സ്തുതിപറഞ്ഞ് ഇവരെ വീര്‍പ്പുമുട്ടിക്കുന്നു

ബോബി പാണാട്ട്, മുട്ടം, ചേര്‍ത്തല

ജീവിതത്തില്‍ സ്തുതികള്‍ മേടിച്ചു കൂട്ടുന്നവരാണ് നമ്മുടെ ബഹുമാനപ്പെട്ട വൈദികര്‍. തിരുപ്പട്ടം മുതല്‍ മരണം വരെ കൊച്ചുകുട്ടികള്‍ മുതല്‍ പടുവൃദ്ധന്മാര്‍ വരെ സ്തുതിപറഞ്ഞു ഇവരെ വീര്‍പ്പുമുട്ടിക്കുന്നു. ഇതു നല്ല ഫലത്തിന് പകരം നമ്മുടെ വൈദികരില്‍ ആത്മീയ ജീര്‍ണതയ്ക്കും അധികാര മനോഭാവ വളര്‍ച്ചയ്ക്കും കരണമാകുന്നുണ്ടോ എന്ന് വിശകലനം ചെയ്യേണ്ടതാണ്.

സ്നേഹപരിലാളനകള്‍ നല്‍കുന്നവര്‍ പലപ്പോഴും സ്വന്തം കാര്യങ്ങള്‍ നേടാനും നേട്ടങ്ങള്‍ കൊയ്യാനും അവരുടെ ചെയ്തികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് പലപ്പോഴും വൈദികര്‍ തിരിച്ചറിയാറില്ല ഒരിക്കലും മാറ്റാന്‍ സാധ്യമല്ലാത്ത ജീവിത സാഹചര്യങ്ങളും അതില്‍ നിന്ന് ഉണ്ടാകുന്ന ജീവിതപ്രശ്നങ്ങളും ജീവിതം നല്‍കുന്ന യാഥാര്‍ഥ്യങ്ങളും ബോധ്യങ്ങളുമായി അനുദിനം പ്രശ്നങ്ങളെ അഭിമുഖികരിച്ചു മുന്നോട്ട് പോകുന്ന അല്മായരില്‍നിന്നും വിഭിന്നമായി രണ്ടോ മൂന്നോ വര്‍ഷത്തെ ഇടവക ഭരണ സാഹചര്യങ്ങളും, അവിടെ ഉണ്ടാകുന്ന പ്രതിസന്ധികളില്‍ നിന്നും മറ്റ് ഇടവകളിലേക്കോ മറ്റു ഉത്തരവാദിത്വങ്ങളിലേക്കോ സാഹചര്യങ്ങളിലേക്കോ അവസരങ്ങളിലേക്കോ പറിച്ചുമാറ്റപ്പെടാന്‍ ഭാഗ്യമുള്ള വൈദികര്‍ സാഹചര്യങ്ങള്‍ വെച്ചുമാറാന്‍ സാധിക്കാത്ത അല്മായരെ ഉപദേശിക്കുന്നതോടൊപ്പം അവരില്‍നിന്നും പഠിക്കുകയും സാമൂഹ്യ, മാനസിക ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കുകയുമാണ് വേണ്ടത്.

സ്തുതിപാഠകര്‍തന്നെ പ്രലോഭനങ്ങളില്‍ വീഴ്ത്തുന്നവരും അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാതെ വരുമ്പോള്‍ കെണി ഒരുക്കി വീഴ്ത്തുന്നവരുമാകും എന്നത് ഒരു വസ്തുതയാണ്, ആനുകാലിക സംഭവങ്ങളില്‍ നിന്നും ഇതു വായിച്ചെടുക്കാവുന്നതുമാണ്. അധികാര ഭാവങ്ങളില്‍ നിന്നും ഭൗതിക വ്യഗ്രതകളില്‍ നിന്നും മാറി തന്നെ സ്നേഹിക്കാതെ സുഖിപ്പിക്കാതെ ആയിരിക്കുന്ന സാധാരണ ഇടവക ജനങ്ങളിലേക്ക് വൈദികര്‍ തിരിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org