എം.എ. മാത്യു മങ്കുഴിക്കരി, തണ്ണീര്‍മുക്കം
ഈ വര്‍ഷം നമ്മുടെ 74-ാമത് സ്വതന്ത്ര്യദിനം കടന്നുവന്നപ്പോള്‍ രാജ്യത്ത് ചതുര്‍വിധ ദുഃഖദുരന്തങ്ങള്‍ പ്രഹരിച്ചു കൊണ്ടിരിക്കുന്നു. കോവിസ്-19 വൈറസ് അതിന്റെ മാരകശക്തി ഏല്പ്പിച്ചുകൊണ്ട് സംഹാരനൃത്തമാടുന്നു. ജനങ്ങള്‍ അധികവും ലോക്ക് ഡൗണില്‍ നിശ്ചലരായി ഉന്മേഷരഹിതരായി നിരാശ യില്‍ കഴിയുന്നു. മുന്നില്‍ വഴി കാണാതെ ഒറ്റപ്പെട്ട് ആത്മഹത്യയില്‍ ചിലര്‍ എത്തിക്കൊണ്ടിരിക്കുന്നു. ലോകത്ത് ആകെ ഏഴു ലക്ഷത്തിലധികം മനുഷ്യജീവന്‍ അപഹരിച്ചു.
കേരളത്തില്‍ താരതമ്യേന കുറവായിരുന്ന ഈ മഹാമാരി ഇപ്പോള്‍ വ്യാപകമായി ഭീതി വിതച്ചിരിക്കുന്നു. ഇവിടെ സര്‍ക്കാരുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്റെയും അതിശക്തമായ പരിശ്രമത്താല്‍ മരണ നിരക്ക് ഉയര്‍ന്നില്ല. പ്രവാസികളായ മലയാളി മക്കളുടെ വരുമാനത്താല്‍ ജീവിതത്തെ ചലനാത്മകമാക്കിയിരുന്ന കേരളം ഏറ്റവും ക്ലേശകരമായ സാമ്പത്തിക രംഗമാണ് അഭിമുഖീകരിക്കുന്നത്.
ഈ സ്ഥിതിയില്‍ മാറ്റം വരണമെങ്കില്‍ സമഗ്രവും ദീര്‍ഘ വീക്ഷണവുമുള്ള പുതിയ പ്രായോഗിക പദ്ധതികള്‍ക്ക് മാത്രമേ കഴിയൂ. കോവിഡിന് മുന്‍പായി രണ്ടു പ്രളയങ്ങള്‍ കേരളത്തിന്റെ ഭൗതീക മാലിന്യങ്ങള്‍ തുടച്ചുനീക്കി. അന്നു ജനങ്ങളുടെ കൂട്ടായ്മയുടെ കാരുണ്യപ്രവര്‍ത്തികള്‍ മഹത്വപൂര്‍ണ്ണമായിരുന്നു. വഞ്ചികള്‍ വള്ളങ്ങള്‍ എല്ലാം കാലങ്ങളായി ഉപേക്ഷിച്ച് റോഡ് യാത്രകള്‍ ആശ്രയിച്ചിരുന്ന ആലപ്പുഴ ജില്ലയിലെ കൈന കരിയിലേക്ക് കടല്‍വള്ളങ്ങള്‍ എത്തിച്ചു രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കളെ മറക്കാതിരിക്കാം.
ഒടുവിലതാ മഹാമാരിയും മലയിടിച്ചിലും പ്രളയവും വന്നു ഭവിച്ചു. പരിസ്ഥിതി ലോല പ്രദേശമായ രാജമല യില്‍ മലയിടിഞ്ഞു. പെട്ടിമുടിയിലെ 70 ഓളം പേരെ കാ ണാതായി. കണ്ടുകിട്ടിയ മൃതദേഹങ്ങളുടെ എണ്ണം ആറാം ദിനത്തില്‍ 53 വരെ.
ഈ തീരാദുഃഖങ്ങള്‍ പുതിയ ഒരു നല്ല നാളേയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് വഴി തുറക്കട്ടെ. അന്നേ ദിവസം തന്നെ വിമാനാപകടവും മണലാരണ്യത്തില്‍ ജീവിത മര്‍പ്പിച്ച് വിയര്‍പ്പൊഴുക്കി കുടുംബത്തിനും നാടിനും താങ്ങായി, തണലായിരുന്ന പ്രിയപ്പെട്ട പ്രവാസികള്‍ കാത്തിരുന്നു നാട്ടില്‍ എത്താന്‍ വിമാനം കയറി ഇവിടെ ലാന്റ് ചെയ്തപ്പോള്‍ സംഭവിച്ച ദാരുണ ദുരന്തത്തിന്റെ കണ്ണുനീര്‍ എന്നാണ് വറ്റുക. ഇങ്ങനെ വിവിധ തലത്തില്‍ കഷ്ട നഷ്ടങ്ങളുടെ മധ്യത്തിലെ സ്വാതന്ത്ര്യദിനത്തില്‍ നമ്മുടെ രാഷ്ട്രപിതാവിനെ നമുക്കു പ്രത്യേകമായി സ്മരിക്കാം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ചിന്തകള്‍ക്ക് ഉണര്‍വാകട്ടെ…