കമ്പളികണ്ടവും സണ്‍ഡേ സ്‌കൂളും

കമ്പളികണ്ടവും സണ്‍ഡേ സ്‌കൂളും
Published on
  • സിബി മങ്കുഴിക്കരി, തണ്ണീര്‍മുക്കം

അഭിമാനം! അഭിനന്ദനങ്ങള്‍! സത്യദീപം പത്രാധിപ സമിതിക്ക്.

ഒക്ടോബര്‍ 8-ലെ സത്യദീപത്തിന്റെ മുഖപ്രസംഗം ഏറ്റവും മാതൃകാപരവും, ധീരവുമായിരുന്നു.

വര്‍ത്തമാന കാലത്ത് ഏവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തിന്റെ ഉള്ളടക്കം എഡിറ്റോറിയല്‍ തന്നെയാക്കുക വഴി വായനക്കാര്‍ക്കും വരിക്കാര്‍ക്കും 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' ഒരിക്കലെങ്കിലും വായിക്കേണ്ടതാണ് എന്ന ചിന്തയ്ക്ക് അടിവരയിടുന്നു.

'ഇതില്‍ സഭയുണ്ട്. ദൈവമുണ്ട്. ദൈവങ്ങളെ മുന്‍നിര്‍ത്തി അരങ്ങുവാണ ദൈവമനുഷ്യര്‍ ഉണ്ട്. ഇതില്‍ വിശപ്പുള്ളവനെ, നഗ്‌നനായിരുന്നവനെ, പാര്‍പ്പിടം ഇല്ലാതിരുന്നവനെ വിളുമ്പുകളിലേക്ക് തള്ളി അപമാനിച്ച ക്രിസ്തു വേഷങ്ങള്‍ ഉണ്ട്. പാപപങ്കിലമായ ദുഷ്‌പ്രേരണയ്ക്ക് ഇട നല്‍കിയ ദൈവമനുഷ്യരുണ്ട്, സഭാ പരിസരം ഉണ്ട്, രചയിതാവ് ബാബുവിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ പട്ടക്കാരുണ്ട്, മേല്‍പ്പട്ടക്കാരുണ്ട്. അവനില്‍ സൗഖ്യത്തിന്റെ എണ്ണയും വീഞ്ഞും പകര്‍ന്ന കന്യാസ്ത്രീ കളുണ്ട്. ഈശ്വരന്മാരെന്ന് ബാബുവിന് തോന്നിയ നാനാ ജാതി മനുഷ്യരുണ്ട്.'

ഈ കുറിപ്പുകള്‍ മുഖപ്രസംഗത്തില്‍ ഉള്‍പ്പെടുത്തി സ്വയം വിമര്‍ശനത്തിലൂടെ സഭയെയും സമൂഹത്തെയും പ്രചോദിപ്പിക്കാന്‍ സത്യദീപം വാരിക കാട്ടിയ പ്രവാചകധീരതയില്‍ സന്തോഷമുണ്ട്.

സമീപകാലത്തെ ദാരുണമായ കൂട്ട ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ഈ ഗ്രന്ഥം ആത്മഹത്യാമുനമ്പില്‍ നിന്നുള്ള മടക്കയാത്രയിലെ മൃതസഞ്ജീവനിയത്രെ.

കുടുംബ യൂണിറ്റുകളില്‍ സജീവ ചര്‍ച്ചയാവേണ്ടവയാണ് പുസ്തകവും, മുഖപ്രസംഗവും. സഭാസ്ഥാപനങ്ങളുടെ നടത്തിപ്പുകാരും, ഇടവക വികാരിമാരും, കോണ്‍വെന്റധികാരികളും ഒരിക്കലെങ്കിലും അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്ന് നന്ദിക്കുന്നേല്‍ മേരിയുടെ മകന്‍ ബാബു എബ്രാഹം എഴുതിയ 'കമ്പിളി കണ്ടത്തെ കല്‍ഭരണികള്‍' എന്ന പുസ്തകം വായനയ്ക്കായി തിരഞ്ഞെടുക്കേണ്ടതാണ്.

ഈ പുസ്തകത്തിലെപ്പോലെ ഭൗതിക മനുഷ്യന്‍ ജീവിതത്തിലൂടെ സാര്‍ഥകമാക്കിയ സങ്കീര്‍ത്തനങ്ങളും സുവിശേഷങ്ങളും യാമപ്രാര്‍ഥനകള്‍ പോലെ പാരായണം ചെയ്യാന്‍ എല്ലാ സമര്‍പ്പിതരും സഭാമേലധ്യക്ഷരും തയ്യാറാകുമ്പോള്‍ സഭയുടെ മുന്‍ഗണനകളില്‍ മാനവികതയുടെ ദൃഢഭാവങ്ങള്‍ സ്ഥാനം പിടിക്കും.

സണ്‍ഡേ സ്‌കുളുകളില്‍ ഉപപാഠപുസ്തകം തിരഞ്ഞെടുക്കുമ്പോള്‍, മുതിര്‍ന്ന ക്ലാസുകളില്‍ ഏറ്റവും അഭിലഷണീയമായ സാധ്യതകളിലൊന്നാണു 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' എന്ന് ബന്ധപ്പെട്ടവരെ ഓര്‍മ്മിപ്പിക്കാനും ആഗ്രഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org