പിതാക്കന്മാരും ആദരണീയ നാമങ്ങളും

Published on

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

സത്യദീപം ലക്കം 43, 12.6.2019-ലെ മുഖപ്രസംഗത്തിന്‍റെ തലവാചകം ഇങ്ങനെയായിരുന്നു. "മങ്കുഴിക്കരി സ്മൃതിയുടെ കാലികപ്രസക്തി." എനിക്ക് അതിലെ "മങ്കുഴിക്കരി" പ്രയോഗത്തില്‍ ഒരു അപാകത തോന്നി. അദ്ദേഹം എറണാകുളത്തായിരുന്ന കാലത്തു പൗരസമൂഹം ഏറെ ആദരിച്ച പിതാവായിരുന്നു മാര്‍ മങ്കുഴിക്കരി സെബാസ്റ്റ്യന്‍ പിതാവ്. ഈ വീട്ടു പേര് ആരെയാണു പ്രതിനിധാനം ചെയ്യുന്നത്. ആ വീട്ടുപേരില്‍ ഈ ലോകത്തില്‍ പല തരത്തിലുമുള്ള ആളുകള്‍ ഉണ്ടായേക്കാം. മാര്‍ മങ്കുഴിക്കരി സെബാസ്റ്റ്യന്‍ പിതാവ് എന്നു പറഞ്ഞാല്‍ മാത്രമേ ആധുനിക തലമുറയ്ക്ക് അത് ആരാണെന്നു മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അപ്പോഴാണ് നമ്മുടെ പിതാക്കന്മാരുടെ പേരുകളുടെ പ്രയോഗത്തിന്‍റെ അനാവശ്യകത ബോദ്ധ്യപ്പെട്ടത്. ചിലപ്പോഴെങ്കിലും ചില വീട്ടുപേരുകള്‍ കൂടെ ചേരുമ്പോള്‍ അവരുടെ ബഹുമാന്യതയ്ക്കു കോട്ടം തട്ടുന്നതായി തോന്നിയിട്ടുണ്ട്. ഉദാഹരണമായി ഒരു വീട്ടുപേര് "ചന്തപ്പറമ്പില്‍" ആയാല്‍ എങ്ങനെയായിരിക്കും അദ്ദേഹ ത്തെ വിശ്വാസികള്‍ അഭിസംബോധന ചെയ്യുന്നതും കുര്‍ബാനമദ്ധ്യേ ബഹുമാനിക്കുന്നതും. ഇപ്പോഴുള്ള ചില പിതാക്കന്മാരുടെ പേരുകള്‍ക്കും ഈ കുഴപ്പമുണ്ട് എന്നുള്ളതു ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കേരളത്തിനു പുറത്തുള്ള പല രൂപതകളിലെയും പിതാക്കന്മാര്‍ വിളിക്കപ്പെടുന്നത് അവരുടെ വീട്ടുപേരുകള്‍ ഇല്ലാതെയാണ്; വിശുദ്ധന്മാരുടെ പേരുകളോടു ചേര്‍ത്താണ്. അതു നല്ല സൗന്ദര്യം ഉളവാക്കുന്നു, ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു. ഇപ്പോള്‍ത്തന്നെ പല അച്ചന്മാരും പിതാക്കന്മാരുടെ പേരുകള്‍ വീട്ടുപേര് ഒഴിവാക്കിയാണു സ്മരിക്കുന്നത്. അതു നല്ല തീരുമാനമാണ്.

കഴിഞ്ഞ ദിവസം മെത്രാനായി സ്ഥാനാരോഹണം ചെയ്ത മലങ്കര കത്തോലിക്കാസഭയുടെ മൂവാറ്റുപുഴ രൂപതാ ബി ഷപ് റവ. ഫാ. ജോണ്‍ കൊച്ചുതുണ്ടിയില്‍ സ്വീകരിച്ച നാമം യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ് എന്നായിരുന്നു. മലങ്കര, യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളില്‍ ഈ രീതിയാണു പിന്തടരുന്നത്. അതൊരു രൂപാന്തരീകരണം തന്നെയാണ്. ഒരു പുരോഹിതനില്‍ നിന്നും പിതാവിലേക്കുള്ള മാറ്റം. വിശ്വാസികള്‍ക്ക് ഒരു വ്യത്യസ്തനായ, മാറ്റപ്പെട്ട ആളെ അതിലൂടെ കാണാന്‍ കഴിയും. നമ്മുടെ ഇപ്പോഴത്തെ പാപ്പയുടെ പേര് Jorge Mario Bergolio എന്നായിരുന്നു. അതു പോപ്പ് ഫ്രാന്‍സിസ് ആയപ്പോള്‍ ലോകത്തിനു വളരെയേറെ സ്വീകാര്യമായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org