

ജെയിംസ് ഐസക്ക്, കുടമാളൂർ
എറണാകുളം-അങ്കമാലി അതിരൂപതയിലെ മരട് ഇടവകയിൽ ആധുനിക ഇറ്റാലിയൻ വിശുദ്ധയായ വിശുദ്ധ ജാന്നായുടെ നാമത്തിൽ ഒരു പുതിയ ഇടവക ദേവാലയം പ്രതിഷ്ഠിതമായി എന്ന വാർത്ത സഭാഭക്തരെ പുളകമണിയിക്കുന്നു. വിശുദ്ധ ജാന്നാ നാലു മക്കളുടെ മാതാവായ ഒരു ഡോക്ടറാണ്. കുടുംബജീവിതം നയിക്കുന്ന ഏവർക്കും മാതൃകയായ ഈ ധീരവനിതയെ ആദരിക്കുവാൻ മുന്നോട്ടുവന്ന സീറോ മലബാർ സഭയിലെ തൃപ്പൂണിത്തുറ ഫൊറോനയിലെ മരട് വിശുദ്ധ ജാന്നാ ഇടവകയെ എത്ര അഭിനന്ദിച്ചാലും മതിയാകയില്ല.
കാരണം സീറോ മലബാർ സഭ പൗരസ്ത്യകൽദായ പാരമ്പര്യം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ്. പാശ്ചാത്യ സഭയുടെ കീഴ്.വഴക്കങ്ങൾ അടുത്തനാളുകളായി അവർ ഒന്നൊന്നായി ബഹിഷ്കരിക്കുകയാണ്! ക്രൂശിതരൂപം, ജപമാല ഭക്തി, കുരിശിന്റെ വഴി, വിശുദ്ധരോടുള്ള നൊവേന എന്നിവയെല്ലാം കൽദായ പാരമ്പര്യത്തിന്റെ പേരിൽ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.
പൗരസ്ത്യ സഭകൾക്കു അൽമായ വിശുദ്ധർ കുറവാണ്. മെത്രാനോ കുറഞ്ഞ പക്ഷം പുരോഹിതനോ ആയിരിക്കണം വിശുദ്ധർ. ഈ പ്രത്യേകതകൾ നിലനിൽക്കുമ്പോൾ പാശ്ചാത്യ സഭയിൽ കൗമാരപ്രായത്തിലുള്ള ബാലികാ ബാലന്മാരും, കന്യാസ്ത്രീകളും മറ്റു വിവിധ മേഖലകളിൽ ജീവിച്ച അൽമായരും വിശുദ്ധ പദവികൾക്കും പരിഗണിക്കപ്പെടുന്നു.
“എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒന്നിച്ചു ചേർന്നാൽ അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും” എന്ന നാഥന്റെ വാക്കുകൾ അനുസരിച്ച് ബലി അർപ്പണം എങ്ങോട്ടു തിരിഞ്ഞും ആകാം എന്ന് ലത്തീൻ സഭയിൽ തീരുമാനിക്കുന്നു. വനിതാ പൗരോഹിത്യം വേണ്ടാ എന്നാണു തീരുമാനം എങ്കിലും പ്രോട്ടസ്റ്റന്റ് ആംഗ്ലിക്കൻ സഭയുടെ വനിതാ മേലധ്യക്ഷയെ ആദരവോടെ സ്വീകരിക്കാനും ഒന്നിച്ചു പ്രാർഥിക്കാനും ലിയോ പതിനാലാമൻ മാർപാപ്പ തയ്യാറായി. നമ്മുടെ കർത്താവു കാണിച്ചുതന്ന വിപ്ലവ നീക്കങ്ങൾ ലത്തീൻ സഭയ്ക്കു മാത്രമല്ല പൗരസ്ത്യ സഭകൾക്കും സ്വീകാര്യമാക്കാവുന്നതാണ്.