
പീഡിതരോടു കരുണയുള്ള ദൈവമാണു നമ്മുടെ ദൈവം.
''കര്‍ത്താവു വീണ്ടും അരുളി ചെയ്തു: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍ നിന്ന് ഉയര്‍ന്നു വരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. ഈജിപ്തുകാരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്ന് ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതായ ഒരു ദേശത്തേക്ക് അവരെ നയിക്കാനുമാണ് ഞാന്‍ ഇറങ്ങി വന്നിരിക്കുന്നത്'' (പുറ. 3:7-8).
നിന്ദിതരും പീഡിതരുമായി ഒരു ജനത്തെ മോചിപ്പിക്കാനാണ് ദൈവം മനുഷ്യനായി അവതരിപ്പിച്ചത്. ക്രിസ്തുവിന്റെ ഈ വിമോചനദൗത്യത്തെയാണ് വിമോചന ദൈവശാസ്ത്രം എന്നു നാം വിളിക്കുന്നത്. എന്നാല്‍ ഇന്നു ്രൈകസ്തവ സമൂഹം വിമോചന ദൈവശാസ്ത്രത്തെ നിരസിക്കുന്നു. ഈ ദൈവശാസ്ത്രം ജീവിതലക്ഷ്യമായി സ്വീകരിക്കുന്നവരെ തീവ്രവിപ്‌ളവകാരികളായി ചിത്രീകരിക്കുകയും അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അടുത്തകാലത്ത് അന്തരിച്ച ഫാ. സ്റ്റാന്‍ സാമി എസ്.ജെ. വിമോചന ദൈവശാസ്ത്രത്താല്‍ പ്രചോദിതനായിരുന്നു. എന്നാല്‍ രാഷ്ട്ര മേധാവികള്‍ക്ക് അദ്ദേഹം കേവലം നക്‌സല്‍ തീവ്രവാദി ആയിരുന്നു. സമൂഹത്തില്‍ നിന്ദിതരും പീഡിതരുമായവരെ ഉദ്ധരിക്കുവാന്‍ ഉന്നത സഭാ മേധാവികള്‍ക്കും വലിയ താത്പര്യമില്ല. കോടികള്‍ മുടക്കി സാറ്റലൈറ്റ് ടിവി ചാനലുകളും ലക്ഷങ്ങള്‍ കോഴ വാങ്ങി മെഡിസിന്‍ ബിരുദം നല്കാന്‍ പണക്കാര്‍ക്കുവേണ്ടി കോളജുകള്‍ സ്ഥാപിക്കുവാനും മള്‍ട്ടി കോര്‍ വ്യവസായ മേഖലകള്‍ തുടങ്ങുവാനും താത്പര്യമുള്ള സഭാ മേലദ്ധ്യക്ഷന്മാര്‍ ഈ ദരിദ്ര രാജ്യമായ ഇന്ത്യയില്‍ ഉണ്ട്. ചില രൂപതകളില്‍ നടന്ന ഭൂമി വില്പനകള്‍ തന്നെ ഈ കാര്യങ്ങള്‍ തെളിയിക്കുന്നു. ഇടനിലക്കാര്‍ പോലും കോടികള്‍ നേടി.
അന്യന്റെ മുതല്‍ കൊള്ളയടിക്കുന്നതും അര്‍ഹതയില്ലാത്ത ദ്രവ്യം മോഹിക്കുന്നതും ഗൗരവമേറിയ കല്പനാലംഘനം തന്നെയാണ്. പത്തു കല്പനകള്‍ ശിലാലിഖിതമായി മോശയ്ക്കു നല്കുന്നതിനു മുമ്പുതന്നെ ഈജിപ്തുകാരെ വന്‍തോതില്‍ കൊള്ളയടിക്കുവാന്‍ ജനത്തോടു ദൈവം പറയുന്നതായി പുറപ്പാടു ഗ്രന്ഥത്തില്‍ വായിക്കാം.
''മോശ പറഞ്ഞതുപോലെ ഇസ്രായേല്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അവര്‍ ഈജിപ്തുകാരോട് പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. കര്‍ത്താവ് ഈജിപ്തുകാര്‍ക്ക് ഇസ്രായേല്‍ക്കാരോട് ആദരം തോന്നിച്ചതിനാല്‍ അവര്‍ ചോദിച്ചതൊക്കെ ഈജിപ്തുകാര്‍ കൊടുത്തു. അങ്ങനെ അവര്‍ ഈജിപ്തുകാരെ കൊള്ളയടിച്ചു'' (പുറ. 12:35-36).
