എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇനിയും രക്തസാക്ഷികളെ കെട്ടി ഏല്പിക്കണമോ?

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇനിയും രക്തസാക്ഷികളെ കെട്ടി ഏല്പിക്കണമോ?

മാത്യു ഓലിക്കല്‍ (മോം), കാക്കനാട്

കേരള നസ്രാണി സഭയുടെ തന്നെ സ്ഥാനികതയും പൗരാണികതയും ഉള്ള പ്രമുഖ ദേവാലയം! ഹയരാര്‍ക്കിയുടെ ശതാബ്ദിയും ഘോഷിച്ചത്, മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ അഭിമാനമായ ബസിലിക്ക, വിശുദ്ധിയിലും പാണ്ഡിത്യത്തിലും വേദ ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും വിജ്ഞരും പ്രഗത്ഭരുമായവരും, ആഗോള കത്തോലിക്കാ സഭയില്‍ തന്നെ പല രംഗത്തും വിരാജിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള മാര്‍ ലൂയിസ് പഴേപറമ്പില്‍, മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍, മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ തുടങ്ങിയ വന്ദ്യപിതാക്കന്മാരുടെ പാവനസ്മരണകള്‍ ഏറ്റുവാങ്ങിയ ബസിലിക്കാ എന്ന ചരിത്രദേവാലയം, അടച്ചിട്ടിട്ട് ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ കഴിഞ്ഞു! നേതൃപിതാക്കന്മാര്‍ക്ക് ഒരു കുണ്ഠിതവുമില്ലേ? ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ല.

ഇനി പള്ളി തുറക്കേണ്ടേ? ഞായറാഴ്ച കുര്‍ബാന അല്‍മേനി കണ്ടില്ലെങ്കില്‍ അതിന്റെ കടം ആരു തീര്‍ക്കും? ഈ വലിയ ചോദ്യം ഈ ആത്മീയ പിതാക്കന്മാരുടെയും സിനഡാലിറ്റി ഘോരഘോരം പ്രസംഗിക്കുന്ന സിനഡിന്റെയും മുമ്പില്‍ വയ്ക്കുകയാണ്. അതോ ഇപ്പോള്‍ കോവിഡുകാലത്തെപ്പോലെ ഞായറാഴ്ച കടം ഒഴിവാക്കിയോ?

കോവിഡുകാലത്ത് ടി വി യില്‍ കുര്‍ബാന കണ്ടാല്‍ മതിയായിരുന്നു പോലും! പിന്നെ എന്തിനാണ് ഇപ്പോള്‍ പള്ളിയില്‍ പോകണം? ഇത്യാദി ചോദ്യങ്ങള്‍ അല്‍മേനി ചോദിക്കുമെങ്കില്‍ അതിന് മേല്‍കൂട്ടര്‍ ഉത്തരം പറയണം. എന്നു പറഞ്ഞാല്‍ ഇതു വിശ്വാസത്തിന്റെ പ്രശ്‌നമാണ്. തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ് പിതാക്കന്മാര്‍.

ഈ ചരിത്രം ഉറങ്ങുന്ന പള്ളിയില്‍ നിന്ന് ഒന്നും രണ്ടുമല്ല! നാലു പിതാക്കന്മാരെ അധികാര ദണ്ഡുപയോഗിച്ച് നാലുപാടും പായിച്ചു. ഇതുപോലെ കുഞ്ഞാടുകളെയും ചിതറിക്കും. അവസാനം എറണാകുളം-അങ്കമാലി അതിരൂപത വെട്ടി നുറുക്കി പല കഷ്ണങ്ങളായി ഇല്ലായ്മ ചെയ്യണം. ഇതല്ലേ ഇതിന്റെ പിന്നിലുള്ള ബുദ്ധി.

