പാരമ്പര്യവും വിഭജനവും

പാരമ്പര്യവും വിഭജനവും

സാജു പോള്‍ തേയ്ക്കാനത്ത്

കേരള കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലായിരുന്ന, ആലുവ മംഗലപ്പുഴ സെമിനാരിയുടെ വിഭജനത്തെക്കുറിച്ചു അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവിന്റെ പ്രഭാഷണം സത്യദീപത്തിന്റെ 18-ാം ലക്കത്തില്‍ (നവം. 30) വായിച്ചു. ഈ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ചോ, ഗുണദോഷങ്ങളെക്കുറിച്ചോ ഒന്നുമറിയില്ലെങ്കിലും ഒരു സാധാരണക്കാരന്റെ ചിന്തകള്‍ ഇവിടെ കുറിക്കട്ടെ.

കേരള കത്തോലിക്കാസഭയുടെ ഐക്യത്തിന്റെയും, അഭിമാനത്തിന്റെയും പ്രതീകമായിട്ടാണ് ആലുവ മംഗലപ്പുഴ സെമിനാരിയെ പുകഴ്ത്തിയിരുന്നത്. ആഗോള കത്തോലിക്ക സഭയിലെതന്നെ വലിയ സെമിനാരികളില്‍ ഒന്ന്, കേരളത്തിലെ മൂന്നു റീത്തുകളിലെയും വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു താമസിച്ചു പഠിക്കുന്ന സെമിനാരി, വളരെ വിപുലമായ ഗ്രന്ഥ ശേഖരങ്ങളോടുകൂടിയ പഠനസൗകര്യങ്ങള്‍, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഈ വിദ്യാ സ്ഥാപനത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒരു വൈദികനും അതൊരു ദോഷമായി പറഞ്ഞുകേട്ടിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങള്‍ സാധാരണക്കാര്‍ക്ക് അറിയില്ല. അഥവാ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ത്തന്നെ അതിന്റെ ഏകപ്രതിവിധി വിഭജനം മാത്രമായിരുന്നോ?

ഈ സെമിനാരിയെക്കുറിച്ചു വേദപാഠ ക്ലാസുകളില്‍ കേട്ടിട്ടുള്ള കൊച്ചു കൊച്ചു അറിവുകള്‍, പിന്നീട് കുറേക്കാലം വേദപാഠ അധ്യാപകനായിരുന്നപ്പോള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. അക്കാലത്ത് ചില ശെമ്മാശന്മാരോടൊപ്പം ഈ സെമിനാരിയില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. റീത്തുകളുടെ സഹകരണത്തിന്റെ പ്രതീകമായ ഈ പുരാതന സെമിനാരി എന്തിനുവേണ്ടിയാണ് വിഭജിച്ചു ഭാഗംവച്ചത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. എന്ന് മാത്രമല്ല എന്നെപ്പോലുള്ളവര്‍ക്ക് ഈ സംഭവം വേദനാജനകവുമായിരുന്നു.

സീറോ മലബാര്‍ സഭയ്ക്ക് അതിന്റെ തനതു പാരമ്പര്യത്തിലേക്ക് പോകുവാന്‍ ഈ പ്രക്രിയ ആവശ്യമായിരുന്നു എന്നും, ഈ സഭയിലെ വൈദികര്‍ കലര്‍പ്പില്ലാതെ വളരുവാന്‍ വേണ്ടിയാണു ഇത് ചെയ്തതെന്നും ചിലരില്‍ നിന്ന് കേട്ടിട്ടുണ്ട്. (ഏതോ ഒരു പിതാവിന്, മെത്രാന്‍സമിതിയുടെ അധ്യക്ഷനാകുവാന്‍ ഇത് കാരണമായി എന്നും അക്കാലത്തു സംസാരമുണ്ടായിരുന്നു.)

മംഗലപ്പുഴ സെമിനാരിയില്‍നിന്നു അധികം അകലെയല്ലാത്ത ഇടവകയാണ് ഞങ്ങളുടേത്. ഈ സെമിനാരിയില്‍നിന്നും മൂന്നു റീത്തുകളിലും പെട്ട ശെമ്മാശന്‍മാര്‍ ഞങ്ങളുടെ ഇടവകയില്‍ സഹായത്തിനായി വന്നിട്ടുണ്ട്. അവര്‍ വേദപാഠം പഠിപ്പിച്ചിട്ടുണ്ട്, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചിട്ടുണ്ട്, ദേവാലയത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. അവരുടെ തിരുപ്പട്ടസ്വീകരണത്തില്‍ ഞങ്ങളുടെ ഇടവകയില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് അവര്‍ വന്നു ഞങ്ങളുടെ ദേവാലയത്തില്‍ അവരുടെ റീത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ട്. ഈ സന്ദര്‍ഭങ്ങളിലൊന്നും എന്തിന്റെയെങ്കിലും കുറവോ കൂടുതലോ ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. പകരം എല്ലാവരെയും മനസ്സിലാക്കാനും, ഉള്‍ക്കൊള്ളുവാനും, സഹകരിക്കുവാനുമുള്ള ഒരു വിശാലത രൂപപ്പെടുവാനാണ് ഇത് കാരണമായത്. ഞങ്ങള്‍ സാധാരണക്കാരുടെ മനസ്സിലൊന്നും തോന്നാത്ത വിഭാഗീയചിന്ത എങ്ങനെയാണു പിതാക്കന്മാരുടെ മനസ്സില്‍ക്കയറിയത്?

ഈ വിഭാഗീയത സെമിനാരി വിഷയത്തില്‍ മാത്രമല്ല നടപ്പിലാക്കിയത്. നമ്മുടെ കുട്ടികള്‍ പഠിച്ചിരുന്ന വേദപാഠപുസ്തകം പി ഒ സി തയ്യാറാക്കിയവ ആയിരുന്നു. അതായത് കേരളത്തിലെ എല്ലാ കത്തോലിക്കാവിദ്യാര്‍ത്ഥികളും ഒരേ പുസ്തകമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് സീറോ മലബാര്‍ സഭ പ്രത്യേകം പുസ്തകങ്ങളാണ് വേദപാഠത്തിനു ഉപയോഗിക്കുന്നത്. എന്താണ് ഇതില്‍ നിന്നു നമ്മുടെ നേതൃത്വം പ്രതീക്ഷിച്ചത്? എന്താണ് ഇതില്‍നിന്നു കിട്ടിയത്? ഒരേ സ്‌കൂളില്‍ പഠിക്കുന്ന വിവിധ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വിഭാഗീയചിന്ത വളര്‍ത്തുവാന്‍ ഇത് കാരണമായില്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org