

ഫാ. ജോര്‍ജ് വിതയത്തില്‍,
സെന്റ് ഫ്രാന്‍സിസ് അസ്സീസി ചര്‍ച്ച്, അത്താണി
കൗമാരക്കാരുടെ (ഹയര്‍ സെക്കൻഡറി മുതല്‍) വിശ്വാസ പരിശീലനവും തുടര്‍ന്നുള്ള അവരുടെ വിശ്വാസജീവിത നിസംഗതയും ഇന്ന് ഗൗരവമായ ഒരു ചര്‍ച്ചാവിഷയമാകുന്നു. (സത്യദീപം, ലക്കങ്ങള്‍ 14, 20, 25). ഇത് ഒരു വലിയ പ്രശ്‌നവിഷയം തന്നെയെന്ന് സകലര്‍ക്കും ബോധ്യപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. അടിസ്ഥാന കാരണമായി പലവിധ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പല ഭാഗങ്ങളില്‍ നിന്നുമായി ഉയരുന്നുമുണ്ട്. ആരുടെയൊക്കെയോ ഉത്തരവാദിത്വരാഹിത്യമോ അവഗണനയോ അനാസ്ഥയോ ആണെന്ന ആരോപണവും ഉണ്ടാകുന്നുണ്ട്.
എന്നാല്‍ ഈ അഭിപ്രായങ്ങള്‍ക്കൊന്നും തന്നെ അടിസ്ഥാനമില്ലാതില്ല. എന്നാല്‍ ഏറ്റവും വലിയ കാരണം വിശ്വാസ പരിശീലന കേന്ദ്രങ്ങളുടെയും കുടുംബങ്ങളുടെയും സ്വാധീനത്തിലും സംരക്ഷണയിലും നിന്ന് കൗമാരക്കാര്‍ ക്രമേണ അകന്നു പോകുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്നതാണ്. ഈ അകലം കൗമാരക്കാരില്‍ പുതുതായ അഭിപ്രായ ആശയങ്ങളും വളര്‍ന്നുവരുവാന്‍ സാഹചര്യം സൃഷ്ടിക്കുന്നു.
വിദ്യാഭ്യാസ തുടര്‍ച്ചയ്ക്കുവേണ്ടിയുള്ള വിവിധ പ്രതികൂല സൗഹചര്യങ്ങള്‍ കുട്ടികളില്‍ മാനസികമായും ശാരീരികമായും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. യാത്രയുടെ ക്ലേശങ്ങള്‍, പഠനത്തിന്റെ ഭാരം, സ്‌പെഷ്യല്‍ ക്ലാസ്, ട്യൂഷന്‍ എന്നിവകൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു സ്ഥിതിയിലേക്കാണ് കുട്ടികള്‍ എത്തുന്നത്. പുതിയ വിദ്യാലയങ്ങളില്‍ കണ്ടുമുട്ടുന്നതും തികച്ചും വ്യത്യസ്തവുമായ ചുറ്റുപാടുകള്‍, കൂട്ടുകാര്‍, പുത്തന്‍ അറിവുകള്‍, അനുഭവങ്ങള്‍ ഇവയെല്ലാം ഒരു പുതിയ ലോകാനുഭവങ്ങളാണ് കൗമാരക്കാരില്‍ ഉണ്ടാക്കുന്നത്.
ഹൈസ്‌കൂള്‍ മുതല്‍ ആരംഭിക്കുന്ന സോഷ്യല്‍ മീഡിയായുമായുള്ള ബന്ധം ശക്തിപ്പെടുകയും അഡിക്ഷന്‍ വരെ എത്തുന്ന സൗഹചര്യം സൃഷ്ടിക്കുന്നു. എല്ലാറ്റിനും ഉപരിയായി വളര്‍ച്ചയുടേതായ പുതിയ അനുഭവങ്ങള്‍ വിചാരത്തെക്കാള്‍ വികാരത്തിനു പ്രാധാന്യം നല്കുന്നു. എല്ലാത്തിനും യുക്തിയും കാരണവും അന്വേഷിക്കുന്നു. ഈ അവസരത്തില്‍ വിശ്വാസപരിശീലന കേന്ദ്രവുമായി ഉണ്ടാകേണ്ട ബന്ധങ്ങള്‍ നഷ്ടപ്പെടുന്നു. നിസ്സംഗതയുടെ വിത്തുവിതയ്ക്കപ്പെടുന്നു.
ഈ പ്രശ്‌ന സമ്പൂര്‍ണ്ണമായ പ്രായത്തില്‍ എല്ലാത്തിനും യുക്തിയും കാരണവും അന്വേഷിക്കുമ്പോള്‍ വിശ്വാസവിഷയങ്ങള്‍ വീര്‍പ്പുമുട്ടിക്കുമെങ്കില്‍ അതിൽ അദ്ഭുതപ്പെടാനില്ല. ഇങ്ങനെ പലവിധ കാരണങ്ങളാൽ മാനസികമായും ശാരീരികമായും ഭാരപ്പെട്ടു കഴിയുന്ന കൗമാരക്കാരെ നേടുവാന്‍ അവരോടുള്ള സഹതാപ പൂര്‍ണ്ണമായ സമീപനം കൊണ്ടു മാത്രമേ സാധ്യമാകൂ. ആരോപണങ്ങളേക്കാള്‍ അനുമോദനങ്ങളും അംഗീകാരങ്ങളും പ്രോത്സാഹനങ്ങളുംകൊണ്ട് കൗമാരക്കാരുടെ ഭാവിയെക്കുറിച്ച് ബോധ്യങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുക എന്നതാണ് ആവശ്യമായിരിക്കുന്നത്.
വിശ്വാസ പരിശീലന കേന്ദ്രങ്ങള്‍ കൗമാരക്കാരുടേതായ മേല്‍വിവരിച്ച പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധവും വിശദവുമായ പഠനം നടത്തി തദനുസരണ പ്രതിവിധി മാര്‍ഗങ്ങള്‍ കണ്ടെത്തുക ഉചിതമായിരിക്കും.