സര്‍ക്കാര്‍ ജീവനക്കാരെ അവഹേളിക്കരുതേ

സര്‍ക്കാര്‍ ജീവനക്കാരെ അവഹേളിക്കരുതേ

ഫാ. ലൂക്ക് പൂതൃക്കയില്‍ എഴുതിയ '60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും 10,000 രൂപാ പെന്‍ഷന്‍" എന്ന ലേഖനം ആഗസ്റ്റ് 12-ലെ സത്യദീപം പതിപ്പില്‍ വായിക്കുകയുണ്ടായി.
ലേഖനത്തിന്റെ ആദ്യഭാഗത്ത് 'രാജ്യത്തിന്റെ റവന്യു വരുമാനം മുഴുവന്‍ നിയമ നിര്‍മാണം വഴി ഒരിടത്ത് കൂട്ടുന്നത് രാഷ്ട്രീയക്കാരും, അത് വാങ്ങിച്ചെടുക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുമാണ്' എന്ന് പ്രയോഗി ച്ചിരിക്കുന്നത് ഇക്കാര്യങ്ങളെക്കുറിച്ച് ലേഖകന് യാതൊരുവിധ ബോധ്യങ്ങളും അടിസ്ഥാന വിവരവും ഇല്ലാതെ, രാഷ്ട്രീയക്കാരെയും സര്‍ക്കാര്‍ ജീവനക്കാരെയും ഒരു പോലെ പൊതുജന സമക്ഷം അവഹേളിക്കുന്നതും ഇവരുടെ ആത്മാഭിമാനത്തിന് മാനഹാനി ഉണ്ടാക്കുന്നതുമാണ്.
'സര്‍ക്കാര്‍ ജോലിയില്ലാത്ത പൊതുജനങ്ങള്‍ക്ക് നിശ്ചിത പ്രായം കഴിയുമ്പോള്‍ സാമ്പത്തിക സ്ഥിതി നോക്കാതെ സര്‍ക്കാരില്‍നിന്ന് പെന്‍ഷന്‍ അനുവദിക്കണം' എന്ന കേരളം പോലെയുളള ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് പൂര്‍ണ്ണമായി നടപ്പിലാക്കുവാന്‍ സംശയമുള്ള ഒരു അപ്രാ യോഗിക വിഷയത്തെ ഉ യര്‍ത്തി കാട്ടുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ വേല ചെയ്യുന്നതിന് കൂലിയായി ലഭിക്കുന്ന ശമ്പ ളവുമായി താരതമ്യം ചെയ്ത് സര്‍ക്കാര്‍ ജീവനക്കാരെ ഇകഴ്ത്തുന്നത് നിലവാരമില്ലാത്ത മാനസികാവസ്ഥ ഉള്ളവര്‍ക്കേ സാധിക്കുകയുള്ളൂ.
തുല്യ അവകാശം, തുല്യനീതി, തുല്യ വിതരണം എന്നിങ്ങനെ മറ്റുള്ളവരെ ഉത്തേജിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വേല ചെയ്ത് കൂലി വാങ്ങുന്നവരെ താഴ്ത്തിക്കെട്ടി ഈ വിധത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വേല ചെയ്യുന്നില്ലായെന്നോ, അര്‍ഹതയില്ലാതെ കിട്ടുന്ന ആനുകൂല്യം മാത്രമാണ് ശമ്പളം എന്നോ വായിക്കുന്നവര്‍ തെറ്റിദ്ധരിക്കും.
ഒരു ആനുകുല്യം നേടുന്നതിനായി ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മാറ്റൊരു വിഭാഗത്തെ ഇകഴ്ത്തുന്ന തിന്റെ മാനസികാവസ്ഥ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുമില്ല.
സര്‍ക്കാര്‍ ജീവനക്കാരില്‍ ആകെയുള്ളവരില്‍ 85-90% ആളുകളും മാസം 35,000 രൂപ വരെ ശമ്പളം വാങ്ങുന്ന ചീി ഏമ്വലേേല വിഭാഗത്തില്‍ പ്പെട്ടവരാണ്. ഇവരുടെ ഈ ശമ്പളത്തില്‍ നിന്ന് നിയമപ്രകാരമുള്ള തിരിച്ചടവുകളും കട്ടിംഗിനും ശേഷം കൈയില്‍ കിട്ടുന്ന 20000-22000 രൂപാ വെച്ചു വേണം ലേഖകന്റെ ഭാഷയില്‍ രാജകീയമായി ജീവിച്ച് കുട്ടികളെ പഠിപ്പിച്ച്, ആശുപത്രി ചിലവുകള്‍ക്കും, വീട്ടുച്ചിലവുകള്‍ക്കും വിനോദങ്ങള്‍ക്കുമായി ഓരോ സര്‍ക്കാര്‍ ജീവനക്കാരും ഉപയോഗിക്കുവാന്‍.
ഈ പറഞ്ഞ വിഭാഗത്തിലെ NGO മാരില്‍ നല്ലൊരു ശതമാനവും പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം, വനപാല കര്‍, എക്‌സൈസ്, അഗ്‌നിശമന വിഭാഗം തുടങ്ങി പൊതുജനങ്ങള്‍ക്ക് നേരിട്ടു സേവനം നല്കു ന്ന അത്യാവശ്യ വിഭാഗക്കാര്‍ ആണ്.
