
എം എം തോമസ് മേനാച്ചേരി, ഞാറയ്ക്കല്‍
വിഷയം കുടുംബത്തില്‍ സംഭവിക്കുന്ന മരണത്തെക്കുറിച്ചുള്ള പത്രപരസ്യ അറിയിപ്പിനെക്കുറിച്ചു തന്നെ. മാതാപിതാക്കളുടെ മരണം പോലും ആഘോഷമാക്കി ആര്‍ഭാടത്തോടെ പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത് വലിയ തറവാടിത്തമായിട്ടാണ് പലരും കാണുന്നത്. ചരമ അറിയിപ്പിനോടൊപ്പം മക്കളുടെയും മരുമക്കളുടെയും പേരു വിവരങ്ങള്‍ ചേര്‍ക്കുന്നത് മനസ്സിലാക്കാം.
പക്ഷെ, ഇവിടെ അറിയിപ്പ് കൊടുക്കുന്ന 'ദുഃഖാര്‍ഥരായ' മക്കളുടെ വര്‍ണ്ണനകളാണ് ഏറ്റവും ഭീകരം, സന്തപ്തമക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍, ചെറുമക്കള്‍ അവരുടെ ജീവിതപങ്കാളികള്‍... പിന്നെ പറ്റുമെങ്കില്‍ അവരുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ വരെ! മേല്പടിയാന്മാരുടെ വിദ്യാഭ്യാസ യോഗ്യത, ജോലി, സ്ഥാനം, താമസം, അവര്‍ ഇപ്പോള്‍ തങ്ങിയിരിക്കുന്ന സുഖവാസകേന്ദ്രം... അതു വേറെ 'മുള്ളിയപ്പോള്‍ തെറിച്ച' ബന്ധത്തില്‍ ഒരു അച്ചനോ കന്യാസ്ത്രീയോ ഉണ്ടെങ്കില്‍ അവരുടെ പേരും ചേര്‍ക്കാന്‍ അവസരം.
മെത്രാനോ ബാവമാരോ സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുവാനുണ്ടെങ്കില്‍ അത് പ്രത്യേകം ചേര്‍ക്കണം. ആഘോഷത്തിന് പൊലിമ കൂടട്ടെ. അവര്‍ വരുന്നില്ല എന്ന് ഉറപ്പുണ്ടെങ്കിലും പങ്കെടുക്കും എന്നു തന്നെ കൊടുക്കണം. അതുപോലെ, ഏറ്റവും പരിഹാസ്യമായ മറ്റൊന്നാണ് 'കുടുംബക്കല്ലറ' മാഹാത്മ്യം വിളംബരം ചെയ്യുന്നത്. മൃതദേഹസംസ്‌കാരം ഇന്ന ദിവസം ഇത്ര മണിക്ക് ഇന്ന പള്ളി സിമിത്തേരിയില്‍ എന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായി. അല്ലാതെ, ഇന്ന പള്ളി സിമിത്തേരിയിലെ കുടുംബക്കല്ലറയില്‍ എന്ന് ഊന്നി പറയേണ്ട ആവശ്യമെന്ത്? ഇതു കണ്ടാല്‍ തോന്നും സിമിത്തേരി എന്നു പറയുന്നത് ഒരു ജില്ല മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒന്നാണെന്നും, ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ മണിക്കൂറുകളോളം കല്ലറ അന്വേഷിച്ച് അലയേണ്ടി വരുമെന്നും!
കുടുംബത്തിലെ കുട്ടികള്‍ക്ക് വിവാഹാലോചന വരുമ്പോള്‍ 'തറവാട്ടു മുറ്റത്ത് നാല് ആനയുണ്ട്' എന്നു ഗമ പറയുന്ന പോലെയാണല്ലോ, ചെറുക്കന്‍ വീട്ടുകാര്‍ക്ക് / പെണ്‍കൂട്ടര്‍ക്ക് കുടുംബക്കല്ലറയുണ്ട് എന്നു പറയുന്നത്! ഹൈറേഞ്ചില്‍ അമ്പത് ഏക്കര്‍ തോട്ടമുണ്ട് എന്നു പറയുന്നതിനേക്കാള്‍ വിലയുണ്ട് എറണാകുളത്ത് ഒരു സെന്റ് ഭൂമിയുണ്ട് എന്നു പറയുന്നത്. കുടുംബക്കല്ലറ മാഹാത്മ്യത്തില്‍ ആഢ്യത്തം കാണുന്നവര്‍ സ്വന്തം ഇടവക വിട്ടിട്ട് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലോ, സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലിലോ ഇടവക ചേരട്ടെ.
മരണാനന്തരം, മാതാപിതാക്കള്‍ കേരളത്തിലെ ഏറ്റവും വില പിടിച്ച സ്ഥലത്തെ ആറടി മണ്ണിന്റെ ഉടമകളാണെന്ന് ഈ പൊന്നുമക്കള്‍ക്ക് ഊറ്റം കൊള്ളാമല്ലോ...