സൂനഹദോസ് എന്ന നാണയത്തിന്‍റെ മറുപുറം

ദേവസ്സിക്കുട്ടി പടയാട്ടില്‍ കാഞ്ഞൂര്‍

ഉദയംപേരൂര്‍ സൂനഹദോസിനു കാനോന്‍ നിയമമനുസരിച്ച് അന്നത്തെ മാര്‍പാപ്പയായ ക്ലമന്‍റ് പാപ്പയില്‍ നിന്ന് അനുമതി കിട്ടിയിട്ടില്ല. സൂനഹദോസിന്‍റെ തീരുമാനങ്ങള്‍ മാര്‍പാപ്പ അംഗീകരിച്ചതിനു തെളിവില്ല. പിന്നീടു മെത്രാനായ ഫാ. റോസും പോര്‍ട്ടുഗീസ് മതപണ്ഡിതന്മാര്‍ വരെ സൂനഹദോസിനു എതിരെ മാര്‍പാപ്പയ്ക്കു പരാതി നല്‍കിയിരുന്നു.

ഉദയംപേരൂര്‍ സൂനഹദോസിനെ തുടര്‍ന്നു പാഷണ്ഡതയുടെ പേരു പറഞ്ഞു സഭയിലാകെ ഒരു ശുദ്ധീകരണം നടന്നു. സുറിയാനി റീത്തിനെയും ഭാഷയെയും നശിപ്പിക്കാന്‍ തുടങ്ങി. ഗ്രന്ഥങ്ങളും രേഖകളും തീയിട്ടു നശിപ്പിച്ചു. വരാപ്പുഴയില്‍ വാണിരുന്ന സാലസ് മെത്രാനെ സ്ഥാനഭ്രഷ്ടനാക്കി. കല്‍ദായ പാത്രീയര്‍ക്കീസിന്‍റെ നേതൃത്വത്തിലുള്ള സഭാഭരണം അവസാനിപ്പിച്ചു.

അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും കദിന, കുടകള്‍, ആനവട്ട വെഞ്ചാമരം, ആനകള്‍ എന്നിവയെല്ലാം പരസ്പരം കൈമാറുമായിരുന്നു. സൂനഹദോസിനുശേഷം മതസൗഹാര്‍ദ്ദപരമായ ഐക്യത്തിനും യോജിപ്പിനും വലിയ വിള്ളലുണ്ടായി.

ആരാധനക്രമങ്ങളും ആരാധനഭാഷയും, സഭാ നിയമങ്ങളും പിച്ചിചീന്തി കാറ്റില്‍ പറത്തി. അങ്കമാലി രൂപത ഇല്ലാതാക്കി. ഇടപ്പള്ളി, മലയാറ്റൂര്‍ എന്നീ പള്ളികളിലെ ബഹു. വൈദികര്‍ ഇവരുടെ പീഡനത്തില്‍ രക്തസാക്ഷികളായി. അങ്ങനെ ഒന്നിനു പിറകെ ഒന്നായി ഉരുണ്ടുകൂടിയ വികാരങ്ങള്‍ പൊട്ടിത്തെറിച്ച് 1653-ല്‍ സഭയെ രണ്ടായി വെട്ടിമുറിക്കാന്‍ ഇടവരുത്തി. അഭിവന്ദ്യ ളൂവീസ് പഴേപറമ്പില്‍ മെത്രാനെപ്പോലുള്ള ഏഴു പേരെ സഭയില്‍ നിന്നും പുറത്താക്കി. വിദേശാധിപത്യത്തിനെതിരെയും സഭയില്‍ സ്വയംഭരണാവകാശത്തിനു വേണ്ടിയും അങ്കമാലി പടിയോല പോലുള്ള പോരാട്ടങ്ങള്‍ നടന്നു.

ജനാധിപത്യ വിരുദ്ധമായി വിശ്വാസികളില്‍ അടിച്ചേല്പിച്ച സൂനഹദോസിനെ സംബദ്ധിച്ചു നാടുനീളെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അങ്ങനെയുള്ള ഒരു സംഭവത്തെ വെള്ള പൂശാനും സമൂഹത്തിന്‍റെ മുന്നില്‍ സല്‍പേരിനും വേണ്ടി സൂനഹദോസു കഴിഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം പോര്‍ട്ടുഗീസുകാരനായ ആന്‍റോണിയോ ദിഗുവയ്യ എന്ന ചരിത്രകാരന്‍ സൂനഹദോസിനെ പാടിപ്പുകഴ്ത്തി ജോര്‍ണാദയില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ മനുഷ്യന്‍ കേരളത്തില്‍ വന്നിട്ടില്ലെന്നും കേരളം കണ്ടിട്ടില്ലെന്നും ആരോ പറഞ്ഞതു കേട്ടു പോര്‍ട്ടുഗലില്‍ ഇരുന്നു കൊണ്ടു സൂനഹദോസിനെ പ്രകീര്‍ത്തിക്കാന്‍ ഉണ്ടാക്കിയ ഒരു രേഖയാണതെന്നും അഭിപ്രായമുണ്ട്.

പേര്‍ഷ്യക്കാരനായ മാര്‍ അബ്രാഹത്തിന്‍റെ ഭരണത്തിലും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. മാര്‍ എബ്രാഹം ഇന്ത്യയുടെ മെത്രാനായി അങ്കമാലിയിലാണ് വാണിരുന്നത്. അദ്ദേഹത്തെ അടക്കം ചെയ്തതും അങ്കമാലി പള്ളിയിലാണ്. അന്ധമായ സുറിയാനി ഭാഷയോടും സുറിയാനി റീത്തിനോടുമുള്ള വിരോധം കൊണ്ടും ലത്തീന്‍ ഭാഷ അടിച്ചേല്പിക്കാനുമുള്ള ആവേശംകൊണ്ടുമാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. നെസ്തോറിയന്‍ പാഷണ്ഡതയുടെ പേരു പറഞ്ഞ് ഒരു ശുദ്ധി കലശമാണ് ഉദയംപേരൂര്‍ സൂനഹദോസില്‍ നടന്നത്.

നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദൈവജനം എന്നും തയ്യാറായിട്ടുണ്ട് അതിനോടൊപ്പം അടിച്ചമര്‍ത്തലിന് എതിരെ പടപൊരുതാനും പുറകോട്ടില്ല മുന്നോട്ടു തന്നെയാണെന്ന സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം തെളിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org