ഞായറാഴ്ചകളിലെ അനുചിതമായ പ്രസംഗങ്ങള്‍

ഞായറാഴ്ചകളിലെ അനുചിതമായ പ്രസംഗങ്ങള്‍
Published on
  • പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

കത്തോലിക്കാസഭകളിലും മറ്റു ക്രൈസ്തവ സഭകളിലും ഞായറാഴ്ചകളില്‍ വചന പ്രസംഗം വളരെ പ്രധാനപ്പെട്ടതും, ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നുമാണ്. ഇടവകകളിലെ പ്രധാനപ്പെട്ട കുര്‍ബാനകളില്‍ ആ പ്രസംഗം നടത്തുന്നത് വികാരിയച്ചന്മാരായിരിക്കും; അത് അവരുടെ അവകാശവുമാണ്. ആ ദിവസം വായിക്കുന്ന ബൈബിള്‍ വചനങ്ങളെ ആസ്പദമാക്കി, അവയെ ഇന്നത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയായിരിക്കും ആ പ്രസംഗങ്ങള്‍. പല സുഹൃത്തുക്കളായ വികാരിയച്ചന്മാരും പറഞ്ഞിട്ടുണ്ട് ആ പ്രസംഗം തയ്യാറാക്കുന്നത് തലേദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണെന്ന്. ആ പ്രസംഗത്തിന്റെ വിലയും, മഹത്വവും അറിയണമെങ്കില്‍ പ്രസംഗസമയത്തിനുമുമ്പേ പള്ളിയില്‍ എത്തിച്ചേരുന്ന ജനങ്ങളെ ശ്രദ്ധിച്ചാല്‍ മതിയാകും. അത്തരത്തില്‍ നല്ലതും ഹൃസ്വവും ആയ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അയല്‍ ഇടവകകളില്‍ നിന്നു പോലും ജനങ്ങള്‍ എത്തിച്ചേരാറുണ്ട്. അത്തരത്തിലുള്ള അനുഭവം ഞങ്ങളുടെ ഇടവകയില്‍ കുറേക്കാലം മുമ്പ് ഉണ്ടായിരുന്നു. ഇക്കാലത്ത് ചില ഇടവക കളില്‍ കേള്‍ക്കുന്ന പ്രസംഗങ്ങള്‍ യാതൊരു കഴമ്പും ഇല്ലാത്തതാണ്. അതിനാല്‍ പലരും പ്രസംഗത്തിന് ശേഷമേ പള്ളിയില്‍ എത്താറുള്ളൂ. ഇത് തിരിച്ചറിയാന്‍ പല വികാരിയച്ചന്മാര്‍ക്കും കഴിയുന്നില്ല. കാരണം അവരെല്ലാം സ്തുതിപാടകരാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. പരിശുദ്ധ മാര്‍പാപ്പ ഇത് മനസ്സിലാക്കി പ്രസംഗം 5 മിനിറ്റില്‍ കവിയരുതെന്നും, അത് തീര്‍ത്തും ബൈബിളിന്റെ കാലത്തിനൊത്ത വിശദീകരണവും, മനുഷ്യമനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതും ആയിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം അനുസരിക്കാന്‍ ആര്‍ക്ക് നേരം.

എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് പരമ ബോറന്‍ പ്രസംഗങ്ങള്‍ അവ ആരും ശ്രദ്ധിക്കുന്നേയില്ല. അത്തരം പ്രസംഗങ്ങളില്‍ നിന്നും ഒന്നും തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുമില്ല. എന്നാല്‍ ചില അച്ചന്മാരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ എത്ര സന്തോഷവും സമാധാനവുമാണ് ഉണ്ടാകുന്നത്. ഇപ്പോള്‍ പ്രസംഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് വികാരിയച്ചനുമായി അഭിപ്രായ വ്യത്യാസം ഉള്ളവരെ അപമാനിക്കാനാണ്. എത്രനാള്‍ മുന്നിലിരിക്കുന്നവരും, വീട്ടില്‍ ഇത് അറിഞ്ഞു കൊണ്ടിരിക്കുന്നവരുമായ വിശ്വാസികള്‍ സഹിക്കും അല്ലെങ്കില്‍ ക്ഷമിക്കും എന്നറിയില്ല. ആരെങ്കിലും ഇതിനുവേണ്ടി പരിശ്രമിച്ചാല്‍ പിന്നെ ശപിച്ചിട്ടു കാര്യമില്ല.

മറ്റൊരു സംഭവമാണ് അറിയിപ്പുകള്‍. അത് മറ്റൊരു ആക്ഷേപ ഹാസ്യം. ആരെയെല്ലാം ചീത്തപറയണമോ അതെല്ലാം അതോടൊപ്പം നടത്തും. അറിയിപ്പുകള്‍ കേള്‍ക്കേണ്ടത് ഇടവക ജനങ്ങള്‍ മാത്രമാണ്.

അതിനാല്‍ ഈ അറിയിപ്പുകള്‍ കുര്‍ബാനയുടെ അവസാന ആശീര്‍വാദം നടത്തിയിട്ടു മതിയാകും. മറ്റു സ്ഥലങ്ങളില്‍ നിന്ന് വരുന്നവരും, ആക്ഷേപഹാസ്യം കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്കും പോകാമല്ലോ. ചില ഇടവകകളിലും, മറ്റു സഭകളിലും ഈ രീതിയാണ് പിന്തുടരുന്നത്. ഇതിനും സഭാനേതൃത്വം നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടതാണ്.

ഇതിനൊക്കെ വേണ്ടി ആരെങ്കിലും മുന്‍കൈ എടുക്കണം. അല്ലെങ്കില്‍ ഒരാളും ഇതൊന്നും കേള്‍ക്കാന്‍ പള്ളികളിലേക്ക് വരില്ല. അത് എല്ലാവര്‍ക്കും ഓര്‍മ്മ വേണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org