ഈ സമയം ചരിത്രം ഓര്‍മ്മിക്കാതിരിക്കുവാന്‍ സാധിക്കുന്നില്ല. മലയാറ്റൂര്‍ പള്ളിയില്‍ കുര്‍ബാന ചൊല്ലിയതിന്റെ പേരില്‍ പനച്ചിക്കല്‍ വര്‍ഗീസ് കത്തനാരെ അര്‍ധരാത്രിയില്‍ വരാപ്പുഴ കൊണ്ടുപോയി കട്ടിലില്‍ മലര്‍ത്തി കിടത്തി ബന്ധിച്ച് വേലക്കാരെ കൊണ്ടു മര്‍ദിച്ചു (ഭാരത സഭാ ചരിത്രം, ഫാ. സേവ്യര്‍ കൂടപ്പുഴ, പേജ് 363). ഇടപ്പള്ളി വികാരിയും കല്ലൂര്‍ക്കാട് ഇടവകാംഗവുമായ ഇക്കാക്കോ കത്തനാരെ (ഫാ. ജേക്കബ് പുത്തന്‍പുരക്കല്‍) കള്ളക്കേസ്സില്‍ കുരുക്കി വരാപ്പുഴ കൊണ്ടുപോയി തടവില്‍ പട്ടിണിക്കിട്ട് വധിച്ചു. ശവം കൈതോല പായില്‍ പൊതിഞ്ഞുകെട്ടി പുറമ്പോക്കില്‍ കുഴിച്ചിട്ടു (തിരുസഭാചരിത്രം, ഫാ. സേവ്യര്‍ കൂടപ്പുഴ, പേജ് 361). ഇങ്ങനെ എത്ര എത്ര പീഡനങ്ങള്‍. ഇതെല്ലാം വിദേശീയരില്‍ നിന്നാണെങ്കില്‍, ഇന്ന് സ്വദേശീയരില്‍ നിന്ന് തന്നെ ഈ അതിരൂപതയ്ക്ക് ഏറ്റു വാങ്ങേണ്ടിവരുന്നു എന്നതും ചരിത്രത്തിന്റെ വൈകൃതി!

മാത്രവുമല്ല അന്നത്തെ വിദേശ മേല്‍ക്കോയ്മയോട് ഇടഞ്ഞു നിന്നിരുന്ന പഴേപറമ്പില്‍ ലൂയിസച്ചന്‍, കീരി വര്‍ഗീസച്ചന്‍, മാതേയ്ക്കല്‍ മത്തായിയച്ചന്‍, ശങ്കുരിക്കല്‍ പൗലോസച്ചന്‍, ചാവറ യൂസേപ്പച്ചന്‍, മീനാട്ടൂര്‍ എമ്മാനുവല്‍ അച്ചന്‍, തറവട്ടത്തില്‍ ഹില്ലാരിയോസച്ചന്‍ എന്നിവരെ അവരുടെ ആസ്ഥാനങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കുകയും അവര്‍ക്ക് ഏഴു വ്യാകുലങ്ങള്‍ എന്ന അധികപേര്‍ നല്കുകയും ചെയ്തു. അന്ന് ബോംബെയിലെ വികാരി അപ്പസ്‌തോലിക്കായും അപ്പസ്‌തോലിക്ക് വിസിറ്റര്‍ എന്ന നിലയില്‍ മലയാളത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത ''ലെയോണ്‍ മെമുറിന്‍'' ആണ് ഈ വിശേഷാല്‍ നാമകരണം നടത്തിയത് എന്നും ബര്‍ണാര്‍ദ് അച്ചന്റെ ''മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍'' എന്ന ചരിത്ര ഗ്രന്ഥത്തില്‍ 766 വശങ്ങളില്‍ വിവരിക്കുന്നു.