മൂന്നു ദിവസം മരുഭൂമിയില്‍ യാത്ര ചെയ്ത് തങ്ങളുടെ ദൈവത്തെ ആരാധിക്കാന്‍ പോകുന്നു എന്നാണ് ഇസ്രായേല്‍ക്കാര്‍ ഈജിപ്തുകാരോടു പറഞ്ഞത്. പഴയ കാലത്തു പെരുന്നാള്‍ കൂടാനും കല്യാണത്തില്‍ സംബന്ധിക്കാനും പോകുന്നവര്‍ അയല്‍ക്കാരോട് ആഭരണം ഇരവു വാങ്ങുന്ന സമ്പ്രദായം നമ്മുടെയിടയിലും ഉണ്ടായിരുന്നുവല്ലോ. എന്നാല്‍ മനഃപൂര്‍വ്വം ഈജിപ്തുകാരെ ചൂഷണം ചെയ്യാന്‍ ഇസ്രായേല്‍ക്കാരെ ദൈവം അനുവദിച്ചത് അനീതിയല്ലേ എന്നു ചിന്തിക്കുന്നവരുണ്ട്. തീര്‍ച്ചയായും അത് അനീതി തന്നെ. പക്ഷേ ഈജിപ്തുകാര്‍ തുടര്‍ച്ചയായി ഇസ്രായേല്‍ക്കാരെ ചൂഷണം ചെയ്തിരുന്നു. ഇസ്രായേല്‍ ജനം ചെയ്യുന്ന കഠിന ജോലിക്ക് മതിയായ പ്രതിഫലം നല്കാതെയും അവരെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതിനാല്‍ തക്കസമയത്ത് അവരെ ചൂഷണം ചെയ്യാന്‍ ദൈവം അനുവദിക്കുകയാണു ചെയ്തത്. സാന്ദര്‍ഭികമായി അവരുടെ കൊള്ള ന്യായീകരണം അര്‍ഹിക്കുന്നു.
ലോകത്തിലെ എല്ലാ ദരിദ്ര രാജ്യങ്ങളിലും പാവങ്ങള്‍ വന്‍തോതില്‍ പീഡിപ്പിക്കപ്പെടുന്നു. യൂറോപ്പില്‍ പല രാജ്യങ്ങളിലും പാവപ്പെട്ടവര്‍ സംഘടിച്ചു വിപ്ലവം ഉണ്ടാക്കിയിട്ടുണ്ട്. പലയിടത്തും വിപ്‌ളവകാരികള്‍ നിരീശ്വരരും കമ്മ്യൂണിസ്റ്റുകാരും ആയി മാറിയെങ്കില്‍ അതിനു കാരണം ദൈവവിശ്വാസമുള്ള ക്രൈസ്തവര്‍ പാവങ്ങളുടെ രക്ഷയ്ക്കായി ഒന്നും ചെയ്തില്ല എന്നതാണ്. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍, വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനം, വിശുദ്ധ മദര്‍ തെരേസാ, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നിങ്ങനെ ചുരുക്കം ചിലര്‍ പാവങ്ങള്‍ക്കുവേണ്ടി ജീവിച്ചു. തങ്ങളുടെ പ്രചോദനം വിമോചന ദൈവശാസ്ത്രമാണെന്ന് അവരാരും തന്നെ അവകാശപ്പെട്ടില്ല. എന്നാല്‍ അവര്‍ സ്വജീവിതത്തില്‍ ക്രിസ്തുവിനെ പ്രതിനിധീകരിച്ചു എന്നതു വാസ്തവം.
കാനാന്‍ ദേശത്തു കുടിയേറിയ ഇസ്രായേല്‍ക്കാര്‍ വീണ്ടും കനാന്യര്‍, ഹിന്യര്‍, അമോര്യര്‍, പെരിസ്യര്‍, ശിവ്യര്‍, ജനകസ്വര്‍ എന്നിവരുടെ നാട്ടില്‍ കടന്ന് വിജാതികളെ നശിപ്പിക്കുകയും നാടു കൊള്ളയടിക്കുകയും ചെയ്തു. 'കൊല്ലരുത്' എന്നു കല്പിച്ച ദൈവം തന്നെ ഇപ്രകാരം കൊള്ളയ്ക്കും കൊലയ്ക്കും അനുമതി നല്കി. ദൈവത്തിന്റെ ഈ കാലോചിതമായ വീക്ഷണങ്ങളെ ന്യായീകരിക്കാന്‍ വിമോചനശാസ്ത്രം പ്രത്യേക പഠനവിഷയമാകേണ്ടിയിരിക്കുന്നു.
പാവങ്ങള്‍ക്കു നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും അതൊന്നും കാണാത്തതുപോലെ നടിച്ചുകൊണ്ട് ജനാഭിമുഖ കുര്‍ബാന നിരോധിക്കാന്‍ കല്പന പുറപ്പെടുവിക്കുന്ന ഒരു സിനഡാണ് ഇന്നു സീറോ മലബാര്‍ സഭയെ ഭരിക്കുന്നത്. പാവങ്ങളെ കരുതുന്ന ദൈവം ഇതു കാണുന്നുണ്ട് എന്ന് ആശ്വസിക്കാം. എല്ലാ അനീതിയും ഇല്ലാതാകുന്ന ഒരു നല്ല വ്യവസ്ഥിതിക്കായി കാത്തിരിക്കാം.