കുടുംബത്തെക്കുറിച്ചുള്ള സഭാപഠനങ്ങള്‍ക്കും ധാര്‍മ്മികമൂല്യങ്ങള്‍ക്കുമെതിരായ ഒരു ആശയം വ്യംഗമായിട്ടെങ്കിലും ലക്കം 10-ലെ എഡിറ്റോറിയല്‍ നല്കി എന്ന തെറ്റിദ്ധാരണ പരക്കാനിടയായതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയുടെ ഈ വിധിയുടെ പൊരുള്‍ എന്താണെന്നു വ്യക്തമാക്കാനാണു ചുരുങ്ങിയ വാക്കുകളില്‍ എഡിറ്റോറിയല്‍ ശ്രമിച്ചത്. ഏറെ ചിന്തിച്ചും തര്‍ക്കിച്ചും മുന്‍കാലവിധികളുടെ ചരിത്രം പഠിച്ചും സുപ്രീംകോടതി തയ്യാറാക്കിയ ഈ ഭേദഗതി നിയമം ഇതിന്‍റെ ചരിത്രപശ്ചാത്തലത്തിലും ഉദ്ദേശശുദ്ധിയിലും വേണം നാം മനസ്സിലാക്കാന്‍. മാധ്യമങ്ങളും വിവിധ സംഘടനകളും ഈ വിധിയുടെ ആഴങ്ങളിലേക്ക് ഇറങ്ങാതെയാണു വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നു സുപ്രീം കോടതി പറഞ്ഞു എന്ന പ്രസ്താവത്തിലേക്കു എത്തിച്ചേര്‍ന്നതെന്നാണു പല സീനിയര്‍ നിയമവിദഗ്ധരുമായി സംസാരിച്ചതില്‍ നിന്നു മനസ്സിലായത്.