കാശ്മീരില്‍ കശാപ്പ് ചെയ്യപ്പെട്ടത് കൊലപാതകരാഷ്ട്രീയം?

തോമസ് മുളയ്ക്കല്‍, ബാംഗ്ലൂര്‍

സത്യദീപം സെപ്തംബര്‍ 25-ാം തീയതിയിലെ ലക്കത്തില്‍ "കാശ്മീരില്‍ കശാപ്പ് ചെയ്യപ്പെട്ടതു കൊലപാതകരാഷ്ട്രീയം" എന്ന തലക്കെട്ടിലുള്ള കത്തു വായിക്കാനിടയായി. ശ്രീ സി.വി. ജോസിന്‍റെ കാശ്മീരിനെക്കുറിച്ചുള്ള കത്തിനോടു ഞാന്‍ വിയോജിക്കുന്നു.

കാശ്മീരിന്‍റെ ഭൂപ്രകൃതിയും അവിടത്തെ ജനങ്ങളുടെ സംസ്കാരവും മുസ്ലീം ഭൂരിപക്ഷവും മറ്റും കണക്കിലെടുത്തു പണ്ഡിറ്റ് നെഹ്റു-ഷേക്ക് അബ്ദുള്ള പരസ്പര ധാരണയില്‍ കാശ്മീരിന് പ്രത്യേക പദവി നല്കിക്കൊണ്ട് ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഷേക്ക് അബ്ദുള്ളയുടെ രഷ്ട്രീയ നിലപാടും അന്നത്തെ സങ്കീര്‍ണമായ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ പണ്ഡിറ്റ് നെഹ്റു വിന്‍റെ തീരുമാനം തികച്ചും ശരിയായിട്ടുള്ളതായിരുന്നു. എന്നാല്‍ ഏതാണ്ട് ആറു പതിറ്റാണ്ടിനുശേഷം ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയ ഇപ്പോഴത്തെ ബിജെപി ഗവണ്‍മെന്‍റിന്‍റെ നടപടി തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാലംഘനവുമാണന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കണമെങ്കില്‍ സംസ്ഥാന നിയമ നിര്‍മാണസഭയുടെ അംഗീകാരം വേണം. അതാണു ശരിയായ ജനാധിപത്യരീതി. അതു ലംഘിച്ചുകൊണ്ടു നടത്തിയ നടപടിയെയാണു മിക്ക പ്രതിപക്ഷ പാര്‍ട്ടികളും നിയമവിദഗ്ദ്ധരും സാംസ്കാരികനായകരും നിഷ്പക്ഷ ചിന്തകരും മറ്റും ചോദ്യം ചെയ്യുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പ്രസ്തുത നടപടിക്കെതിരെ പതിനഞ്ചോളം പരാതികള്‍ സുപ്രീംകോടതിയില്‍ നിലനില്ക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിനുശേഷം (ആഗസ്റ്റ് 15) കാശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി 'കശാപ്പ് രാഷ്ട്രീയമാണോ', 'കൊലപാതകരാഷ്ട്രീയമാണോ' അതോ മനുഷ്യത്വരഹിതമായ രാഷ്ട്രീയമാണോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും.

ഇന്ത്യന്‍ ആര്‍മിയെ ഉപയോഗിച്ചു 'ഭീകരവാദത്തിന്‍റെ' പേരില്‍ അവിടത്തെ ജനങ്ങളെ വംശീയമായി അടിച്ചമര്‍ത്തുന്ന പ്രവണതയാണ് അവിടെ നടക്കുന്നതെന്ന് ഈയിടെ കാശ്മീരിലെത്തിയ ദേശീയ മഹിളാ ഫെഡറേഷന്‍ പ്രിതിനിധികള്‍ വെളിപ്പെടുത്തുകയുണ്ടായി.

കാശ്മീരിലെ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാണെന്ന് അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ബ്രീട്ടീഷ് ലേബര്‍ പാര്‍ട്ടി ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിനെതിരെ പ്രമേയം പാസ്സാക്കുകയുണ്ടായി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org