തനി നാടന്‍ ബൂളകള്‍

Published on

ജോണ്‍ മാത്യു കാട്ടുകല്ലില്‍ തിരുവനന്തപുരം

കത്തോലിക്കരായ മലയാളി മാതാപിതാക്കള്‍ക്കു ജനിച്ച ചില അതിബുദ്ധിമാന്മാരും അതിബുദ്ധിമതികളുമായ പരിഷ്കാരികള്‍ തിരുസ്സഭാഗാത്രത്തെ നേരിട്ടു കു ത്തിക്കൊല്ലാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍, നക്കിക്കൊല്ലല്‍ ശ്രമവുമായി ഇറങ്ങിയിട്ടുണ്ട്. അതിനവര്‍ ആയുധമാക്കിയിരിക്കുന്നതു സാമൂഹ്യമാധ്യമങ്ങളെയാണ്. അതിനുള്ള ഉത്തമോദാഹരണമാണു മാര്‍പാപ്പയുടെ പേരില്‍ എന്ന വ്യാജേന ഇറങ്ങുന്ന ഉദ്ബോധനങ്ങള്‍. ഫ്രാന്‍സിസ് പാപ്പ തികഞ്ഞ ജനകീയനാണെന്നുള്ളതാണ് ഇതിനുവേണ്ടി ഇക്കൂട്ടര്‍ മറയാക്കുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അപ്രകാരമൊന്നു കാണുവാനിടയായി. അതിന്‍റെ ചുരുക്കം ഇതാണ്: ദിവ്യബലി കര്‍ത്താവിന്‍റെ ദാനമാണ്. അതിനാല്‍ സൗജന്യമായി വിശ്വാസികള്‍ക്കു നല്കേണ്ടതാണ്. അതു പണം വാങ്ങി കച്ചവടം ചെയ്യാന്‍ പാടില്ല. പ്രഥമ ശ്രവണത്തില്‍ എത്ര മധുരമനോഹരം! സത്യമോ? സാര്‍വത്രികസഭയില്‍ ഒരു പുരോഹിതനും വി. കുര്‍ബാന കച്ചവടം ചെയ്യുന്നില്ല. വി. കുര്‍ബാനയുടെ നിയോഗം എഴുതിക്കൊടുത്താല്‍ കുര്‍ബാന ചൊല്ലിയിരിക്കും; അത്രതന്നെ. അതെങ്ങനെ കച്ചവടമാകും? ഉത്തരവാദിത്വപ്പെട്ട പത്ര-ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു വാര്‍ത്തയും മാര്‍പാപ്പയുടെ പേരില്‍ എന്ന വ്യാജേന ലഭിക്കുന്നുണ്ടെങ്കില്‍ സത്യവിശ്വാസികള്‍ അവ അവഗണിക്കുക.

logo
Sathyadeepam Online
www.sathyadeepam.org