സഭയെ ജനാഭിമുഖമാക്കാന്‍ മെത്രാന്‍ സിനഡ് നിശ്ചയിക്കട്ടെ

സഭയെ ജനാഭിമുഖമാക്കാന്‍ മെത്രാന്‍ സിനഡ് നിശ്ചയിക്കട്ടെ
Published on

'സഭ ജനാഭിമുഖമാകണം' എന്ന സത്യദീപം എഡിറ്റോറിയല്‍ (ജൂലൈ 28) പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണമെങ്കില്‍ മെത്രാന്‍ സിനഡ് തീരുമാനിക്കേണ്ടതാണ്. സഭയുടെ ഐക്യത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള പരിശുദ്ധാത്മാവിന്റെ ഈ പ്രചോദനം ഹൃദയവിശാലതയോടെ ഉള്‍ക്കൊള്ളാനും നടപ്പിലാക്കാനും മെത്രാന്‍ സിനഡ് പ്രാര്‍ത്ഥനാപൂര്‍വ്വം നിശ്ചയിക്കേണ്ടിയിരിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഇക്കാര്യം ഓശാനയുടെ പത്രാധിപരായ ജോസഫ് പുലിക്കുന്നേല്‍ പലവട്ടം പ്രസ്താവിച്ചിട്ടുള്ളതാണ്. സത്യദീപം എഡിറ്റോറിയല്‍ വായിച്ചപ്പോള്‍ അക്കാര്യം എന്റെ ഓര്‍മ്മയില്‍ വരികയായിരുന്നു.
സത്യദീപം എഡിറ്റോറിയല്‍ ഏതാനും അല്‍മായരോ വൈദികരോ വായിച്ചതുകൊണ്ടായില്ല. എല്ലാ മെത്രാന്മാരും വായിക്കേണ്ടതാണ്. സിനഡില്‍ അത് അജണ്ടയാക്കണം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വപ്നമാണിത്. എഡിറ്റോറിയല്‍ അത് വെളിപ്പെടുത്തുന്നുണ്ട്. ഒരുമിച്ചുള്ള നടത്തം വ്യത്യസ്തതകളെയും ഭിന്നാഭിപ്രായങ്ങളെയും ഭയപ്പെടേണ്ടതില്ല. ഒന്നും അടിച്ചേല്‍പ്പിക്കാതെയും ആധിപത്യത്തിന്റെ വൈരഭാഷ ഒഴിവാക്കിയും സിനഡ് നടത്തിയാലേ യഥാര്‍ത്ഥ സിനഡാലിറ്റിയുടെ അഭിഷേകം സഭയ്ക്കുണ്ടാവുകയുള്ളൂ. ദൈവജനത്തെ കേട്ടു തുടങ്ങുന്നിടത്തു മാത്രമാണ് സിനഡാലിറ്റി തുടങ്ങുന്നത്. എല്ലാവരെയും ബാധിക്കുന്നത് എല്ലാവരാലും ചര്‍ച്ച ചെയ്യപ്പെടണം. എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടിയ ഇക്കാര്യങ്ങള്‍ മെത്രാന്മാരുടെ ചെവികളിലെത്തണം. അടുത്ത സിനഡിലെ അജണ്ടയാക്കട്ടെ. മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. തുടര്‍ന്നുള്ള സിനഡുകളില്‍ വോട്ടവകാശത്തോടെയുള്ള അല്‍മായ-വൈദിക-സന്യസ്ത പങ്കാളിത്തം ഉറപ്പാക്കാനാകട്ടെ.

ഫാ. ഡേവിസ് കാച്ചപ്പിള്ളി സി.എം.ഐ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org