ഉലഹന്നാന്‍ മാപ്പിളയുടെ 'പീടിയേക്കല്‍ കൊച്ചേപ്പച്ചന്‍' എന്ന ചരിത്രഗ്രന്ഥത്തില്‍ 162, 163 വശങ്ങളില്‍ മേല്‍പറഞ്ഞ അച്ചന്മാര്‍ മാന്നാനം സെമിനാരിയില്‍ മല്പാന്മാര്‍ ആയിരുന്നപ്പോള്‍ വരാപ്പുഴ മെത്രപൊലീത്തയുടെ 'കാശാഘാതം' മൂലം സപ്തവ്യാകുലങ്ങളുടെ മുദ്ര സ്വീകരിച്ചത് എന്ന് വിവരിക്കുന്നു. തുടര്‍ന്ന് ഏഴു വ്യാകുലങ്ങള്‍ ബഹിഷ്‌കൃതനായ കാലത്ത് മാന്നാനം സെമിനാരിയില്‍ ഡിസിപ്ലിന്‍ നല്ല ചിട്ടയില്‍ നിലവിലിരുന്നു എന്നും വിവരിക്കുന്നു.

അന്നത്തെ ഏഴു വ്യാകുലങ്ങള്‍ അച്ചന്മാരെങ്കില്‍ ഇന്നത് നാല് വന്ദ്യപിതാക്കന്മാര്‍ ആണെന്നുള്ള വ്യത്യാസം! അതും നമ്മുടെ സ്വന്തം ഭരണാധികാരികളില്‍ നിന്നു തന്നെ! ഇതുപോലെ തന്നെ അക്കാലത്ത് ഒന്‍പത് ആറാം പട്ടക്കാര്‍ക്ക് കുര്‍ബാന പട്ടം കൊടുക്കാത്ത ഒരു സംഭവവും ചരിത്ര താളുകളില്‍ വിവരിക്കുന്നു. അവരെ ഒന്‍പത് 'കന്തങ്ങള്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇന്ന് നമ്മുടെ ആറാം പട്ടക്കാര്‍ കുര്‍ബാന പട്ടം കിട്ടാന്‍ വേണ്ടി ഇതേവേദിയില്‍ കാത്തിരിക്കുകയല്ലേ? അങ്ങനെയും ചരിത്രം ആവര്‍ത്തിക്കുന്നു - തീര്‍ന്നില്ല! ചരിത്രത്തിന്റെ വിളയാട്ടം! ഫാ. കൂടപ്പുഴയുടെ 'തിരുസഭാചരിത്രം' പേജ് 292ല്‍ 1599 ല്‍ അങ്കമാലി അതിരൂപത തരംതാഴ്ത്തപ്പെടുന്ന ടി പുസ്തകം 297-ാം പേജില്‍ 1608 ല്‍ വീണ്ടും അതിരൂപത പദവി അങ്കമാലിക്ക് തിരിച്ചു ലഭിക്കുന്നു. അന്നെല്ലാം ഈ കളികള്‍ക്കെല്ലാം ചൂട്ടു പിടിക്കുവാനും ചുക്കാന്‍ പിടിക്കുവാനും ഡോമിനിക്കല്‍, കര്‍മ്മലീത്ത, അഗസ്റ്റീനിയന്‍, ഈശോസഭ, ഫ്രാന്‍സിസ്‌കന്‍ തുടങ്ങി സന്യാസ സഭക്കാരും ഉണ്ടായിരുന്നു എന്നതും ചരിത്രം - ഇതിലേക്കാണോ ചരിത്രം ഇനി വിരല്‍ ചൂണ്ടുന്നത്.

ഇന്ന് പിതാക്കന്മാര്‍ 'കുഞ്ഞാടുകളെ' വച്ച് ലേലം വിളിക്കുന്നു. റബ്ബറിനു വില കൂട്ടിയാല്‍, കുരുമുളകിനു വില കൂട്ടിയാല്‍ എം പി, എം എല്‍ എ, ഇങ്ങനെ! പാവം അല്‍മേനികള്‍ അന്തംവിട്ട് വാ പൊളിച്ചു നില്ക്കുന്നു! 'വോട്ട്' എന്ന സാധനത്തിന് ഈ തരത്തില്‍ വിലപേശേണ്ടതാണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org