പള്ളിമുറ്റത്തെ കൂട്ടായ്മകളെവിടെ?

പള്ളിമുറ്റത്തെ കൂട്ടായ്മകളെവിടെ?
Published on
  • സിയ ജോസ് കാനാട്ട്

എന്റെ കുഞ്ഞുനാളില്‍ ദിവസവും വി. കുര്‍ബാനയില്‍ പങ്കുകൊള്ളുക ഞായറാഴ്ച വേദപാഠത്തിന് പോകുക എന്നതൊക്കെ ആരും പറഞ്ഞു ചെയ്യിച്ചിരുന്നതായി ഓര്‍മ്മയില്ല. ദിവസവും സ്‌കൂളില്‍ പോകുന്നതു പോലെ തന്നെയായിരുന്നു വേദപാഠ ക്ലാസ്സുകളും. ഇന്ന് അതെല്ലാം മാറി കുഞ്ഞുങ്ങള്‍ക്ക് വിശ്വാസപരിശീലനം ആയി. സത്യത്തില്‍ വിശ്വാസം എന്നത് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടതാണോ?

നമ്മുടെ ജീവിതവും വിശ്വാസവും കണ്ടു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ തന്നെയല്ലേ ഉത്തമ മാതൃകകളാകേണ്ടത്. ഒന്നു ചിന്തിച്ചു നോക്കൂ യുവതലമുറ നമ്മുടെ പള്ളികളില്‍ നിന്നും ഏറെ അകന്നു പോകുന്നില്ലേ? കുറച്ചുനാള്‍ മുമ്പൊരു ഞായറാഴ്ച പള്ളിമുറ്റത്തുവച്ച് കേട്ടൊരു സംഭാഷണ ശകലം ഇവിടെ പങ്കുവയ്ക്കുന്നു. മകന്‍ അമ്മയോട് പറയുകയാണ് 'വാ, വേഗം പോകാം, കുര്‍ബാന കഴിഞ്ഞാല്‍ പിന്നെ ഒരു മിനിട്ട് ഇവിടെ നില്‍ക്കാന്‍ പാടില്ല വന്നേ'.

ഇതു കേട്ടപ്പോള്‍ എനിക്ക് ആദ്യം ഒരു തമാശയായി തോന്നിയെങ്കിലും പള്ളിമുറ്റത്ത് കുശലം പറഞ്ഞ് നിന്നിരുന്ന വിശ്വാസികളില്‍ പലരും ഇന്ന് കുര്‍ബാന അര്‍പ്പണ രീതിയെച്ചൊല്ലി ചേരിതിരിഞ്ഞ് പോരടിക്കുകയാണ് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സുവിശേഷ വാക്യങ്ങള്‍ക്കു പകരം ഇന്ന് വിദ്വേഷത്തിന്റെയും പകയുടെയും വെറുപ്പിന്റെയും സൂക്തങ്ങളാണ് മുഴങ്ങുന്നത്.

പൊറുക്കാനും ക്ഷമിക്കാനും സ്വയം ഇല്ലാതായി മറ്റുള്ളവര്‍ക്ക് പുതുജീവനാകാന്‍ നമ്മളെ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളല്ലേ നമ്മള്‍, അതോര്‍ത്തെങ്കിലും ഈ തര്‍ക്കങ്ങള്‍ ഒന്ന് സമവായത്തിലെത്തിക്കാന്‍ നമ്മള്‍ക്ക് ശ്രമിച്ചുകൂടെ? ക്രിസ്തുശിഷ്യനായ തോമാശ്ലീഹ കേരളത്തില്‍ വന്നു യേശുവിന്റെ സുവിശേഷം ഇവിടെ പ്രഘോഷിച്ചുകൊണ്ട് സ്ഥാപിച്ച സഭയാണ് സീറോ മലബാര്‍ സഭ എന്നാണല്ലോ നമ്മള്‍ വിശ്വസിക്കുന്നത്.

വി. പത്രോസിന്റെ സഹശിഷ്യനായ വി. തോമാശ്ലീഹ കര്‍ത്താവിന്റെ നാമത്തില്‍ സ്ഥാപിച്ച ഭാരത സഭയ്ക്ക് മാര്‍പാപ്പ നയിക്കുന്ന കത്തോലിക്കാസഭയെക്കാള്‍, യേശുക്രിസ്തുവിനേക്കാള്‍ എന്ത് പൈതൃകവും പാരമ്പര്യവുമാണ് അവകാശപ്പെടാനുള്ളത്. പരിശുദ്ധ പിതാവ് അര്‍പ്പിക്കുന്ന ജനാഭിമുഖ ദിവ്യബലി സ്വതന്ത്ര പൗരസ്ത്യ സഭയായ നമ്മള്‍ക്ക് എതിരാണ് എന്ന് പറഞ്ഞാല്‍ എങ്ങനെയാണ് അംഗീകരിക്കാന്‍ സാധിക്കുക.

1 കോറിന്തോസ് 12:12 പറയുന്നു 'ശരീരം ഒന്നാണെങ്കിലും അതില്‍ പല അവയവങ്ങളുണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാം ചേര്‍ന്ന് ഏകശരീരമായിരിക്കുന്നു.' അതെ യേശുക്രിസ്തു സ്ഥാപിച്ച സഭയിലെ അംഗങ്ങളാണ് നമ്മള്‍ ഓരോരുത്തരും, ഒരേ മനസ്സായി ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവര്‍. പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയോടു പറയുന്നുണ്ട് 'അതു ശരീരത്തില്‍ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങള്‍ പരസ്പരം തുല്യ ശ്രദ്ധയോടെ വര്‍ത്തിക്കേണ്ടതിനു തന്നെ.

ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോള്‍ എല്ലാ അവയവങ്ങളും.' അതെ യേശുക്രിസ്തുവിന്റെതല്ലാത്ത മറ്റൊരു പൈതൃകവും പാരമ്പര്യവും മേന്മയും നമ്മള്‍ക്ക് അവകാശപ്പെടാനില്ല. യേശുവിന്റെ ശരീരമാണ് തിരുസഭ. അത് ഇങ്ങനെ വിഭജിക്കേണ്ടതുണ്ടോ?

അവിടുത്തെ തിരുശരീരവും തിരുരക്തവും അനാദരിക്കപ്പെടുമ്പോള്‍ നമ്മള്‍ എന്താണ് നേടുന്നത്? അവിടുന്ന് വീണ്ടും വീണ്ടും മുറിയപ്പെടുകയാണ്. പത്തുകല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിച്ചു തന്നവനാണ് യേശുക്രിസ്തു. 'നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ, നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'. ഇന്ന് ആ ദൈവപുത്രന്‍ പഠിപ്പിച്ചതെല്ലാം നമ്മള്‍ മറന്നുപോയിരിക്കുന്നു. എന്തിന്റെ പേരിലായാലും സീറോ മലബാര്‍ സഭ ഇന്ന് രണ്ട് ചേരിയായി മാറിയിരിക്കുന്നു. എന്റെ മാതൃദേവാലയത്തിന്റെ മുമ്പില്‍ ഒരു തിരുവചനം ആലേഖനം ചെയ്തിട്ടുണ്ട് 'ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' (മത്തായി 9:13).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org