തിയെന്ന അഭിപ്രായമാണ് കേള്‍ക്കുന്നത്. ഇത്തരുണത്തില്‍ എടുത്തു പറയേണ്ടതായ ഏതാനും കാര്യങ്ങളും അവ ഭാവിയില്‍ ഒഴിവാക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളും താഴെ കൊടുക്കുന്നു.

  • 1) ഉത്തരസൂചികയില്‍ വരുന്ന തെറ്റുകള്‍

ഇത് വളരെ വിരളമായി മാത്രം ഉണ്ടാകുന്നതാണ്. ചെറിയ അശ്രദ്ധമൂലമാണെങ്കിലും അത് ഒഴിവാക്കാന്‍ പരിശ്രമിക്കണം. 2023 ലെ ചോദ്യപേപ്പറില്‍ 71-ാമത്തെ ചോദ്യം, ''വചനം കേള്‍ക്കുകയും എന്നാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവരെ എന്തിനോടാണ് യേശു ഉപമിച്ചത്?'' ഈ ചോദ്യത്തിന് കൊടുത്തിരിക്കുന്ന നാല് ഉത്തരങ്ങള്‍, 1) വഴിയരികില്‍ വീണ വിത്ത്, 2) പാറമേല്‍ വീണ വിത്ത്, 3) ഉറപ്പില്ലാത്ത പാറമേല്‍ വീട് പണിത മനുഷ്യന്‍, 4) മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്ത്. ഈ നാല് ഉത്തരങ്ങളും ശരിയല്ല. കാരണം, ബൈബിളില്‍ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ് ''ഉറപ്പില്ലാത്ത തറമേല്‍ വീട് പണിത മനുഷ്യന്‍.'' പാറ എന്ന പദം ഒരിടത്തു മാത്രമേ യേശു പറയുന്നുള്ളൂ. അത്, ''എന്റെ അടുത്തുവന്ന് വചനം കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്ഥാനമിട്ട് വീട് പണിയുന്ന മനുഷ്യനോട് സദൃശ്യനാണ്'' എന്നാണ്. ആയതിനാല്‍ ആ ചോദ്യത്തിന് ഏതെങ്കിലും ഉത്തരം കൊടുത്തിട്ടുള്ള എല്ലാവര്‍ക്കും മാര്‍ക്ക് കൊടുക്കാവുന്നതാണ്.

  • 2) മത്സരത്തിന്റെ അതിപ്രസരം ലോഗോസ് ക്വിസിന്റെ ലക്ഷ്യത്തെ ബാധിക്കുന്ന അവസ്ഥ

പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കുവാന്‍ വേണ്ടി നടത്തുന്ന കഠിനമായ മത്സരപരീക്ഷ ഒന്നുമല്ലല്ലോ ലോഗോസ് ക്വിസ് പരീക്ഷയില്‍ ഉദ്ദേശിക്കുന്നത്. ബൈബിള്‍ വചനങ്ങള്‍ വായിച്ചു പഠിച്ച് അതു ഗ്രഹിക്കുന്നതിനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും സഹായകമായ ഒരു മഹത്തായ സംരംഭമായിട്ടാണല്ലോ സഭ ഇതിനെ കാണുന്നത്. അതിസമര്‍ത്ഥര്‍ തമ്മില്‍ ഒന്നാം റാങ്കിനുവേണ്ടി മത്സരിക്കുക എന്നതിനു പകരം വിവിധ പ്രായക്കാരായ സാധാരണ ആളുകള്‍ പങ്കെടുക്കുന്ന ഒരു വചന പഠന പദ്ധതിയായിട്ടു വേണം ലോഗോസ് ക്വിസ് പരീക്ഷയെ നാം കാണേണ്ടത്. അപ്പോള്‍ ബൈബിള്‍ പഠിച്ച് ഈ പരീക്ഷയില്‍ പങ്കെടുക്കുന്നവരുടെ ആത്മസംതൃപ്തിക്ക് ഉതകുന്ന വിധത്തിലുള്ള ഒരു ചോദ്യപേപ്പറും റിസള്‍ട്ടും - ഏകദേശം 70% മുതല്‍ 75% വരെ ശരിയുത്തരങ്ങള്‍ ആണ് 100% ശരിയുത്തരങ്ങളെക്കാള്‍ ഒരര്‍ത്ഥത്തില്‍ വിലമതിക്കേണ്ടത്. ആയതിനാല്‍ 70% മുതല്‍ മുകളിലേക്ക് മാര്‍ക്ക് ലഭിക്കുന്നവരെ ഇടവക തലത്തില്‍ അനുമോദിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ പരീക്ഷയ്ക്ക് വരാന്‍ ഉത്സാഹപ്പെടുമെന്ന് കരുതുന്നു. ഇപ്പോള്‍ ഇത് 80 ശതമാനം ആണ്.

