ഉത്തരീയ സ്മരണകൾ

ഉത്തരീയ സ്മരണകൾ
Published on
  • ജെയിംസ് ഐസക്ക്, കുടമാളൂർ

കോട്ടയത്ത് പ്രശസ്തയായ ഒരു വനിതാകോളേജ് പ്രൊഫസർ അന്തരിച്ചു. എന്റെ സഹപാഠിയും ദീർഘകാല കുടുംബസുഹൃത്തുമായിരുന്ന പ്രൊഫസ്സറുടെ ചരമശുശ്രൂഷയിൽ പങ്കെടുക്കാൻ പോയി. ചില ദൃശ്യങ്ങൾ വൈവിധ്യമേറിയ ചിന്തകൾ ഉണർത്തി.

കേരളത്തിലെ കത്തോലിക്കാ പാരമ്പര്യപ്രകാരം പരേതയെ അണിയിച്ചൊരുക്കി മൊബൈൽ മോർച്ചറിയിൽ കിടത്തിയിരുന്നു. തലയിൽ പുഷ്പമുടി. കഴുത്തിൽ നീളമേറിയ പുതിയ ഉത്തരീയം. രണ്ടു തട്ടുള്ള വലിയ ഉത്തരീയം അണിഞ്ഞു നടക്കുന്നത് ഇക്കാലത്ത് സാധാരണമല്ല. പണ്ട് എല്ലാ കത്തോലിക്കരും ഇതു ധരിച്ചിരുന്നു. പരേതയുടെ കൈകളിൽ ചെറിയ കുരിശും ജപമാലയും കണ്ടു. കൊള്ളാം, ഇതാണ് നമ്മുടെ പാരമ്പര്യം. നല്ല സിൽക്ക് സാരിയും ബ്ലൗസുമാണ് അണിഞ്ഞിരുന്നത്.

ഓർമ്മകൾ പിന്നോട്ടു നയിച്ചു. കത്തോലിക്കർ കുറവായ പ്രദേശമാണു കോട്ടയം. സി.എം.എസ് പ്രമേറിയിലും സി.എം.എസ് ഹൈസ്കൂളിലും സി.എം.എസ് കോളേജിലും പഠിച്ചു വളർന്ന എനിക്കു വെന്തിങ്ങ ധരിച്ചിരുന്നതിനാൽ സഹപാഠികളിൽ നിന്നു പരിഹാസം ഏറ്റിരുന്നു. പഴമുറം തൂക്കി എന്നാണ് ചിലർ വിളിച്ചിരുന്നത്. എങ്കിലും വിദ്യാഭ്യാസം കഴിഞ്ഞ് ഗവൺമെന്റ് സർവീസിൽ എഞ്ചിനീയർ ആകുന്നതുവരെ ഞാൻ കഴുത്തിൽ ഉത്തരീയം ധരിച്ചിരുന്നു. വിവാഹശേഷം മലങ്കര കത്തോലിക്ക സഭാംഗമായ ഭാര്യയുടെ അഭിപ്രായം മാനിച്ചാണ് പിന്നീടു ഉത്തരീയം ഉപേക്ഷിച്ചത്. ഇന്നു ഞാൻ ഖേദിക്കുന്നു. മരണശേഷം ഉത്തരീയം കഴുത്തിൽ കാണണമെന്നാണ് ഇന്നത്തെ മോഹം.

കൊല്ലം പട്ടണത്തിൽ എന്നോടൊപ്പം മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് കുടമാളൂർ തെക്കേടത്തു മനയ്ക്കൽ ശ്രീ. നാരായണൻ ഭട്ടതിരിപ്പാട് പൂണൂൽ ധരിച്ചിരുന്നു. ശനിയാഴ്ച ദിവസങ്ങളിൽ ഞങ്ങൾ കോട്ടയത്തേക്കു പോകാൻ ഇറങ്ങുമ്പോൾ അദ്ദേഹം ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പൂണൂൽ എടുത്തു കഴുത്തിൽ ധരിക്കും. വെന്തിങ്ങാ കഴുത്തിൽ ഇടാൻ ഓർമ്മിപ്പിച്ചിരുന്നത് സുഹൃത്ത് ആയിരുന്നു. ചീഫ് എഞ്ചിനീയർ ആയി റിട്ടയർ ചെയ്ത സുഹൃത്തിനെ സ്നേഹപൂർവം ഓർക്കുന്നു.

പാശ്ചാത്യ കത്തോലിക്കാ സഭയിൽ നിന്നു നമ്മൾ സ്വീകരിച്ച ഒരു കീഴ്.വഴക്ക മാണ് ഉത്തരീയ ധാരണം. നല്ല ക്രൈസ്തവരായി ജീവിക്കാമെന്ന പ്രതിജ്ഞയിൽ വിശുദ്ധ കുർബാന സ്വീകരണശേഷം കഴുത്തിൽ ഉത്തരീയം ധരിക്കുന്നു. മാതാവിനോടു നമ്മൾ കത്തോലിക്കർ കൂടുതൽ പ്രാർത്ഥിക്കുന്നു എന്നതു നേരാണ്. എന്നാൽ ക്രിസ്തുവിന്റെ സംരക്ഷണമാണ് നാം മാതാവിനോടു ആവശ്യപ്പെടുന്നത്. മരണസമയത്ത് ക്രിസ്തുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നാണു നാം പ്രതീക്ഷിക്കുന്നത്, മാതാവിനോടും വിശുദ്ധരോടും പ്രാർത്ഥിക്കുക എന്നതു മഹാപരാധമായിട്ടാണ് പ്രോട്ടസ്റ്റന്റ്- പെന്തക്കോസ്ത് വിഭാഗങ്ങൾ കരുതുന്നത്. 150 സങ്കീർത്തനങ്ങൾ ദിവസവും ഉരുവിടുന്നതിനു പകരം കത്തോലിക്കരായ സന്യാസിമാർ സ്വീകരിച്ച ഒരു പ്രായോഗിക ധ്യാനരീതിയാണ് ജപമാല. ഉത്തരീയവും ജപമാലയും കത്തോലിക്കാ സഭയുടെ മാത്രം പാരമ്പര്യമാണ്. ഈ പാരമ്പര്യം തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

“പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് പ്രാർത്ഥിക്കണമേ...”

logo
Sathyadeepam Online
www.sathyadeepam.org