ലോഗോസ് ക്വിസ് 2022 - ഒരവലോകനം

ചെറിയാന്‍കുഞ്ഞ് നെടുംകുളത്ത്, തൃക്കാക്കര
ലോഗോസ് ക്വിസ് 2022 - ഒരവലോകനം
Published on

കഴിഞ്ഞ 20-ല്‍പ്പരം വര്‍ഷങ്ങളായി നടത്തിവരുന്ന ബൈബിള്‍ വചനാധിഷ്ഠിതമായ പരീക്ഷ - ലോഗോസ് ക്വിസ്സിന്റെ 21-ാമത്തെ പരീക്ഷയാണല്ലോ 2022 സെപ്തം. 22-ാം തീയതി നടന്നത്. സങ്കീര്‍ത്തനം 119:105-ല്‍ പറയുന്നതുപോലെ ''അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.'' കര്‍ത്താവിന്റെ തിരുവചനങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍ നമുക്കു ലഭിക്കുന്ന വചനാനുഭവം ഏറെയാണ്.

കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നടന്ന ലോഗോസ് ക്വിസ് പരീക്ഷകളിലെ ചോദ്യങ്ങളുടെ ഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-ല്‍ കണ്ടത് എല്ലാവര്‍ക്കും സ്വാഗതാര്‍ഹമായ ഒരു രീതിയാണ്. പ്രധാനമായും ഇവിടെ എടുത്തുപറയേണ്ടത് 4 പുസ്തകങ്ങളിലെ 32 അദ്ധ്യായങ്ങളില്‍ നിന്നുള്ള 100 ചോദ്യങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ വചനത്തിലൂടെ ആദ്ധ്യായവും വാക്യവും കണ്ടെത്താനുള്ളത് ഒരേ ഒരു ചോദ്യം മാത്രമായിരുന്നു. മുന്‍ കാലങ്ങളിലെല്ലാം ഇപ്രകാരമുള്ള 15 ചോദ്യങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. ഈ വ്യതിയാനം പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും തന്നെ പ്രത്യേകിച്ച് 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വളരെ സ്വാഗതാര്‍ഹമാണ്. കാരണം ഓര്‍മ്മക്കുറവിന്റെ നിഴലുകള്‍ പ്രകടമാകുമ്പോഴും പഠിക്കാനും പരീക്ഷ എഴുതാനും ഉത്സാഹം കാണിക്കുന്നവര്‍ക്ക് താരതമ്യേന ഓര്‍മ്മിക്കാന്‍ പ്രയാസമുള്ള അദ്ധ്യായ-വാക്യനമ്പരുകള്‍ കൂടുതലായി ഉള്‍പ്പെടുത്തിയുള്ള ചോദ്യപേപ്പര്‍ ചിലപ്പോള്‍ അസംതൃപ്തിക്കു കാരണമായേക്കാം.

സ്‌കൂള്‍, കോളേജ് തലങ്ങളില്‍ അവലംബിക്കുന്ന വിദ്യാഭ്യാസ / ചോദ്യരീതികളില്‍ നിന്നു വിഭിന്നമായി ഏതു പ്രായത്തിലുള്ളവര്‍ക്കും ബൈബിളിലുള്ള ഒരേ പാഠഭാഗങ്ങള്‍ വായിച്ചു പഠിച്ച് അവര്‍ക്കു മനസ്സിലായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുവാനുള്ള പൊതുവായ ഒരവസരം ആണ് ലോഗോസ് ക്വിസ് പരീക്ഷ. വചനഭാഗങ്ങള്‍ പഠിച്ചെഴുതുന്ന ഓരോ വ്യക്തിക്കും അവരുടെ പ്രയത്‌നത്തിന്റെ വെളിച്ചത്തില്‍ എത്ര ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും കൃത്യമായി ഓര്‍ത്തെടുക്കുവാന്‍ സാധിക്കുന്നു എന്നറിയുവാനും അതനുസരിച്ചു സംതൃപ്തി ലഭിക്കുന്നതുമാണ് ലോഗോസ് ക്വിസിന്റെ ലക്ഷ്യം.

എന്നാല്‍ ഇതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ പ്രത്യേകിച്ച് പുരുഷന്മാരുടെ എണ്ണംതുലോം കുറവാണെന്നത് ഖേദകരമായ ഒന്നാണ്. ഇതിനെ അതിജീവിക്കുവാന്‍ ഏതാനും പ്രോത്സാഹന രീതികള്‍ അവലംബിക്കാവുന്നതാണ്. ഒന്നാമതായി പരീക്ഷ നടത്തിപ്പുകാരുടെ ഭാഗത്തുനിന്ന് ചോദ്യങ്ങള്‍ കഠിനമാക്കാതെ ലളിതമായിട്ടുള്ളവ കൂടുതല്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. 2022-ലെ ചോദ്യപേപ്പര്‍ മാതൃക അനുകരിക്കാവുന്നതാണ്. മറ്റൊരു കാര്യം ഒരു പ്രോത്സാഹനം എന്ന വണ്ണം 100-ല്‍ 60 ചോദ്യങ്ങളെങ്കിലും ശരിയായി എഴുതാന്‍ സാധിച്ചവര്‍ക്ക് അവരുടെ ഇടവകയില്‍ സര്‍ട്ടിഫിക്കറ്റു നല്കുകയോ അനുമോദിക്കുകയോ ചെയ്യാവുന്നതാണ്. ഇപ്രകാരമൊക്കെ ചെയ്ത് ലോഗോസ് ക്വിസ് എന്ന വചനാധിഷ്ഠിത പഠനവും പരീക്ഷയും ഉത്സാഹത്തോടെ അഭിമുഖീകരിക്കുവാനും കൂടുതല്‍ പേരെ ഇതിലേക്കാകര്‍ഷിക്കുവാനും അതിന്റെ നല്ല ഫലങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുവാനും പ്രായഭേദമെന്യേ എല്ലാ വിശ്വാസികള്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org