

ഷോൺ ഫ്രാങ്ക്ളിൻ, തൃക്കാക്കര
മനുഷ്യരെ അവരുടെ ഏത് അവസ്ഥയിലും അംഗീകരിക്കുക എന്നതിലുപരി മഹത്തരമായ ഒന്നുമില്ല. ലിംഗമാറ്റ ശസ്ത്രക്രിയകളും LGBTQ+ വിഭാഗങ്ങളുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ കത്തോലിക്ക സഭയുടെ നിലപാട് എന്താണെന്നുള്ളത് ഒരു പ്രധാന ചോദ്യമായി അവശേഷിച്ചിരുന്നു. ഇത്തരം വിഭാഗ ക്കാരോട് ആളുകൾ കാണിക്കുന്ന മോശം സമീപനത്തിലും ഭ്രഷ്ട് കൽപ്പിക്കുന്നതിലും സഭാവിശ്വാസികളും അനേകമുണ്ട്.
അത്തരം സാഹചര്യത്തിൽ സതൃദീപം കഴിഞ്ഞ ലക്കത്തിൽ “ലിംഗ മാറ്റ ശസ്ത്രക്രിയയും സഭയും” എന്ന വിഷയത്തിൽ ചർച്ച തുറന്നിട്ടത് ശ്ലാഘനീയമായ ചുവടുവയ്പ്പാണ്. ഒരുവന്റെ കുടുംബവും സർക്കാർ സംവിധാനങ്ങളുമെല്ലാം ഒന്നിച്ച് തന്റെ സ്വത്വത്തെ വീണ്ടെടുക്കാൻ തയ്യാറാകുമ്പോൾ ക്രിസ്തു അനുയായികളെന്ന് വിശേഷിപ്പിക്കുന്ന സഭാമക്കൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചോദ്യമാണ് സ്റ്റേറ്റ് ട്രാൻസ്ജെൻഡർ സെൽ പ്രോജക്ട് അസിസ്റ്റന്റായ സാൻജോ സ്റ്റീവിന്റെ ലേഖനം മുന്നോട്ടുവയ്ക്കുന്നത്.
ഒരുവൻ ആഗ്രഹിക്കുന്നത് ജീവിക്കുക, അവന്റെ സ്വത്വം അവകാശമാക്കുക എന്നതെല്ലാം ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം മുന്നോട്ടുവയ്ക്കുന്ന അവകാശമാണ്. LGBTQ+ വിഭാഗക്കാരെ സമഭാവനയോടെ കണ്ട ഫ്രാൻസിസ് മാർപാപ്പയും സഭയുടെ പ്രബോധനവുമെല്ലാം നാം ഓർക്കേണ്ടതും ചർച്ച ചെയ്യേണ്ടതും വിശ്വാസപരിശീലന ക്ലാസുകളിൽ പങ്കുവയ്ക്കേണ്ടതുമാണ്.
വിഷമിക്കുന്നവരെ ചേർത്തുപിടിക്കുകയും എല്ലാവരുടെയും അവകാശങ്ങളെ അംഗീകരിക്കുകയും ചെയുമ്പോഴാണ് ഇത്തരം വിഷമം അനുഭവിക്കുന്നവർക്ക് അവർ വിശ്വസിക്കുന്ന ദൈവത്തെ നേരിൽ കാണുവാൻ സാധിക്കുന്നതും അവരുടെ വിശ്വാസത്തിന് അർത്ഥം ഉണ്ടാകുന്നതും. ഇന്നും നാം പ്രാകൃതമായി ചിന്തിക്കുന്ന ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനുണ്ട്. സഭാ പ്രബോധനങ്ങൾ വായിച്ചും സഭാ പിതാക്കന്മാരുടെ പരാമർശങ്ങൾ ചർച്ച ചെയ്തും നാം മാറ്റങ്ങളെ അംഗീകരിക്കുന്ന ഇന്നിന്റെ ലോകത്തിൽ ജീവിക്കേണ്ടിയിരിക്കുന്നു. എല്ലാവരും പ്രത്യേകിച്ച് യുവാക്കൾ ചർച്ച ചെയ്യേണ്ട മാറ്റം അനിവാര്യമായ ഒരുപാട് വിഷയങ്ങൾ ഇനിയുള്ള ലക്കങ്ങളിലും ഉൾപ്പെടുത്തണം.