അല്മായര്‍ അവഗണിക്കപ്പെടരുത്

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍
അല്മായര്‍ അവഗണിക്കപ്പെടരുത്
Published on

സഭയെ സംബന്ധിച്ചിടത്തോളം അല്മായരും അവരുടെ കൂട്ടായ്മയും അതിന്റെ ശക്തിയാണ്. അല്മായര്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് സഭ, എന്തിനു സഭ, ആര്‍ക്കു വേണ്ടി സഭ. പക്ഷേ പലപ്പോഴും നാം കാണുന്നത് സമാധാന കാലത്ത് അല്മായര്‍ അവഗണിക്കപ്പെടുന്ന കാഴ്ചയാണ്. അതേ സമയം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ അന്വേഷിക്കുന്ന രീതിയുമാണ്. അതിനാല്‍ പ്രശസ്തരും, സ്വഭാവ മഹിമയുള്ളവരും, അഴിമതിരഹിതരുമായ പലരും കുര്‍ബാന കണ്ടു പോകുന്ന വിശ്വാസികള്‍ മാത്രമായി ചുരുങ്ങുകയാണ്. തീര്‍ച്ചയായും സഭയുടെ നിയന്ത്രണം അഭിഷിക്തരായ പുരോഹിതരില്‍ തന്നെയാണ് നിലകൊള്ളേണ്ടത്. പക്ഷേ സഭയുടെ ഭൗതിക കാര്യങ്ങളില്‍ അല്മായരുടെ പങ്കു വര്‍ദ്ധിപ്പിക്കേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളുടെയും മൂല ഹേതു അറിവും കഴിവും ശക്തമായ നിലപാടുകള്‍ ഉള്ളവരുടെ കൊഴിഞ്ഞുപോക്കും അവരുടെ പങ്കാളിത്തക്കുറവും തന്നെയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കുര്‍ബാന അര്‍പ്പണ തര്‍ക്കത്തിലും കുറച്ചു വൈദികര്‍ മാത്രം അഭിപ്രായം പറയുന്ന രീതിയാണ് നാം കാണുന്നത്. അത് മാറണം. നമ്മുടെ സ്ഥാപനങ്ങളുടെ ഭരണത്തിലും അല്മായര്‍ക്കു യാതൊരു അവസരവും ലഭിക്കുന്നില്ല. അവര്‍ പണം തരുന്ന ആടുകള്‍ മാത്രമായി ചുരുങ്ങുന്നു.

ഫ്രാന്‍സിസ് പാപ്പ വന്നതിനുശേഷം വത്തിക്കാനില്‍ പല സ്ഥാനങ്ങളിലും അല്മായരെ നിയമിക്കുകയുണ്ടായി. അതില്‍ വനിതകളും ഉള്‍പ്പെട്ടിരുന്നു. വത്തിക്കാന്‍ സ്വത്തുവകകളുടെ സെക്രട്ടറിയായി അല്മായനായ ഫാബിയോ ഗാസ്‌പെരിനിയെ പാപ്പാ നിയമിച്ചു. വലിയ പരിചയസമ്പന്നനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആണ് അദ്ദേഹം. അതുപോലെ വത്തിക്കാന്‍ സിറ്റി ഭരണകൂടത്തിന്റെ സെക്രട്ടറി ജനറലായി സിസ്റ്റര്‍ റഫേല പേട്രിനി വന്നു. വൈസ് സെക്രട്ടറി ജനറലായി അല്മായനും അഭിഭാഷകനുമായ അലി ബ്രാന്‍ഡിയും നിയമിതനായി. ഇതെല്ലാം വൈദികര്‍ മാത്രം വഹിച്ചിരുന്ന ചുമതലകളാണ്. വൈദികര്‍ക്ക് അതിനു കഴിവില്ലാഞ്ഞിട്ടല്ല. മറിച്ച് അവര്‍ അതിലും വലിയ ഉത്തരവാദിത്വമായ ദൈവരാജ്യ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടവരാണ്. അതാണ് അവരുടെ ദൈവനിയോഗം മറ്റു ജോലികള്‍ ഏതു നല്ല മനുഷ്യര്‍ക്കും ചെയ്യാവുന്ന കാര്യമാണ്.

എല്ലാവരും ഫ്രാന്‍സിസ് പാപ്പയെ പുകഴ്ത്തുന്നുണ്ട്. പക്ഷേ ആരും അദ്ദേഹം വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍ നടപ്പില്‍ വരുത്താന്‍ തയ്യാറാകുന്നില്ല. ഇത്തരുണത്തില്‍ ഈ അടുത്ത കാലത്ത് എറണാകുളം അതിരൂപതയിലെ ഒരു പള്ളിയില്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ട്രസ്റ്റി ആയി എന്നറിഞ്ഞതില്‍ വലിയ സന്തോഷം തോന്നി. ആ ഇടവകയെ അഭിനന്ദിക്കുന്നു. അത്തരം മാറ്റങ്ങള്‍ എല്ലായിടത്തും വരണം.

പല ക്രൈസ്തവ കച്ചവട സ്ഥാപനങ്ങളിലും, അതിന്റെ നടത്തിപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ധാരാളം വൈദികരും കന്യാസ്ത്രീകളും ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇതാണോ ദൈവവിളി എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരു വലിയ പൊളിച്ചെഴുത്തിനു കാലമായി. ദൈവജനത്തെ സുവിശേഷത്തിനു വിധേയമായി നയിക്കാനുള്ള ചുമതലയാണ് ഏറ്റവും പ്രധാനം. ബാക്കിയെല്ലാം, ഇപ്പോഴത്തെ വിവാദങ്ങളും, ഒന്നുമല്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org