ഇടം ഉണ്ടാക്കിയ പ്രബുദ്ധത

ഇടം ഉണ്ടാക്കിയ പ്രബുദ്ധത

Published on
  • സി ഓ പൗലോസ് ചക്കച്ചാംപറമ്പില്‍, ഇരിങ്ങാലക്കുട

സത്യദീപം, പുസ്തകം 97, ലക്കം 29 ലെ ബഹുമാനപ്പെട്ട പോള്‍ തേലക്കാട്ടിന്റെ 'കാര്‍ഡിനല്‍ ഇടം ഉണ്ടാക്കിയ പ്രബുദ്ധത' എന്ന ലേഖനം വായിച്ചു. പാറേക്കാട്ടില്‍ പിതാവ് സഭയുടെ നവീകരണത്തിനും ഉന്നതമായ സഭാപാരമ്പര്യങ്ങള്‍ക്കും അനുസൃതമായി സഭയെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ ശ്രമിക്കുകയും അധ്വാനിക്കുകയും ചെയ്ത നല്ലൊരു അജപാലകനും താപസശ്രേഷ്ഠനുമായിരുന്നുവെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ലേഖനത്തിന്റെ അവസാന ഭാഗങ്ങളില്‍ ലത്തീന്‍ സഭാവിരോധത്തെ ഒരു സൂചനയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ ഒരു സ്പര്‍ദ്ധ സൂക്ഷിക്കേണ്ട കാര്യം. രാജവാഴ്ചയ്ക്ക് സമാനമായ അധികാരം ഞങ്ങള്‍ക്കും ലഭിക്കണം എന്ന ബാലിശമായ വാദം സുവിശേഷാത്മകമല്ല. പാറേക്കാട്ടില്‍ പിതാവിന്റെ സഭാനവീകരണ പ്രവര്‍ത്തനങ്ങളെ ആരുടെയൊക്കെയോ ചരടുവലിയിലൂടെ തരംതാഴ്ത്തുവാന്‍ ശ്രമിച്ചത് സഭയുടെ അന്തഃസത്ത ചോര്‍ത്തിക്കളയുന്ന ഒരു പ്രവണതയായി മാറിയിരുന്നു. ജോണ്‍ 23-ാം മാര്‍പാപ്പ സൂനഹദോസ് വിളിച്ചത് വത്തിക്കാന്‍ കൊട്ടാരത്തിന്റെ ജനല്‍പാളികള്‍ പുറത്തേക്കു തുറന്ന് സഭയ്ക്കകത്തും പുറത്തും കാറ്റും വെളിച്ചവും ലഭിക്കട്ടെ എന്ന നല്ല ഉദ്യേശത്തോടെയായിരുന്നു. ആ സൂനഹദോസ് സഭാനവീകരണത്തിന് എത്രയോ നല്ല തുടക്കമായിരുന്നു. അഭിവന്ദ്യ പാറേക്കാട്ടില്‍ പിതാവ് സീറോ മലബാര്‍ സഭയ്ക്ക് നല്ലൊരു അടിത്തറ പാകിയ ദീര്‍ഘദൃഷ്ടിയുള്ള ശില്പിയായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ലത്തീന്‍ വിരോധം മൂത്ത് ഞങ്ങള്‍ക്കും അധികാരം വേണമെന്ന ആവശ്യമുണ്ടായി. പൗരസ്ത്യ ദൈവശാസ്ത്രം സഭയുടെ വളര്‍ച്ചയ്ക്ക് നല്ലതല്ല എന്ന എളിയ അഭിപ്രായമുണ്ട്. ആ മനോഭാവം ബന്ധപ്പെട്ടവര്‍ മാറ്റിയെടുക്കണം. എങ്കില്‍ മാത്രമേ ക്രിസ്തു വിഭാവനം ചെയ്ത നല്ലൊരു കത്തോലിക്കാസഭ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ ലക്ഷ്യപ്രാപ്തിക്കായി അഭിവന്ദ്യരായ സഭാപിതാക്കന്മാര്‍ ശ്രമിക്കട്ടെ എന്ന് എളിയ അഭിപ്രായമുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org