ശ്രദ്ധ ബലിയര്‍പ്പണത്തിലെ മര്‍മ്മപ്രധാനഭാഗത്തിലാവട്ടെ!

കെ എം ദേവ്, കരുമാലൂര്‍
ശ്രദ്ധ ബലിയര്‍പ്പണത്തിലെ മര്‍മ്മപ്രധാനഭാഗത്തിലാവട്ടെ!

ബലിയര്‍പ്പണ അഭിമുഖ വിവാദങ്ങളെ തുടര്‍ന്ന് കുര്‍ബാനയുടെ ലിറ്റര്‍ജിയില്‍ നടത്തിയ ചില മിനുക്കുപണികളിലൊന്ന്, ഡിസംബര്‍ 14-ലെ (ലക്കം 20) സത്യദീപത്തില്‍ ഒരു വായനക്കാരന്‍ പരാമര്‍ശിച്ചിരിക്കുന്നതു വായിച്ചു. 'പുരോഹിതനെ കര്‍ത്താവെന്ന് വിളിക്കരുത്' എന്ന്. ലക്കം 30-ല്‍ മറ്റൊരു വായനക്കാരന്‍ ദിവ്യബലിയില്‍ പുരോഹിതന്‍ കര്‍ത്താവാണെന്ന് ഒരു സങ്കോചവുമില്ലാതെ പറഞ്ഞിരിക്കുന്നു!

യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പണ സ്തുതിപ്പില്‍ പിതാവായ ദൈവത്തോട് പുരോഹിതന്‍ അര്‍പ്പിക്കുന്ന വചസ്സുകള്‍ ശ്രദ്ധിക്കുക. 'കര്‍ത്താവായ ദൈവമേ, അങ്ങയുടെ പ്രിയപുത്രന്‍ ഞങ്ങളെ പഠിപ്പിച്ചതുപോലെ, അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങള്‍ ആചരിക്കുന്നു.' ഇതില്‍ നിന്ന് പുരോഹിതന്റെ സ്ഥാനം കര്‍ത്താവിന്റേതല്ല; മറിച്ച് ശിഷ്യരുടേതാണെന്ന് ആര്‍ക്കാണ് വ്യക്തമാകാത്തത്? 'നിങ്ങള്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുമ്പോള്‍ ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍' എന്ന് ശിഷ്യരോട് യേശു ഉപദേശിച്ചതനുസരിച്ച് പുരോഹിത നേതൃത്വത്തില്‍ നാം ഒരുമിച്ചുകൂടി സംയുക്തമായി പിതാവായ ദൈവത്തിന് സമര്‍പ്പിക്കുന്ന, കര്‍ത്താവിന്റെ പീഡാനുഭവ അനുസ്മരണ ബലിയാണ് വിശുദ്ധ കുര്‍ബാന. ഇവിടെ വ്യക്തമാകുന്നത് ദിവ്യബലിയിലെ അനുഷ്ഠാനങ്ങളില്‍ പുരോഹിതനൊപ്പം തന്നെയാണ് ദൈവജനമെന്നും കര്‍ത്താവിനെ പുരോഹിതന്‍ പ്രതിനിധാനം ചെയ്യുന്നില്ല എന്നും തന്നെയാണ്.

ദിവ്യബലിയിലെ മര്‍മ്മപ്രധാനഭാഗം ഇന്നും പലര്‍ക്കും അജ്ഞാതമാണ്. കൂദാശ സ്ഥാപന വചനങ്ങളെ അനുസ്മരിച്ചുകൊണ്ട് പിതാവായ ദൈവത്തിന് നാമര്‍പ്പിക്കുന്ന അതിന്റെ പുനരാഖ്യാനത്തെ അതിഭാവുകത്വത്തോടെ ആലങ്കാരികതയോടെ, അന്ത്യഅത്താഴ തല്‍സമയചടങ്ങെന്നപോലെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണിന്ന്. പുരോഹിതന്‍ അവരുടെ പരമാവധി അവതരണ പാടവം അതിനായി പ്രകടിപ്പിക്കുന്നതും കാണാം. എന്നാല്‍, കുര്‍ബാനയുടെ ധന്യമുഹൂര്‍ത്തമായ പദാര്‍ത്ഥ രൂപാന്തരീകരണം (transubstantiation) ഇന്ന് പലര്‍ക്കും അജ്ഞാതമാണെന്നു തോന്നുന്നു. കൂദാശ സ്ഥാപന വചന സമര്‍പ്പണശേഷം നന്ദി സൂചകമായ മൂന്നാം പ്രണാമജപം, സഭാ സമൂഹത്തിനുവേണ്ടിയുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, സഭയാണ് രക്ഷയുടെ മാര്‍ഗമെന്ന യേശുവിന്റെ സദ്വാര്‍ത്ത ലോകത്തെ അറിയിക്കുന്ന നാലാം പ്രണാമജപം എന്നിവയ്ക്കുശേഷം റൂഹാക്ഷണപ്രാര്‍ത്ഥനയുണ്ട് (എപ്പിക്ലേസിസ്). പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ അപ്പവും വീഞ്ഞും കര്‍ത്താവിന്റെ ശരീര-രക്തങ്ങളാക്കി മാറ്റുന്ന പ്രക്രിയ. പാപമോചനാര്‍ത്ഥം അര്‍പ്പകരായ നാം ഉള്‍ക്കൊള്ളുന്ന കര്‍ത്താവിന്റെ ശരീര-രക്തങ്ങളായുള്ള പരിണാമം.

അര്‍പ്പണ-അഭിമുഖ-വിവാദ പരിഹാരത്തിലുപരി അനുഷ്ഠാനപരമായ ഇത്തരം വസ്തുതകള്‍ ശ്രദ്ധിക്കേണ്ടത് നന്ന്. ഭിന്നാഭിപ്രായങ്ങള്‍ വസ്തുതാപരമായി വിലയിരുത്തേണ്ടതും ആവശ്യമെങ്കില്‍ തിരുത്തേണ്ടതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org