പിതൃദിനം

സി.ജെ. ജോസ്, തൊയക്കാവ്

ജനിച്ച കുഞ്ഞില്‍നിന്ന് ആദ്യം വരുന്ന വാക്ക് അമ്മ എന്നാണെങ്കിലും അമ്മയ്ക്കു പിന്നില്‍ മറ്റൊരു ശക്തിയുണ്ടെന്ന കാര്യം എല്ലാവരും മറക്കുന്നു, അവഗണിക്കുന്നു; അതാണച്ഛന്‍. അവഗണിക്കപ്പെടേണ്ടതാണോ അച്ഛന്‍? അല്ല. പക്ഷേ, അവഗണിക്കപ്പെടുന്നു എന്നതല്ലേ സത്യം? തനിക്കു ജന്മം നല്കിയ അച്ഛന്‍ – തങ്ങളുടെ സ്വൈര്യജീവിതത്തിനുവേണ്ടി സുഖസൗകര്യങ്ങള്‍ക്കുവേണ്ടി സ്വന്തം സുഖവും ജീവിതവും മറന്നു രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യന്‍ – മക്കളെക്കുറിച്ചു കടലോളം സ്നേഹം പുറത്തു കാണിക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന അച്ഛന്‍ – സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തനാക്കിയ അച്ഛന്‍ – സ്വന്തം ദുഃഖദുരിതങ്ങള്‍ മക്കള്‍ അനുഭവിക്കാതെ തന്നേക്കാള്‍ ഉന്നതിയിലെത്തിക്കാന്‍ കഷ്ടപ്പെടുന്ന അച്ഛന്‍ – തെറ്റുകള്‍ക്കു നേരെ ശബ്ദമുയര്‍ത്തി ശകാരിക്കുകയും ഉറങ്ങുമ്പോള്‍ അരികില്‍ വന്നു തന്‍റെ നെറ്റിയില്‍ ചുംബിക്കുന്ന അച്ഛന്‍ – അമ്മ വിളമ്പുന്ന രുചിയുള്ള ആഹാരം കഴിക്കുമ്പോള്‍ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുമ്പോള്‍ അവ ലഭിക്കാനായി വിയര്‍പ്പൊഴുക്കുന്ന അച്ഛന്‍ – എന്നിട്ടും പോരായ്മകളുടെ ഭാണ്ഡക്കെട്ടഴിച്ചു കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും കേട്ടു നിശ്ശബ്ദമായി പുഞ്ചിരിച്ചു നില്ക്കുന്ന അച്ഛന്‍ – ആ നീറുന്ന മനസ്സ് കാണാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ? ഇതിന്അപവാദമായി വിരലിലെണ്ണാവുന്ന അച്ഛന്മാരും ഉണ്ടായിരിക്കാം. ഇതൊക്കെ അച്ഛന്‍റെ കടമകളാണെന്നു വിധിയെഴുതി സ്വയം ന്യായീകരിക്കുന്ന, അവകാശപ്പെടുന്ന മക്കള്‍. എങ്കിലും അച്ഛനെ ആദരിക്കുന്നവര്‍ക്കും അംഗീകരിക്കുന്നവര്‍ക്കും വംശനാശം പൂര്‍ണമായി സംഭവിച്ചിട്ടില്ലെന്നു സമാധാനിക്കാം. അമ്മയോട് ആദരവ് അനിവാര്യമാണെന്നതുപോലെ അച്ഛനും ആദരവിനര്‍ഹനാണെന്ന്അംഗീകരിക്കാതിരിക്കാനാവില്ല. പിതൃദിനം എന്ന ഒരു ചടങ്ങില്‍ ഒതുങ്ങിനില്ക്കുന്നതല്ല അച്ഛന്‍റെ മഹത്ത്വം.

പിതാവാണു കുടുംബത്തിന്‍റെ തലവനെന്ന ആപ്തവാക്യം കാലഹരണപ്പെട്ടു തുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ തന്നെ അതംഗീകരിച്ചിരിക്കുന്നു. കുടുംബനാഥന്‍റെ സ്ഥാനത്തു സര്‍ക്കാര്‍ രേഖകളില്‍ കുടുംബനാഥ സ്ഥാനം പിടിച്ചിരിക്കുന്നു. പിതൃത്വം, മാതൃത്വംപോലെ പാവനമായ കാര്യംതന്നെയാണെങ്കിലും പിതാവിനോടുള്ള പരിഗണന പലപ്പോഴും അവഗണനയായി മാറുന്ന അവസ്ഥയായി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നിഷേധിക്കാനാവില്ല. തിരുക്കുടുംബത്തിന്‍റെ തലവനായ യൗസേപ്പിതാവിനും വിശുദ്ധ ഗ്രന്ഥത്തില്‍പ്പോലും അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടുണ്ടോയെന്ന സംശയം ചിലര്‍ക്കെങ്കിലും ഇല്ലാതില്ല. ദിവ്യബലിയില്‍ അടുത്തയിടെയായി വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമംകൂടി ഉള്‍പ്പെടുത്തി കാണുന്നത് ഉചിതമായിരിക്കുന്നു. ഏതൊരാളും പ്രത്യേകിച്ചു സ്ഥാനമാനങ്ങളിലിരിക്കുന്ന ഉന്നത വ്യക്തികള്‍ സ്വന്തം മാതാവിനെ മാത്രം മഹത്ത്വവത്കരിച്ചുകൊണ്ടു സംസാരിക്കുന്നതു കേള്‍ക്കാം. മതനേതാക്കളും അതില്‍ ഒട്ടും പുറകിലല്ല.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org