
ജെയിംസ് ഐസക്ക്, കുടമാളൂര്‍
കാസ്റ്റല്‍ ഗൊണ്ടോള്‍ഫോ എന്ന വേനല്‍ക്കാല വസതിയിലേക്കു താമസം മാറ്റിയ മാര്‍പാപ്പ ലിയോ പതിനാലാമന്‍ കൊട്ടാര പരിസരത്തിലുള്ള ഉദ്യാനത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചതു വാര്‍ത്തയായി, പരിസരവാസികളില്‍ സംതൃപ്തി ഉണര്‍ത്തിയ ഈ കുര്‍ബാന അര്‍പ്പണത്തെ മലയാള മനോരമ 'ഹരിത കുര്‍ബാന' എന്നാണു വിശേഷിപ്പിച്ചത്.
മെക്‌സിക്കോയില്‍ ഒരു നവ വൈദികന്‍ പ്രഥമ ബലി അര്‍പ്പണം നടത്തിയത് സിമിത്തേരിയില്‍ സ്വന്തം മാതാവിന്റെ കല്ലറയ്ക്കു മുന്നിലാണ്. ഈ വാര്‍ത്ത ഒരു യുട്യൂബ് വീഡിയോയില്‍ കണ്ടു. ഈ ബലിയര്‍പ്പണത്തെയും ഹരിത കുര്‍ബാന എന്നു വിശേഷിപ്പിക്കാവുന്നതാണ്.
ഒരു ബാല്യകാല സ്മരണ ഇവിടെ കുറിക്കുന്നു. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദീപിക പത്രത്തില്‍ കണ്ട ഒരു വാര്‍ത്താചിത്രമാണ് ഓര്‍ക്കുന്നത്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഒരു വിഭാഗം യുദ്ധമുന്നണിയില്‍ ക്യാംപ് ചെയ്യുമ്പോള്‍ കത്തോലിക്കപുരോഹിതനായ ചാപ്ലൈന്‍ ഒരു വീഞ്ഞുപ്പെട്ടി യില്‍ തിരികള്‍ കത്തിച്ചുവച്ച് ദിവ്യബലി അര്‍പ്പിക്കുന്നതും ഏതാനും പട്ടാളക്കാര്‍ ഭക്തിയോടെ ചുറ്റുമായി മുട്ടുകുത്തി നില്‍ക്കുന്നതുമായിരുന്നു ആ ചിത്രം. ആ ചിത്രം കുറെ നാള്‍ സവിശേഷതയുള്ള ഒരു കാഴ്ചയായിരുന്നു എനിക്ക്.
വിശുദ്ധ ബലി ദേവാലയത്തില്‍ കിഴക്കോട്ടു തിരിഞ്ഞു തന്നെ ആയിരിക്കണമെന്നും പാരമ്പര്യ ചിട്ടകള്‍ കണിശമായി പാലിക്കണമെന്നും ശഠിക്കുന്ന പാരമ്പര്യവാദികള്‍ ഈ വാര്‍ത്തകളെ എപ്രകാരം വിലയിരുത്തും?
ഹരിതകുര്‍ബാന അത്ര പുതുമയുളവാക്കുന്ന ഒന്നല്ല. നമ്മുടെ ദേവാലയങ്ങളിലും മേയ് മാസ വണക്കത്തിനു ഗ്രോട്ടോകളില്‍ വിശുദ്ധ ബലി അര്‍പ്പിക്കാറുണ്ടല്ലോ!
ഗോത്ര പിതാക്കന്മാര്‍ ദൈവത്തിനു ബലിയര്‍പ്പണം നടത്തിയത് വിജന പ്രദേശങ്ങളിലും മലമുകളിലുമായിരുന്നു. നമ്മുടെ കര്‍ത്താവു പലപ്പോഴും പ്രാര്‍ഥനയ്ക്കായി വിജന പ്രദേശങ്ങളിലേക്കു പോയിരുന്നു. പാരമ്പര്യ വാദികള്‍ ലിയോ മാര്‍പാപ്പയെ വിമര്‍ശിക്കാന്‍ ഒരുമ്പെടുകയില്ല എന്നു പ്രതീക്ഷിക്കുന്നു.
ആദിമ സഭയില്‍ തിരുവത്താഴ ശുശ്രൂഷകള്‍ വീടുകളില്‍ ആചരിച്ചത് പില്‍ക്കാലത്ത് ദേവാലയത്തിലാകുകയും വിജാതീയരുടെ ബലിയര്‍പ്പണ രീതികള്‍ പാരമ്പര്യങ്ങളായി നിലനില്‍ക്കുകയും ചെയ്താണ് ഇന്നത്തെ കുര്‍ബാന രൂപം പ്രാപിച്ചത്. ക്രിസ്തുശിഷ്യന്മാര്‍ അനുഭവിച്ച പ്രത്യേക അനുഭൂതി തേടിയാണ് വത്തിക്കാന്‍ കൗണ്‍സിലില്‍ സംബന്ധിച്ചവര്‍ ജനാഭിമുഖ കുര്‍ബാന സ്വീകരിച്ചത്. പ്രോട്ടസ്റ്റന്റുകാര്‍ ഈ പരീക്ഷണം നേരത്തേ നടത്തി. നല്ലതു സ്വീകരിക്കുക എന്ന നയം ഇനിയും തുടരണം, അതിനാല്‍ ഹരിത കുര്‍ബാനയും ആധുനികലോകത്ത് അംഗീകരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.