കത്തോലിക്കാ ദൈവത്തിന്റെ കുറവെന്താണ്?

Published on
  • ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍

ആരുടെ മുമ്പിലും അഭിപ്രായങ്ങളും നിലപാടുകളും നിര്‍ഭയമായി വെട്ടിത്തുറന്നു പറയുന്ന ഫാ. ഡോ. വിന്‍സെന്റ് കുണ്ടുകുളം അച്ചന്റെ 'ആരോപണവിധേയനായ പാപ്പ' എന്ന സത്യദീപത്തിലെ ലേഖനത്തില്‍ 'എന്റെ ദൈവം കത്തോലിക്കനല്ല' എന്ന ഫ്രാന്‍സിസ് പാപ്പയുടെ തുറന്നു പറച്ചില്‍ വിശ്വാസികളിലും പൊതുസമൂഹത്തിലും ഇടര്‍ച്ചയുണ്ടാക്കുന്നതും രണ്ടായിരം വര്‍ഷത്തെ സഭയുടെ ദൈവാവബോധ പ്രബോധനങ്ങളെ കുളമാക്കുന്നതുമാണെന്നാണ് എളിയവനായ ഈയുള്ളവന്റെ നിലപാട്.

ദൈവവിശ്വാസിയല്ലാത്ത സോഷ്യലിസ്റ്റും മതേതരവാദിയും ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ 'ല റിപ്പബ്ലിക്ക'യുടെ സ്ഥാപക പത്രാധിപരുമായ യൂജീനിയോ സ്‌കാലഫാരിയുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിലാണ് ഈ പ്രസ്താവന നടത്തിയതെന്നുകൂടി വിശ്വാസികള്‍ കൂട്ടിവായിക്കണം.

താങ്കള്‍ എന്തിലാണ് വിശ്വസിക്കുന്നതെന്ന പാപ്പയുടെ ചോദ്യത്തിന് യൂജീനിയോ ഞാന്‍ അസ്തിത്വത്തിലാണ് വിശ്വസിക്കുന്നത് എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ പാപ്പ ''ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്. കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല.

ഞാന്‍ യേശുവിലും അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബാ പിതാവ് പ്രകാശവും സ്രഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം. നമ്മള്‍ തമ്മില്‍ വളരെ അകലമുണ്ടെന്ന് തോന്നുന്നുണ്ടോ?''

എന്റെ ദൈവം കത്തോലിക്കനല്ല എന്ന് ഫ്രാന്‍സിസ് പാപ്പ പറയുമ്പോള്‍ ദൈവത്തില്‍ നിന്ന് വന്ന ദൈവം തന്നെയായ യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തെയാണ് പാപ്പ തള്ളിപ്പറയുന്നതെന്ന് നാം തിരിച്ചറിയണം. ദൈവത്തെപ്പറ്റി യേശുക്രിസ്തുവിനേക്കാള്‍ ആധികാരികമായി പറയാന്‍ ഭൂമുഖത്ത് ആരും ഉണ്ടായിട്ടില്ലെന്ന ലളിതസത്യം ആരായാലും ഒരിക്കലും മറക്കരുത്.

വഴിയും സത്യവും ജീവനും ഞാനാണെന്ന് യേശുവല്ലാതെ മറ്റാരും ഈ ഭൂമുഖത്ത് അവകാശപ്പെട്ടിട്ടില്ല. ''ലോകത്തിന്റെ പ്രകാശമായി വര്‍ത്തിച്ച സത്യദൈവമായ യേശുവിനെ ഉദ്‌ഘോഷിക്കുക എന്നതു മാത്രമാണ് സഭയുടെ ദൗത്യമെന്ന് ഉറച്ചുവിശ്വസിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പ്രബോധനം നമ്മള്‍ മറക്കരുത്.''

'കാതോലികം' എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്നതു തന്നെ സര്‍വതിനേയും ആശ്ലേഷിപ്പിക്കുന്നത് എന്നാണ്. അപ്പോള്‍ യേശുവും സഭയും സുവിശേഷവും വെളിപ്പെടുത്തിയ ദൈവത്തില്‍ എല്ലാ ദൈവഭാവങ്ങള്‍ക്കും അര്‍ഹമായ ഇടമുണ്ട്.

ആഥന്‍സുകാരോട് നിങ്ങള്‍ ആരാധിക്കുന്ന അജ്ഞാതദൈവവും ഞങ്ങള്‍ അനുഭവിച്ചറിഞ്ഞ പ്രഘോഷിക്കുന്ന ജ്ഞാതദൈവവും ഒന്നുതന്നെയാണെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ സത്യത്തോട് ചേര്‍ന്നു നില്‍ക്കാന്‍ നമ്മളെ സഹായിക്കും. ദൈവം ഒരുവനേയുള്ളൂവെന്ന ആഴമായ ബോധ്യമുള്ളവര്‍ക്ക് വ്യത്യസ്ത ദൈവനാമങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇടര്‍ച്ചയോ, ആശങ്കയോ, അവിശ്വാസമോ തോന്നേണ്ടതില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org