ഭാഷയും ലിറ്റര്‍ജിയും

ഭാഷയും ലിറ്റര്‍ജിയും
Published on
  • ഫാ. ലൂക്ക് പൂത്തൃക്കയില്‍

ഡോ. സൂരജിന്റെ പണ്ഡിതോചിതവും മൗലിക പ്രസക്തിയുള്ളതും ആരാധനക്രമ ജീവിതമുള്ളവര്‍ക്ക് തിരിച്ചറിവ് നല്‍കുന്നതുമായ പച്ച സുവിശേഷമാണ് വെളിപാടിന്റെ ഭാഷയെക്കുറിച്ചുള്ള ലേഖനം (ലക്കം 4). ഭാഷ മനുഷ്യന് ക്രിസ്തു നല്‍കിയ വചനമാണ്. മനുഷ്യര്‍ക്കഗ്രാഹ്യമായ ഭാഷയാക്കി ലിറ്റര്‍ജിയെ മാറ്റരുത്. സീറോ മലബാര്‍ സഭ ഒറ്റപ്പെടുന്ന തിന്റെയും തളര്‍ന്നു പോകുന്നതിന്റെയും കാരണവും യേശുവില്‍ നഷ്ടപ്പെട്ട ലാവണ്യഭാഷയുടെ മേല്‍ പൗരാണികഭാഷയുടെ കടന്നു കയറ്റമാണ്.

ഒന്നാംതരം ക്രിസ്‌തോന്മുഖ ദൈവശാസ്ത്ര ലേഖനമാണിത്. വിജ്ഞാനികളില്‍ നിന്നും വിവേകികളില്‍ നിന്നും മറച്ചുവച്ച ശിശുക്കളുടെ ജ്ഞാനം ആയിരുന്നു യേശുവിന്റേത്. മത്സ്യഗന്ധമുള്ള അപ്പസ്‌തോലന്മാരില്‍ രൂപപ്പെട്ട സഭ സങ്കീര്‍ണ്ണവും നൈയാമികവും ആക്കുകയാണ് ആധുനിക സഭ. ഭാഷയും റീത്തും തലയ്ക്കുപിടിച്ച നേതൃത്വങ്ങള്‍ കുരിശിന്റെ ഭാഷയെ വിസ്മരിച്ചു.

കുരിശില്‍ ബലി അര്‍പ്പിക്കപ്പെട്ട ക്രിസ്തുവിന്റെ മേലെഴുത്ത് മൂന്നു ഭാഷകളില്‍ വച്ചത് ലോകമെങ്ങുമുള്ള മുഴുവന്‍ ഭാഷകളുടെയും അക്ഷരക്കൂട്ടും ചുരുക്കെഴുത്തും ആയിരുന്നു. കുര്‍ബാനയുടെ ഭാഷ കുരിശിന്റെ ഭാഷയാക്കാതെ ചരിത്രത്തിലെ അവശേഷിപ്പുകളുടെ പിറകെ പോകുന്നത് കുരിശിനോടുള്ള അവഹേളനമാണ്. മുമ്പോട്ട് നോക്കി യാത്ര ചെയ്യാന്‍ അറിയാത്തവര്‍ പിറകോട്ടു നോക്കി ചികഞ്ഞു നടക്കുകയാണ്.

അന്താരാഷ്ട്ര നിലവാരമുള്ള ഒരു ദൈവശാസ്ത്രജ്ഞനെ സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. പരമ്പരാഗത ദൈവശാസ്ത്രവും പൗരാണിക ചരിത്രവും കേന്ദ്രീകരിച്ച് എഴുതിയാല്‍ അത് ക്രിസ്തുഭാഷയാകില്ല. ക്ലാസിക് ഭാഷകളോടുള്ള അക്കാദമികമായ ഇഷ്ടങ്ങളെ ലിറ്റര്‍ജിയിലേക്ക് തള്ളിക്കയറ്റരുതെന്നുമാത്രം.

ഡോ. സൂരജിനെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org