എറണാകുളം-അങ്കമാലി അതിരൂപതയിലെ ജനാഭിമുഖ കുര്‍ബാന

പി.പി. വര്‍ഗീസ്, പൈനാടത്ത് ഹൗസ്

മാര്‍പാപ്പയെ അനുസരിക്കുന്നെങ്കില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് പാപ്പയുടെ പ്രതിനിധി അഭിവന്ദ്യ ആര്‍ച്ചുബിഷപ് സിറില്‍ വാസില്‍ തിരുമേനിയുടെ പ്രസ്താവന ആഗസ്റ്റ് 16-ലെ മനോരമ പത്രത്തില്‍ കണ്ട വാര്‍ത്തയാണ് ഈ കുറിപ്പിന് കാരണമായത്.

പരിശുദ്ധ പിതാവും കത്തോലിക്കാ സഭയി ലെ 80% ത്തിനുമേല്‍ വിശ്വാസി സമൂഹങ്ങളും ജനാഭിമുഖമായി വിശുദ്ധ കുര്‍ബാന സന്തോഷത്തോടെ അര്‍പ്പിക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ സീറോ മലബാര്‍ സഭയ്ക്കു പാപ്പയോടുള്ള അനുസരണത്തിന്റെ അടയാളം അള്‍ത്താര അഭിമുഖ കുര്‍ബാന അര്‍പ്പണം മാത്രമാണെന്ന് പ്രസ്താവിച്ചിരിക്കുന്നത് ഉള്‍ക്കൊള്ളാന്‍ സാധാരണ വിശ്വാസികള്‍ക്ക് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

കഴിഞ്ഞ 50 കൊല്ലക്കാലം മാര്‍പാപ്പയുടെ ബലി അര്‍പ്പണ രീതിയില്‍, സീറോ-മലബാര്‍ സഭയിലും അര്‍പ്പിക്കപ്പെട്ടിരുന്ന ജനാഭിമുഖ കുര്‍ബാന തുടരണമെന്ന നിലപാടില്‍ എന്തു തെറ്റാണുള്ളതെന്നു വിശ്വാസികള്‍ക്കു മനസ്സിലാകുന്നില്ല. മാര്‍പാപ്പയുടെ ബലി അര്‍പ്പണ രീതിയോട് ചേര്‍ന്നു പോകുന്ന ജനാഭിമുഖ കുര്‍ബാന തുടരുവാന്‍ സീറോ മലബാര്‍ സഭയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും ആഗ്രഹിക്കുന്നു.

കുര്‍ബാന കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും പാപ്പയുടെ പ്രതിനിധി വ്യക്തമാക്കിയിരിക്കുന്ന പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സീറോ-മലബാര്‍ സഭയിലെ എല്ലാ പിതാക്കന്മാരെയും വൈദികരെയും, സന്യസ്തരെയും, അല്‍മായരെയും ഉള്‍പ്പെടുത്തി രൂപതാടിസ്ഥാനത്തില്‍ വോട്ടെടുപ്പ് ജനാധിപത്യ രീതിയില്‍ നടത്തി ഭൂരിപക്ഷാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട കുര്‍ബാന രീതി അംഗീകരിക്കുന്ന നിലപാടാണ് സഭാനേതൃത്വം/സിനഡ് നടപ്പിലാക്കേണ്ടത്. പ്രതിസന്ധികള്‍ അവസാനിപ്പിക്കാതെ, അച്ചടക്കവാള്‍ വീശി സ്വാര്‍ത്ഥ നിലപാട് തുടരുന്ന ''ശരിയുടെ കുത്തകക്കാര്‍'' അത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വര്‍ക്കി പിതാവിന്റെ കാലത്ത് ഉണ്ടായിരുന്ന തുറവിയുടെയും ഒരുമയുടെയും അനുഭവവും പ്രവര്‍ത്തനങ്ങളും സഭയില്‍ വീണ്ടും ഉണ്ടാകട്ടെ! പരിശുദ്ധ പിതാവിന്റെ ബലി അര്‍പ്പണത്തോട് ചേര്‍ന്നുപോകുന്ന ജനാഭിമുഖ കുര്‍ബാന സീറോ മലബാര്‍ സഭയില്‍ ആകമാനം നടപ്പാക്കണമെന്ന വിനീതമായ അപേക്ഷയോടെ, ആഗ്രഹത്തോടെ, പ്രാര്‍ത്ഥനയോടെ നിറുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org