പിഴുതെറിയപ്പെടേണ്ട കുരിശുമലയിലെ വന്‍കുരിശുകള്‍

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, തൃശൂര്‍

ഓരോ വര്‍ഷവും മല കയറുമ്പോള്‍ കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ തടി വെട്ടിയൊരുക്കി കുരിശാകൃതിയിലാക്കി ഒരു വേള ഇടവക പളളിയില്‍ നിന്നോ, മറുവേള മലയടിവാരത്തു നിന്നോ സംവഹിക്കുന്ന കാഴ്ച മലയാറ്റൂരില്‍ ഇപ്പോള്‍ പതിവു കാഴ്ചകളിലൊന്നാണ്. വന്ന് വന്ന് ഈ കുരിശു ചുമക്കല്‍ ഒരുതരം തരം താണ ശക്തിപ്രകടനമായിത്തന്നെ മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ കുരിശാണീ വര്‍ഷത്തെയെന്നും ഇവിടെയുള്ളതില്‍ വച്ച് ഏറ്റവും വലിയ കുരിശാണ് നമ്മുടെ ഇടവകയിലേതെന്നുമുള്ള അടക്കം പറച്ചിലുകള്‍ക്കും മലമുടി ഇപ്പോള്‍ മൂകസാക്ഷിയാണ്.

പ്രകൃതിയെ സംബന്ധിച്ച, സസ്യലതാദികളെ സംബന്ധിച്ച പരിശുദ്ധ പിതാവിന്‍റെ പ്രബോധനങ്ങളെയൊക്കെ അപ്പാടെ കാറ്റില്‍ പറത്തുന്ന ഈ വെട്ടിയൊരുക്കിയ പച്ച മരക്കുരിശുകള്‍ സമൂഹത്തിന്, വിശ്വാസത്തിന് നല്‍കുന്ന പാഠം വിപരീതമെങ്കില്‍ എന്തുകൊണ്ട് നമുക്കിത് നിര്‍ത്തിക്കൂടാ? നാട്ടില്‍ കിട്ടാവുന്ന വന്‍ മരം വെട്ടിയൊരുക്കി തയ്യാറാക്കുന്ന ഏറ്റവും വലിയ കുരിശ്, കഷ്ടപ്പെട്ട് ചുമന്നു മുകളില്‍ എത്തിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗത്തില്‍ സപ്രമഞ്ചമൊരുക്കുമെന്ന് പ്രബോധനങ്ങളിലെവിടെയും കേട്ടു കേള്‍വിയുമില്ല.

മറ്റുള്ളവര്‍ക്കു ദ്രോഹമില്ലാത്ത ആചാരമല്ലേ, എന്തിനെതിര്‍ത്ത് ദേഷ്യം പിടിച്ചുപറ്റണം? എന്ന് ചോദിക്കുന്നവരോട് ഇത്തരം ദുരാചാരങ്ങളെ നിയന്ത്രിക്കാന്‍ ഇനിയും നാം തയ്യാറായില്ലെങ്കില്‍ ഇപ്പോഴത്തെ ആഘോഷമായ കുരിശെഴുന്നള്ളിപ്പ് കഴിഞ്ഞു, മുള്‍ക്കിരീടം വെയ്ക്കലും ചാട്ടവാറടിയും തുടങ്ങുന്ന കാലം അതിവിദൂരത്താകില്ല.

തുള്ളലിനെയും തുലാഭാരമുള്‍പ്പടെയുള്ള നേര്‍ച്ച കാഴ്ചകളെയും എന്തിനേറെ, വര്‍ദ്ധിച്ചുവരുന്ന ഊട്ടുനേര്‍ച്ച സദ്യകളെപ്പോലും നിയന്ത്രിക്കാന്‍ ആര്‍ജ്ജവം കാണിച്ചിട്ടുള്ള സഭാനേതൃത്വം, ഈ വന്‍ മരകുരിശു ചുമക്കലിനെ തള്ളിപ്പറയാനും വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്താനുമുള്ള ആര്‍ജ്ജവം കാണിക്കാന്‍ വൈകരുത്.

സാധിതമെങ്കില്‍ വരും വര്‍ഷങ്ങളില്‍ നമുക്കൊന്നു മാറി ചിന്തിച്ചുകൂടേ? വന്‍മരം പിഴുതെടുത്ത് കുരിശാക്കി ചുമക്കുന്ന ഇത്തരം പ്രകൃതി ദ്രോഹ ആചാരങ്ങള്‍ക്കപ്പുറത്ത് അവിടെ നടാനായി കയ്യില്‍ ഒരു ചെടിയോ ഒരു വിത്തോ കരുതുക. കാല്‍നടയായി നടന്നുവരുന്ന വീതിയുള്ള റോഡരികിലോ, മലയ്ക്കരികിലോ നട്ടാല്‍ അതു വരുന്ന തലമുറയ്ക്ക് നാം നല്‍കുന്ന വലിയൊരു പാഠവും നന്മയും അനു ഗ്രഹവുമായി തീരുമെ ന്നോര്‍ക്കുക. ജൂണ്‍ 5-ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒട്ടുമിക്ക സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യുന്ന കേവലം പ്രകടനപരതയ്ക്കു വേണ്ടിയുള്ള അഭ്യാസമാകാതെ ലൗ ദാത്തോ സി യുടെ യഥാര്‍ത്ഥ ചൈതന്യം നമ്മുടെ പ്രവൃത്തികളിലൂടെ നമുക്കാര്‍ജ്ജിച്ചെടുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org