ജനാഭിമുഖം-ഒടുവിലത്തെ അത്താഴം

ജനാഭിമുഖം-ഒടുവിലത്തെ അത്താഴം
  • ജെയ്‌നമ്മ മാക്‌സ്‌വെല്‍ മംഗലത്ത്, വൈക്കം

കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് കുറച്ചുനാളുകളായി പല പ്രശ്‌നങ്ങളും നമ്മുടെ അതിരൂപതയിലും ഇടവകകളിലും നടക്കുന്നുണ്ടല്ലോ? ഒരു സാധാരണ വിശ്വാസിയായ ഞാന്‍ ഒന്നു രണ്ട് കാര്യങ്ങള്‍ നമ്മുടെ റാഫേല്‍ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ അനുസ്മരണമാണല്ലോ, നമ്മളെല്ലാം പള്ളികളിലും സ്ഥാപനങ്ങളിലും വീടുകളിലും വയ്ക്കുന്ന അന്ത്യഅത്താഴത്തിന്റെ ഫോട്ടോകള്‍. ഈ ഫോട്ടോ എന്തുകൊണ്ടാണ് ചിത്രകാരന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി വരച്ചത്? അങ്ങനെ വരച്ചതുകൊണ്ടാണ് അതിന് ജീവന്‍ ഉള്ളതായി തോന്നുന്നത്. ഈ ഫോട്ടോ (ഇശോയും ശിഷ്യന്മാരും) തിരിഞ്ഞിരിക്കുന്ന രീതിയില്‍ വരച്ചാല്‍ എന്ത് പ്രാധാന്യമാണ് ഉണ്ടാവുക. അതുപോലെ തന്നെ അല്ലേ, ഈശോ സ്ഥാപിച്ച വിശുദ്ധ കുര്‍ബാന അതിന്റെ അനുസ്മരണമായി ജനങ്ങള്‍ക്ക് കാണുന്ന രീതിയില്‍ അര്‍പ്പിക്കുന്നത്. എന്നെപ്പോലുള്ള സാധാരണക്കാരുടെ അഭിപ്രായത്തില്‍ ഭക്തിപരമായ ബലിയര്‍പ്പണം ജനങ്ങള്‍ക്ക് അഭിമുഖമായാണ്.

കാസയും പീലാസയും ഉയര്‍ത്തുന്ന സമയത്തുണ്ടാകുന്ന ഒരു അനുഭൂതി, തിരിഞ്ഞു നിന്ന് ആരെയും കാണിക്കാതെ ഉയര്‍ത്തിയാല്‍ ഉണ്ടാകില്ല (പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഇരുട്ടത്ത് തുണിപൊക്കുന്ന പോലെ). ഞങ്ങളുടെ ഇടവകയിലും ചുരുക്കം ചിലര്‍ ഏകീകരണം എന്നു പറഞ്ഞ് നടക്കുന്നുണ്ട്. എന്തിന്? അങ്ങനെ എങ്കില്‍ മാര്‍പാപ്പയും പിതാക്കന്മാരും ചേര്‍ന്ന് അന്ത്യഅത്താഴത്തിന്റെ ഫോട്ടോകള്‍ തിരിച്ചുവയ്ക്കാന്‍ ആവശ്യപ്പെടുകയും, ഇപ്പോള്‍ നേരെ ഇരിക്കുന്ന എല്ലാ ഫോട്ടോകളും എടുത്ത് മാറ്റാനും പറയണം. ഒരു കാര്യവുമില്ലാത്ത കാര്യത്തിനാണ് ഈ ബഹളങ്ങളൊക്കെ.

ഈശോ എന്തായാലും തിരിഞ്ഞു നില്‍ക്കുന്നതിനും നേരേ നില്‍ക്കുന്നതിനും എതിരല്ല. സമാധാനം ആണ് ഈശോ ആഗ്രഹിക്കുന്നത്. ഏകീകരണം ഇല്ലെങ്കില്‍ കുര്‍ബാന ഈശോ സ്വീകരിക്കില്ലേ? നിങ്ങള്‍ അച്ചന്മാര്‍ തിരിഞ്ഞു നിന്നാലും മറിഞ്ഞു നിന്നാലും തലകുത്തി നിന്നാലും നേരേ നിന്നാലും ഒരു പ്രശ്‌നവുമില്ല എന്ന് ചിന്തിക്കുന്ന ഞങ്ങളെപ്പോലുള്ള സാധാരണക്കാരന്റെ അവസ്ഥ കൂടി മനസ്സിലാക്കണം. ഇനി അതല്ല ഏകീകരണം എന്ന് വാശിപിടിക്കാതെ, എറണാകുളം അതിരൂപതയ്ക്ക്, ആ അതിരൂപതയുടെ താല്പര്യം മാനിക്കാന്‍ സാഹചര്യം ഒരുക്കുക. ഈ രൂപതയിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരും ജനാഭിമുഖ കുര്‍ബാനയാണ് ഇഷ്ടപ്പെടുന്നത്.

ഇപ്പോള്‍ തന്നെ കുര്‍ബാന മധ്യേ കുട്ടികള്‍ കളിയും ചിരിയുമാണ്. അപ്പോള്‍ പിന്നെ അച്ചന്മാര്‍ തിരിഞ്ഞു നിന്നാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്. ജനാഭിമുഖമാണെങ്കില്‍ അച്ചന്‍ കാണും എന്നെങ്കിലും ചിന്തിക്കും. മറ്റ് മതസ്ഥരുടെ മുന്നില്‍ ഇപ്പോള്‍ അവഹേളനാപാത്രങ്ങളാണ് ക്രിസ്ത്യാനികള്‍. മുമ്പ് ക്രിസ്ത്യാനി ആണെന്നതില്‍ അഭിമാനിച്ചിരുന്നു.

എന്തായാലും ജനാഭിമുഖമായ കുര്‍ബാനയ്ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു (മാര്‍പാപ്പയെ ഫോളോ ചെയ്യുന്നവര്‍ മാര്‍പാപ്പ ചൊല്ലുന്ന രീതിയില്‍ കുര്‍ബാന അര്‍പ്പിക്കുക) അതിന് റീത്തും ബൊക്കെയും ഒന്നും നോക്കണ്ട. ഇതെല്ലാം മനുഷ്യന്‍ ഉണ്ടാക്കിയതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org