  • 3) കഠിനവും താരതമ്യേന അപ്രധാനവുമായ ചോദ്യങ്ങള്‍ ഒഴിവാക്കേണ്ട ആവശ്യകത

മത്സരാര്‍ത്ഥികളെ നന്നേ കുഴയ്ക്കുന്നതും താരതമ്യേന അപ്രധാനവുമായ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ചോദ്യകര്‍ത്താവ് കാണിക്കുന്ന മികവ് ലോഗോസ് ക്വിസ് പരീക്ഷയുടെ കാര്യത്തില്‍ പ്രകടിപ്പിക്കേണ്ടതല്ല എന്നാണ് തോന്നുന്നത്. ഉദാഹരണത്തിന് 2023 ലെ പരീക്ഷയില്‍ യേശുവിന്റെ വംശാവലി എന്ന ഭാഗത്തുനിന്ന് മൂന്നു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള അന്നത്തെ കാലത്തെ പേരുകളാണ് ഈ ഭാഗത്തുള്ളത്. അതേസമയം ലൂക്കാ 8-ാം അധ്യായത്തില്‍ നിന്ന് ഒരു ചോദ്യവും കണ്ടില്ല. പ്രധാനപ്പെട്ട പല സംഭവങ്ങളും വിവരിക്കുന്ന (ഉദാ: രക്തസ്രാവക്കാരി സുഖം പ്രാപിക്കുന്നത്, ജായി റോസിന്റെ മകളെ പുനര്‍ജിവിപ്പിക്കുന്നത്, വിതക്കാരന്റെ ഉപമയും വിശദീകരണവും, ലെഗിയോന്‍ എന്ന പിശാചു ബാധിതനെ സുഖപ്പെടുത്തുന്നത്, കൊടുങ്കാറ്റിനെ ശാന്തമാക്കുന്നത് മുതലായവ.) ലൂക്കാ എട്ടാം അധ്യായം ചോദ്യകര്‍ത്താവ് ഒഴിവാക്കിയിട്ട് വംശാവലിയില്‍ നിന്ന് മൂന്ന് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് കാരണം ആര്‍ക്കും മനസ്സിലാകാത്തതാണ്.

  • 4) അധ്യായവും വാക്യവും കണ്ടുപിടിക്കുന്ന ചോദ്യങ്ങള്‍ പരിമിതപ്പെടുത്തുക

2022 ല്‍ ഇത്തരത്തിലുള്ള ഒരു ചോദ്യം മാത്രമായിരുന്നെങ്കില്‍ 2023 ല്‍ അത് അഞ്ചു ചോദ്യങ്ങളായി വര്‍ധിപ്പിച്ചു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ഭാവിയിലെ ചോദ്യകര്‍ത്താക്കള്‍ ഇക്കാര്യം കൂടി പരിഗണിക്കുന്നത് ഉചിതമായിരിക്കും.

വളരെയധികം പരിശ്രമത്തോടുകൂടി നടത്തപ്പെടുന്ന ഈ വചനാധിഷ്ഠിത പരീക്ഷ അതിന്റെ നല്ല ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകും എന്നു കരുതുന്ന ഒരു അവലോകനവും ഏതാനും നിര്‍ദേശങ്ങളുമാണ് മുകളില്‍ പ്രതിപാദിച്ചത്. ഈ മഹത്തായ സംരംഭത്തിന് വെല്ലുവിളിയായി കാണുന്ന മറ്റൊരു കാര്യം കുട്ടികളിലും മുതിര്‍ന്നവരിലും പ്രത്യേകിച്ച് പുരുഷന്‍മാരിലും കാണുന്ന ഒരു പിന്‍വാങ്ങല്‍ സമീപനമാണ്. ബൈബിള്‍ വായനയിലും പഠനത്തിലും പരീക്ഷയില്‍ പങ്കെടുക്കുന്നതിലും കാണിക്കുന്ന താത്പര്യക്കുറവ് നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇപ്പോള്‍ മുടങ്ങാതെ പങ്കെടുക്കുന്നവരെ പോലും നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ കഴിവതും ഒഴിവാക്കി സിലബസില്‍ പറഞ്ഞിട്ടുള്ള എല്ലാ അധ്യായങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന വ്യക്തിയെ/വ്യക്തികളെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി ചുമതലപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org