ഇപ്പോള്‍ തുല്യതാ പെന്‍ഷന്‍ വേണമെന്നാവശ്യപ്പെടുന്ന മിക്കവര്‍ക്കും ഇപ്പോള്‍ തന്നെ നിശ്ചിത പ്രായം കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ പലവിധ ക്ഷേമ പെന്‍ഷനുകള്‍ നിലവിലുണ്ട്, അതു ലഭിക്കുന്നുമുണ്ട്. വിധവകള്‍ക്കും, വാര്‍ദ്ധക്യമായവര്‍ക്കും, തൊഴില്‍ മേഖലകള്‍ പലതായി തിരിച്ചുമൊക്കെ ഇതു ലഭ്യമാകുന്നുണ്ട്.
ആ പെന്‍ഷനുകള്‍ മതിയാകുന്നില്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക ഉയര്‍ ത്തണമെന്നാണ് പറ യേണ്ടത്.
സാധാരണക്കാര്‍ക്ക് വാര്‍ദ്ധക്യത്തില്‍ പെന്‍ഷന്‍ കൊടുക്കണമെന്ന ന്യായം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും കുറച്ചു കൊണ്ടാകണം എന്ന് പറയുന്നത് സത്യത്തില്‍ അനീതിയാണ്.
ഇവിടെ ഇദ്ദേഹം പറയാത്ത മറ്റൊരു കാര്യം. 2013 ഏപ്രില്‍ മാസത്തിനു ശേഷം ജോലിക്കു കയറിയ ജീവനക്കാരുടെ മാസശമ്പളത്തിന്റെ 10% വീതം പെന്‍ഷന്‍ ഫണ്ട് എന്നയിനത്തില്‍ സര്‍ക്കാരിലേക്ക് തന്നെ അട യ്ക്കപ്പെടുന്നുണ്ട്. ഇത്ത രക്കാരുടെ പെന്‍ഷന്റെ ബാധ്യത സര്‍ക്കാരിനോ, പൊതുജനത്തിനോ ആണെന്ന് പറയുന്നതില്‍ എന്ത് ന്യായമുണ്ട്.
ജോലി ചെയ്ത് വാങ്ങുന്ന കൂലിയുടെ ഒരു ഭാഗം ഇന്‍വെസ്റ്റ് ചെയ്ത് അതില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്ന പലവിധ സ്‌കീമുകള്‍ പല ഇന്‍ഷ്വറന്‍സ് കമ്പനികളും ചെയ്യുന്നുണ്ട്. പൊതുജനങ്ങള്‍ക്കും, സാധാരണ ക്കാര്‍ക്കും ഈ പല സ്‌കീമുകളിലും അംഗങ്ങളാവാം. അതിന് സര്‍ക്കാരിന്റെ കൂടി ഒരു സഹകരണം വേണമെന്നാണ് ആവശ്യമെങ്കില്‍ അത് ന്യായമായും നടപടി ഉണ്ടാകാവുന്നതാണ്.
ഇതില്‍ നിന്നൊക്കെ വിഭിന്നമായി പലരും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന മറ്റൊരു കാര്യവുമുണ്ട്; പൊതുജനങ്ങള്‍ വ്യക്തിപരമായ ലാഭത്തിനായി സര്‍ക്കാരിനെ പറ്റിക്കുന്നത്.
സ്വര്‍ണ്ണം വാങ്ങിയാലും വസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പൊഴും നികുതിയിനത്തില്‍ സര്‍ക്കാരില്‍ ചെന്നു ചേരേണ്ട സാഹചര്യം എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരാണ് പൊതുജനങ്ങളില്‍ ഭൂരിഭാഗവും.
60 വയസ് കഴിഞ്ഞവര്‍ക്ക് 10000 രൂപാ പെന്‍ഷന്‍ വേണം എന്ന് ആഗ്രഹിക്കുന്നവര്‍ നികുതികള്‍ ശരിയായ വിധ ത്തില്‍ സര്‍ക്കാരിന് നല്‍കുവാന്‍ പൊതുജനത്തെ ആദ്യം ബോധവല്‍ക്കരിക്കട്ടെ. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിക്കു മ്പോള്‍ പൊതുജനങ്ങള്‍ക്ക് തിരികെ ലഭിക്കുന്ന ആനുകൂല്യവും സ്വാഭാ വികമായും വര്‍ദ്ധിക്കും.
അല്ലാതെ സമൂഹത്തിലെ ഒരു വിഭാഗത്തെ മറുഭാഗത്തിന്റെ ശത്രുവാക്കിയല്ല സ്വന്തം അവകാശങ്ങള്‍ നേടുവാന്‍ ശ്രമിക്കേണ്ടത്. അതിന് മുന്‍പ് സ്വന്തം ഉത്തരവാദിത്വങ്ങളും ഭംഗിയായി ചെയ്യുവാന്‍ ശ്രമിക്കണം.

ജെയിംസ് ദേവസി, തലയോലപ്പറമ്പ്

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org