വിശുദ്ധ കുര്‍ബാന ഒരു വിശ്വാസിയുടെ കാഴ്ചപ്പാടില്‍

എം.ഡി. ദേവസ്സി മൈപ്പാന്‍, എടക്കുന്ന്, പാദുവാപുരം
വിശുദ്ധ കുര്‍ബാന ഒരു വിശ്വാസിയുടെ കാഴ്ചപ്പാടില്‍
Published on

ഒരു വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുമ്പോള്‍ മൂന്നു തരം ആളുകളെ കാണാം. 1) കുര്‍ബാന കാണുന്നവര്‍ 2) കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍ 3) കുര്‍ബാന അനുഭവിക്കുന്നവര്‍. ഈശോയെ കണ്ടുമുട്ടുമ്പോഴാണ് അനുഭവം ഉണ്ടാകുന്നത്. അനുഭവം ഉണ്ടാകുമ്പോഴാണ് ജീവിതത്തിന് മാറ്റം സംഭവിക്കുന്നത്, യോഹന്നാന്റെ സുവിശേഷത്തിലെ സമരിയാക്കാരി സ്ത്രീ ദാഹജലത്തിനായി ഒരു കുടവുമായി വെള്ളം കോരാന്‍ കിണറ്റുകരയില്‍ വന്നപ്പോള്‍ ഒരു യഹൂദനെ കണ്ടുമുട്ടുന്നു. അവര്‍ തമ്മില്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ജീവജലത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് യേശു സ്വയം വെളിപ്പെടുത്തിയപ്പോള്‍ ആ സ്ത്രീയില്‍ മാറ്റമുണ്ടായി. അവളുടെ എല്ലാ ദാഹവും മാറി, വെള്ളത്തിനായി കൊണ്ടുവന്ന കുടവും ഉപേക്ഷിച്ച് ഒരു പുതിയ വ്യക്തിയായി തിരിച്ചുപോയി. ഇതുപോലെയാണ് വിശുദ്ധ കുര്‍ബാനയില്‍ യേശുവിനെ കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന അനുഭവം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ക്ക് അപ്പംമുറിച്ചു കൊടുത്തപ്പോള്‍ ഉണ്ടായതും ഈ അനുഭവം തന്നെ. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് സംശയിച്ച തോമാശ്ലീഹായെ വിളിച്ച് തന്റെ മുറിവുകള്‍, കാണിച്ചു കൊടുത്തപ്പോള്‍ എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്നു പറഞ്ഞു കൊണ്ട് യേശുവിനെ വിളിച്ച തോമാശ്ലീഹായ്ക്ക് ഉണ്ടായ അനുഭവവും ഇതുതന്നെ.

കുരിശില്‍ കിടന്നു മരണവേദന അനുഭവിക്കുന്ന ഈശോയില്‍നിന്ന് ഒഴുകുന്ന രക്തത്തിലേക്ക് അടുത്തു കിടക്കുന്ന കള്ളന്റെ അനുതാപത്തിന്റെ കണ്ണുനീര്‍ വീണപ്പോള്‍ അവനുണ്ടായതും ഈ അനുഭവം തന്നെ. വിശ്വാസത്തോടും അനുതാപത്തോടും പ്രത്യാശയോടും കൂടി കുര്‍ബാനയില്‍ സംബന്ധിക്കുമ്പോള്‍, കാസയിലെ വീഞ്ഞിലേക്ക് രണ്ടുതുള്ളി വെള്ളം ഒഴിക്കുമ്പോള്‍ അത് എന്റെ അനുതാപത്തിന്റെ കണ്ണുനീരാണ് എന്ന് സങ്കല്പിച്ചുകൊണ്ട് സ്വയം സമര്‍പ്പിക്കുന്ന ഏതൊരാള്‍ക്കും ഈ അനുഭവം ഉണ്ടാകും.

