എല്ലാം മറന്ന് ഒന്നാകുക

എല്ലാം മറന്ന് ഒന്നാകുക
  • പി ജെ വര്‍ഗീസ് പുത്തന്‍വീട്ടില്‍, കുമ്പളം

നമ്മുടെ സീറോ-മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഓരോ ദിവസം കഴിയുംന്തോറും അതിരൂക്ഷമായിട്ടാണ് മുമ്പോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ തുടങ്ങി മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവര്‍ വളരെയധികം ഭയ-ഭക്തി ബഹുമാനങ്ങളോടു കൂടിയാണ് ജനാഭിമുഖ കുര്‍ബാനയില്‍ സന്നിഹിതരായിക്കൊണ്ടിരിക്കുന്നത്. ജനാഭിമുഖ കുര്‍ബാന ആയാലും, അള്‍ത്താരാഭിമുഖ കുര്‍ബാന ആയാലും ഓരോ ദിവ്യബലിയിലും യേശുക്രിസ്തു ജീവിക്കുന്നു, പരിശുദ്ധാത്മാവിന്റെ നിറസാന്നിധ്യവും ഉണ്ടാകുന്നു എന്ന സത്യം സഭാ മക്കള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വര്‍ഷങ്ങളായിട്ട് അര്‍പ്പിച്ചു പോരുന്ന ജനാഭിമുഖ കുര്‍ബാനയില്‍ മാറ്റം വരുത്തി അള്‍ത്താരാഭിമുഖ കുര്‍ബാന രീതി പാലിച്ചു പോകണമെന്നുള്ള അടിച്ചേല്പിക്കുന്ന സമ്പ്രദായത്തെ തുടര്‍ന്നുണ്ടായികൊണ്ടിരിക്കുന്ന ഈ കോലാഹലങ്ങള്‍, മാന്യത കൈവിട്ടു കൊണ്ടുള്ള സംസാരങ്ങള്‍, ദേവാലയങ്ങളില്‍ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്തത് സംഭവിക്കുക, ഇതിന്റെയെല്ലാം ചുക്കാന്‍ പിടിക്കുന്നവര്‍ ആര് തന്നെയായാലും ഒന്നു മനസ്സിലാക്കിയാല്‍ നന്ന്. തങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത് എന്നത്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടു ചേര്‍ന്നാണ് അവസാനത്തെ അത്താഴം കഴിച്ചതും, അപ്പവും മുന്തിരിച്ചാറും ഇതെന്റെ ശരീരവും രക്തവുമാണെന്നു പറഞ്ഞ് ആശീര്‍വദിച്ചു ശിഷ്യന്മാര്‍ക്കു കൊടുക്കുന്നതും അവര്‍ക്ക് അഭിമുഖമായിട്ടായിരുന്നു. നാടോടുമ്പോള്‍ നടുവേ ഓടണം എന്ന ചൊല്ല് പോലെ ദിവ്യബലി അര്‍പ്പണ രീതിയില്‍ കാണിക്കുന്നത് ശരിയായ ഒന്നല്ല. ആത്മീയതയും ഭൗതീകതയും രണ്ടും രണ്ടായി മാത്രമേ കാണുവാന്‍ പാടുള്ളൂ. 2023 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ എല്ലാപള്ളികളിലും ഏകീകൃത കുര്‍ബാന മുടക്കം കൂടാതെ അര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ സന്ദേശത്തിലൂടെ സഭയിലെ എല്ലാ മെത്രാന്മാരേയും, വൈദീകരേയും അറിയിച്ചതാണ്, ഒട്ടുമിക്ക വിശ്വാസികളും അറിഞ്ഞതാണ്. പാപ്പയുടെ സന്ദേശത്തെ ഒരിക്കലും തള്ളിക്കളയുവാന്‍ ഒരു വിശ്വാസിക്കും സാധിക്കുകയില്ല. കാരണം മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയാണ്. എപ്പോഴും പരിശുദ്ധാത്മാവിന്റെ നിറവില്‍ ജീവിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ പാപ്പ കടന്നുചെല്ലുന്ന എല്ലാ രാജ്യങ്ങളിലും യേശുക്രിസ്തുവിന്റെ വെളിച്ചം കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്ക് പ്രകാശിപ്പിച്ചു കൊണ്ടാണു തിരികെ പോരുന്നത്. അതുകൊണ്ട് മാര്‍പാപ്പ സഭയ്ക്കുവേണ്ടി എന്തു തീരുമാനം എടുത്താലും സഭയുടെ മുമ്പോട്ടുള്ള വളര്‍ച്ചയ്ക്ക് ഒരിക്കലും തളര്‍ച്ച ഉണ്ടാവുകയില്ല. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളം എന്നതുപോലെ സഭയില്‍ എന്തെങ്കിലും നടക്കാന്‍ പറ്റാത്ത സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന് പുകമറ സൃഷ്ടിച്ചുകൊണ്ട് പരിപാവനമായ പരിശുദ്ധ കുര്‍ബാനയെ മറ്റ് സമുദായര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ സഭയെ തന്നെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസവും, ഇടവകകളില്‍ തരക്കേടില്ലാത്ത ഒരു സ്ഥാനവും ഉണ്ടാകുമ്പോള്‍ (ഈഗോ) എന്ന വാക്ക് താനെ ഉണ്ടാകുന്നു. തന്മൂലം ഞാന്‍ പറയുന്നതാണു ശരി, ഞാന്‍ പറയുന്നതുപോലെ എല്ലാവരും കേള്‍ക്കണം എന്നു കരുതുന്നവര്‍ സഭയുടെ മുമ്പോട്ടുള്ള വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നവരാണ്. തല്‍ക്കാലത്തേക്ക് മാത്രമേ ഈ കൂട്ടര്‍ക്ക് മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. അതിരൂപതയെ നയിക്കുന്ന രൂപതാധ്യക്ഷന് എല്ലാ സാഹചര്യങ്ങളിലും സഭയെ മുമ്പോട്ടു നയിക്കുവാന്‍ സാധിക്കണം. ഇതിന് ഏറ്റവും പ്രധാനമായിട്ടു വേണ്ടത് പരിശുദ്ധാത്മാവിന്റെ നിറവാണ്. ഈ ദാനം നമ്മുടെ സീറോ-മലബാര്‍ സഭയുടെ പുതിയ ഇടയനായ ബഹുമാനപ്പെട്ട മേജര്‍ ആര്‍ച്ചുബിഷപ്പിന് (റാഫേല്‍ തട്ടില്‍ പിതാവിന്) ലഭിക്കുന്നതിനുവേണ്ടി അതിരൂപതയുടെ ഇപ്പോഴത്തെ തീരുമാനത്തെ എതിര്‍ക്കുന്ന സംഘടനകളും ഇതിനോട് യോജിക്കുന്ന സംഘടനകളും വഴക്കുകളും, പിടിവാശികളും മറന്ന് രൂപതാധ്യക്ഷനുമായി നല്ല സ്വരചേര്‍ച്ചകളിലൂടെ കാര്യങ്ങള്‍ വിശദീകരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ വരുന്ന പള്ളികളിലെങ്കിലും ജനാഭിമുഖ കുര്‍ബാന അര്‍പ്പണം എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിനുള്ള മുന്‍കൈ എടുക്കണം. സീറോ -മലബാര്‍ സഭയുടെ ഇപ്പോഴത്തെ മുന്‍പോട്ടുള്ള പോക്കില്‍ വളരെയധികം ദുഃഖവും, ഉല്‍ക്കണ്ഠയും ഉള്ളതുകൊണ്ടും സഭയെ സ്‌നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിലും ഈ കത്തിനെ കണ്ടാല്‍ മതി!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org