പഠനാര്‍ഹമായ വിശകലനം

Published on

അഡ്വ. തോമസ് താളനാനി, ചേര്‍ത്തല

സത്യദീപം വാരികയുടെ ജൂലൈ 3-ാം തീയതിയിലെ പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന റവ. ഡോ. പയസ് മലേക്കണ്ടത്തിലിന്‍റെ "തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടുണ്ടോ?" എന്ന ദീര്‍ഘമായ ലേഖനം പല ആവര്‍ത്തി വായിക്കുകയുണ്ടായി. വായിക്കുംതോറും നമ്മുടെ പിതാവായ തോമാശ്ലീഹായെക്കുറിച്ചുള്ള ജ്വലിക്കുന്ന ചിന്തകളാണു വായനക്കാര്‍ക്ക് അനുഭവപ്പെടുക. തോമാശ്ലീഹാ വിശ്വാസിയാണോ തൊട്ടുവിശ്വാസിയാണോ അഥവാ അവിശ്വാസിയായിരുന്നോ തുടങ്ങിയ തര്‍ക്കങ്ങളും ചര്‍ച്ചകളും സജീവമായി ഇന്നും നിലകൊള്ളുന്നു. ഈ കാലയളവില്‍ സത്യാന്വേഷിയായ ഒരു ചരിത്രാദ്ധ്യാപകന്‍റെ സൂക്ഷ്മതയോടും വിശകലനബുദ്ധിയോടും വിഷയം പഠനാര്‍ഹമായ രീതിയില്‍ അവതരിപ്പിക്കാന്‍ ബഹുമാന്യനായ ലേഖകനു സാധിച്ചു.

യേശുക്രിസ്തുവിനു നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന ശ്രീ ബുദ്ധനെയും സോക്രട്ടീസിനെയും മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന ചാണക്യനെയും സംബന്ധിച്ച് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാണെന്നും എന്നാല്‍ യേശുക്രിസ്തുവിന്‍റെ ജനനവും ജീവിതവും മറ്റും ഇന്നും ചരിത്രപരമായി സംശയലേശമെന്യേ തെളിയിക്കപ്പെട്ടിട്ടില്ലെന്നു വാദിക്കുന്ന അനേകര്‍ 'നാമധാരികളായ വിശ്വാസികളുടെ' ഇടയിലുണ്ട്. യേശുവിനും അനേകം നൂറ്റാണ്ടുകള്‍ക്കുമുമ്പു ഈജിപ്തില്‍ ജീവിച്ചിരുന്നു എന്ന് ആരോപിക്കപ്പെടുന്ന 'ഹോറസ്' ആണു യേശു സങ്കല്പത്തിന്നാധാരമെന്നു ബോധപൂര്‍വം പ്രചരിപ്പിക്കുന്ന അനേകരുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ആയത് അംഗീകരിച്ചുവെന്നുവരെ പറഞ്ഞുവരുന്നവരെ നവമാധ്യമങ്ങളില്‍ കാണാന്‍ കഴിയും.

ബൈബിളിനെക്കുറിച്ചുള്ള അബദ്ധജടിലമായ വ്യാഖ്യാനങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്രകാരമുള്ള സിദ്ധാന്തങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ സഹായിക്കുന്ന കൂടുതല്‍ രചനകള്‍ ഇന്നിന്‍റെ ആവശ്യമാണ്. പൗലോസ് അപ്പസ്തോലനോടു ചേര്‍ന്നു 'ദൈവത്തിന്‍റെ സമ്പത്തിന്‍റെയും ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും ആഴം' (റോമ. 11:33) അംഗീകരിക്കാനുള്ള വിവകമാണ് ഏറ്റവും അത്യന്താപേക്ഷിതമായിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org