4000 വര്‍ഷം മുമ്പ് അബ്രാഹം അര്‍പ്പിച്ചബലി വിശ്വാസത്തിന്റെ ബലിയായിരുന്നു. തന്റെ ഏകപുത്രനെ ബലി അര്‍പ്പിക്കാന്‍ തക്ക വിശ്വാസം അബ്രാഹത്തിന് ദൈവത്തോടുണ്ടായിരുന്നു. അതിന്റെ 2000 വര്‍ഷത്തിനു ശേഷം ദൈവം തന്നില്‍ വിശ്വസിക്കുന്നര്‍ക്ക് നിത്യജീവന്‍ ഉണ്ടാകുന്നതിനു വേണ്ടി തന്റെ ഏകജാതനെ നല്കാന്‍ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചുകൊണ്ട് യേശുവിനെ അയച്ചു - ആ യേശു മനുഷ്യരക്ഷയ്ക്കു വേണ്ടി കാല്‍വരിയില്‍ അര്‍പ്പിച്ചത് സ്‌നേഹത്തിന്റെ ബലിയാണ്. മനുഷ്യനു വേണ്ടി മനുഷ്യന് അഭിമുഖമായി കുരിശില്‍ കിടന്നുകൊണ്ടാണ് ഈ ബലി അര്‍പ്പിച്ചത്, സഭയുടെ ശിരസ്സായ യേശു സഭയ്ക്കുവേണ്ടിയാണ് ഓരോ ദിവസവും അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്നത്. ഈ അര്‍പ്പണത്തില്‍ സഭ മുഴുവനും ഭാഗഭാക്കാണ്. സഭ മൂന്ന് വിഭാഗമാണല്ലോ. വിജയസഭ, സമരസഭ, സഹനസഭ. വിജയസഭയും സമരസഭയും മുഖാഭിമുഖം നിന്നുകൊണ്ടാണ് ബലി അര്‍പ്പിക്കുന്നത്. സഹനസഭ ദൃശ്യമല്ലെങ്കിലും സമരസഭയോട് മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നു - അള്‍ത്താരയില്‍ യേശു സമര സഭയ്ക്കുവേണ്ടിയാണ് ബലി അര്‍പ്പിക്കുന്നത്. ഈശോ സ്ഥാപിച്ച എല്ലാ കൂദാശയും സമരസഭയ്ക്കുവേണ്ടിയുള്ളതാണ്. എല്ലാ കൂദാശയും മനുഷ്യന് അഭിമുഖമായി നിന്നുകൊണ്ടാണ് വൈദികന്‍ പരികര്‍മ്മം ചെയ്യുന്നത്. കൂദാശകളുടെ കൂദാശ എന്നാണ് വിശുദ്ധ കുര്‍ബാന അറിയപ്പെടുന്നത്. വിശുദ്ധ കുര്‍ബാനയെ വിശ്വാസികളില്‍ നിന്ന് അകറ്റുവാന്‍ സാത്താന്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. സീറോ മലബാര്‍ സഭയിലെ ചില മെത്രാന്മാരിലൂടെയാണ് അത് സംഭവിക്കുന്നത്.

ആഗോള സഭയുടെ ഒരു ചെറിയ ഗണമായ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരെല്ലാവരും സിനഡ് ചേര്‍ന്ന് ഒരു പുതിയ കുര്‍ബാന ക്രമം ഉണ്ടാക്കിയിരിക്കുകയാണ്. കുര്‍ബാനയുടെ ചെറിയൊരു ഭാഗം വിശ്വാസിക്കഭിമുഖമായും ബാക്കി കൂദാശാകര്‍മ്മം തുടങ്ങി പ്രധാനഭാഗങ്ങള്‍ അള്‍ത്താരാഭിമുഖമായും.

ഇവിടെയാണ് യേശു പഠിപ്പിച്ചതും കാണിച്ചതുമായ കാര്യങ്ങള്‍ ഓര്‍ക്കേണ്ടത്. യേശു പഠിപ്പിച്ചു, ഫലത്തില്‍നിന്ന് വൃക്ഷത്തെ തിരിച്ചറിയുക. എന്താണ് ഫലം എന്ന് നമുക്കറിയാം പരിശുദ്ധാത്മാവ് വെളിപ്പെടുത്തിതന്ന ഫലങ്ങള്‍, സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം, അടക്കം, സഹനശക്തി, ശുദ്ധത ഇവയാണ്. ഈ ഫലങ്ങള്‍ ഇല്ലാത്തവര്‍ പരിശുദ്ധാത്മാവ് ഇല്ലാത്തവരാണ്. അനുസരണത്തെക്കുറിച്ചാണ് നേതൃത്വം പറഞ്ഞു നടക്കുന്നത്. യേശു അനുസരണക്കേട് കാണിച്ചു തന്നിട്ടുണ്ട്. അന്നത്തെ പുരോഹിതന്മാരും ഫരിസേയരും ജനപ്രമാണികളും ദേവാലയത്തില്‍ പണമിടപാട് നടത്തിയിരുന്നവരാണ്. അവരെ യേശു അനുസരിച്ചില്ല. സിനഗോഗിലും, സാബത്ത് ദിവസങ്ങളിലും രോഗശാന്തി നല്കരുതെന്ന് കര്‍ശനമായി യേശുവിനെ വിലക്കിയിരുന്നു. എന്നാല്‍ യേശു അവരെ അനുസരിച്ചില്ല. യേശു 12 പേരെ പ്രത്യേകം തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് തന്റെ കൂടെ കൊണ്ടു നടന്നു. അതില്‍ ഒരാള്‍ പണസഞ്ചി കൈയില്‍ കൊണ്ടു നടന്നയാളാണ്. അതോടെ അയാളുടെ അഭിഷേകം നഷ്ടപ്പെട്ടു. പിന്നെ യേശു പഠിപ്പിച്ചു, സമാധാനമല്ല ഭിന്നതയാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന്. പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ ഇല്ലാത്തവരോടു ഭിന്നിച്ചു നില്‍ക്കാനാണ് യേശു ആവശ്യപ്പെടുന്നത്.

'നീതിമാന്മാര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ദേശത്ത് ദുഷ്ടരുടെ ചെങ്കോല്‍ ഉയരുകയില്ല.' ഇത് ദൈവവചനമാണ്. തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org