വിശുദ്ധ ദേവസഹായവും വിശുദ്ധ അല്‍ഫോന്‍സാമ്മയും

വിശുദ്ധ ദേവസഹായവും വിശുദ്ധ അല്‍ഫോന്‍സാമ്മയും

ഭാരതത്തിലെ അല്മായ ദൈവജനത്തിന് അഭിമാനം നല്കുന്ന പുണ്യദിനമാണ് മെയ് 15. പതിനെട്ടാം നൂറ്റാണ്ടില്‍ ക്രിസ്തുമതം സ്വീകരിച്ച നീലകണ്ഠപ്പിള്ള എന്ന ദേവസഹായം സാര്‍വ്വത്രിക കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായി 2022 മെയ് 15ന് പ്രഖ്യാപിക്കപ്പെടുന്നു. ഇതിനു മുമ്പ് ഭാരതത്തില്‍ വിശുദ്ധരായി പേരു വിളിക്കപ്പെട്ടവര്‍ വി. ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ്, വി. അല്‍ഫോന്‍സാമ്മ, വി. മറിയം ത്രേസ്യാ, വി. എവുപ്രാസ്യാമ്മ എന്നിവരാണ്. വിശുദ്ധരാകണമെങ്കില്‍ വൈദികനോ കന്യാസ്ത്രീയോ ആകണമെന്ന ഒരു ധാരണ നമ്മുടെയിടയില്‍ ഉണ്ട്. കത്തോലിക്കാ സഭയില്‍ എല്ലാക്കാലത്തും മാറ്റത്തിനു കൊടിപിടിച്ചിട്ടുള്ള റോമന്‍ വ്യക്തിസഭയില്‍ നിന്നു തന്നെ ഭാരതത്തില്‍ ആദ്യ അല്മായ വിശുദ്ധന്‍ രക്തസാക്ഷി പദത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ജനാഭിമുഖ കുര്‍ബാന, പെസഹാ തിരുനാളില്‍ സ്ത്രീകളുടെ കാല്‍ കഴുകല്‍ തുടങ്ങി ചില നല്ല മാറ്റങ്ങള്‍ ഈ വ്യക്തി സഭയിലാണ് ആരംഭിച്ചത്.

വിശുദ്ധ ദേവസഹായത്തിന്റെ ചരിത്രവും രൂപവും ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നു. വളരെ ശ്രദ്ധേയമായ ഒരു കാഴ്ച വിശുദ്ധന്റെ വേഷധാരണം തന്നെ. ഒരു കരയന്‍ വേഷ്ടിയും കരയുള്ള കവിണിയും ധരിച്ചു തെക്കന്‍ തിരുവിതാംകൂറിലെ ഗ്രാമീണ വേഷത്തിലാണു വിശുദ്ധനെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുകൈകളിലും ഇരുമ്പു ചങ്ങല അണിഞ്ഞു മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കുന്ന വിശുദ്ധ ദേവസഹായത്തിന്റെ രൂപം ഹൃദയസ്പര്‍ശകം തന്നെ.

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് വി. അല്‍ഫോന്‍സാമ്മയുടെ നാമകരണദിവസം ചങ്ങനാശ്ശേരിയില്‍ പ്രസിദ്ധീകരിച്ച ഒരു ഐക്കണ്‍ ചിത്രം ഓര്‍മ്മയില്‍ വരുന്നു. ഒരു കൈയില്‍ വിശുദ്ധ ഗ്രന്ഥവും മറു കൈയില്‍ മാര്‍തോമ്മാ കുരിശും പിടിച്ചാണ് വിശുദ്ധയെ അവതരിപ്പിച്ചത്. ചുവപ്പു നിറത്തില്‍ അക വസ്ത്രവും നീല നിറത്തില്‍ പുറംകുപ്പായവും. ഈ നിറങ്ങള്‍ക്കും മാര്‍തോമ്മാ കുരിശിനും വിശദമായ പ്രതീക വ്യാഖ്യാനവും കാണാം. ഇതാണ് കല്‍ദായ തന്ത്രം! ശിശു മാമ്മോദീസായുടെ കൂടെ വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും നടത്താനും ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം മദ്ബഹായില്‍ നിന്നു മാറ്റി അപ്രധാന ഭാഗത്ത് തൂക്കിയിടാനും ദിവ്യസക്രാരി കേന്ദ്രഭാഗത്തുനിന്നു മറ്റെവിടെയെങ്കിലും സ്ഥാപിക്കാനും കല്‍ദായ ദൈവശാസ്ത്രത്തില്‍ വകുപ്പുകളുണ്ട്.

വിശുദ്ധ ദേവസഹായത്തെ ഉചിതമായി ആദരിക്കുന്ന ഭാതത്തിലെ ലത്തീന്‍സഭയ്ക്ക് അഭിനന്ദനങ്ങള്‍!

ജയിംസ് ഐസക്ക്, കുടമാളൂര്‍

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org