പാപ്പയെ കരുവാക്കി 'ഇടയലേഖനം' 'പരസ്യ'മാക്കുമ്പോള്‍

സിബി മങ്കുഴിക്കരി, തണ്ണീര്‍മുക്കം

'വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടുവയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു.' ഈ വാചകങ്ങള്‍ ഏപ്രില്‍ 15-ന് കേരളത്തിലെ മലയാള മനോരമ ദിനപത്രത്തില്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ എന്ന പേരില്‍ വന്ന ഒരു നീണ്ട കത്തിലെ വാചകങ്ങള്‍ ആണ്. 'പത്ര പരസ്യം' എന്ന് സൂചിപ്പിക്കുന്നതിന് 'പരസ്യം' എന്ന് എഴുതിയിട്ടുണ്ട്.

ഇത് വായിക്കുന്ന ഒരു സാധാരണക്കാരന് ഉണ്ടാവുന്ന ചില സംശയങ്ങള്‍ പങ്കുവയ്ക്കട്ടെ:

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അല്മായ വിശ്വാസികള്‍ക്ക് കത്ത് എഴുതി പത്രപരസ്യത്തിലൂടെ ജനങ്ങളെ അറിയിക്കാന്‍ തുടങ്ങിയത് എന്നു മുതലാണ്?

ലോകത്തില്‍ തന്നെ ഏറ്റവും ശക്തമായ ആശയ വിനിമയ സംവിധാനമുള്ള സഭ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് എന്തിന്?

വൈഷമ്യം നിറഞ്ഞതും, വേദനാജനകവുമായ ഒരു കാര്യം ചെയ്യാന്‍ ലോകം അറിയുന്ന ഫ്രാന്‍സിസ് പാപ്പ പറയും എന്ന് ഏതെങ്കിലും ഒരു വ്യക്തി കരുതുന്നുണ്ടോ? അതുകൊണ്ട് തന്നെ ഇത് ഒരു വ്യാജ കത്താണ് എന്ന് ജനം തിരിച്ചറിയില്ലെ?

ഈ പരസ്യത്തിന് നാലര ലക്ഷം രൂപയാണ് ചെലവ് (അന്വേഷിച്ചറിഞ്ഞത്).

വത്തിക്കാന്റ വെബ്‌സൈറ്റില്‍ പാപ്പയുടെ കത്തുകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു കത്തിന്റെ പേരില്‍ അത്യന്തം അസാധാരണമായ ഒരു പ്രചാരണ രീതിയോടെ ഉയിര്‍പ്പ് തിരുനാള്‍ കാലങ്ങളെ അലങ്കോലപ്പെടുത്താനുള്ള സ്ഥാപിത താല്പര്യക്കാരുടെ ശ്രമങ്ങളെ സത്യദീപം പോലുള്ള സഭയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.

ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാനും, യഥാര്‍ത്ഥ വസ്തുതകള്‍ പൊതുസമൂഹത്തെ അറിയിക്കാനുമള്ള ഉത്തരവാദിത്വം സത്യദീപം ഏറ്റെടുക്കണം. ആര്‍ക്കും എന്തും എഴുതി 'പരസ്യം' എന്ന പേരില്‍ പ്രചരിപ്പിക്കാം എന്ന ഗീബല്‍സിയന്‍ ശൈലി തിരുത്തേണ്ടത് തന്നെയാണ്.

Related Stories

No stories found.