കാലവും കണ്ണാടിയും

Published on

ജോസഫ് സി.കെ., വെണ്ണല

സത്യദീപത്തില്‍ മേയ് 15-ന് ഇറങ്ങിയ പതിപ്പില്‍ കാലവും കണ്ണാടിയും എന്ന കോളത്തില്‍ ഫാ. ജോഷി മയ്യാറ്റില്‍ എഴുതിയ കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. ശ്രീലങ്കയിലെ അരുംകൊല ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനേകമാണ്. നമ്മുടെ പ്രതികരണങ്ങള്‍ ക്രിസ്തീയമൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കുന്നതു നല്ലതുതന്നെ. പക്ഷേ, ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ലോക മനഃസാക്ഷിയുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാരതത്തിലും നമ്മളറിയാതെ പോകുന്ന അതിക്രമങ്ങള്‍ നിരവധിയാണ്. എന്നാല്‍ മതത്തിന്‍റെ പേരില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരും ധൈര്യം കാണിക്കുന്നില്ല. ഇതില്‍ സഭാനേതാക്കളുടെയും ഭരണനേതൃത്വത്തിന്‍റെയും ഇടപെടല്‍ ഉണ്ടാകുന്നില്ലെങ്കില്‍ നമ്മുടെയൊക്കെ നിലനില്പിനെത്തന്നെ ബാധിക്കുന്ന ഒരവസ്ഥ സംജാതമാകും. മതനേതാക്കന്മാരും ലോകരാഷ്ട്രത്തലവന്മാരും ഐക്യരാഷ്ട്രസംഘടനയും ഉള്‍ക്കൊണ്ട ഒരു സമൂഹം ഈ പ്രശ്നത്തിന്‍റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നമ്മള്‍ സുരക്ഷിതരാണ് എന്ന ചിന്ത നല്ലതല്ല. അക്രമം പടിവാതില്ക്കല്‍ എത്തിയ കാഴ്ചയാണു നാം കണ്ടത്. തീവ്രവാദത്തില്‍ ആകൃഷ്ടരായ ഒരുകൂട്ടം ചെറുപ്പക്കാരെ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും കണ്ടെത്താന്‍ ഒരു പ്രയാസവും അനുഭവപ്പെടാത്ത കാഴ്ചയാണു നാം കാണുന്നത്. അതുകൊണ്ടു ദുരന്തം വന്നതിനുശേഷം പ്രതികരിക്കുന്നതിനേക്കാള്‍ അതു വരാതിരിക്കുന്നതിനുള്ള കരുതലാണു പ്രധാനം. നിഷ്കരുണം വധിക്കപ്പെടുന്ന ക്രൈസ്തവരുടെ രക്തം നമ്മോട് ആവശ്യപ്പെടുന്നത് അതാണ്.

logo
Sathyadeepam Online
www.sathyadeepam.org