
എറണാകുളം അങ്കമാലി അതിരൂപത പ്രവാസി സമൂഹം, അയര്‍ലന്‍ഡ്
ഈശോമിശിഹാ ഉയിര്‍ത്തെഴുന്നേറ്റു എന്നത് തൊട്ടറിഞ്ഞു മാത്രം വിശ്വസിച്ച തോമസ് അപ്പസ്‌തോലന്റെ പേരില്‍ കേരളത്തില്‍ രൂപംകൊണ്ട വിശ്വാസസമൂഹത്തിന്റെ ഭാഗമായ എറണാകുളം അങ്കമാലി അതിരൂപതയിലെ കത്തോലിക്കര്‍ക്ക് തങ്ങളുടെ വിശ്വാസത്തെ ഉരച്ചുനോക്കി ഉറപ്പിക്കാന്‍ സാധിച്ച ദിനം കൂടിയാണ് 2025 ലെ ദുക്‌റാന തിരുന്നാള്‍. അയര്‍ലണ്ടിലെ എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വിശ്വാസികള്‍ എന്ന നിലയില്‍ ഞങ്ങളും ആ സന്തോഷത്തില്‍ പങ്കുചേരുന്നു.
സീറോ മലബാര്‍ സഭയിലെ കല്‍ദായവാദികള്‍ എന്നവകാശപ്പെടുന്ന പേര്‍ഷ്യന്‍ പാരമ്പര്യവാദികളും കേരളപാരമ്പര്യം ആവശ്യപ്പെടുന്ന നവീകരണവാദികളും തമ്മിലുള്ള തര്‍ക്കത്തിനിടെ, ചില വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ എറണാകുളം അങ്കമാലി അതിരൂപത സമൂഹത്തെ അടിച്ചമര്‍ത്താനും അധിക്ഷേപിക്കാനും തുനിഞ്ഞിറങ്ങി.
സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച് ഉത്തരവാദിത്വം ഏറ്റെടുത്തവരെല്ലാം കൈവിട്ടു തങ്ങള്‍ക്കെതിരെ തിരിയുന്നത് തിരിച്ചറിഞ്ഞ എറണാകുളത്തെ സമൂഹത്തിനു ക്രിസ്തുവിലുള്ള വിശ്വാസം മാത്രമായിരുന്നു ആശ്രയം. 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്നേറ്റു പറഞ്ഞു ആ വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോയ ഒരു സമൂഹം 'ജനാഭിമുഖ കുര്‍ബാന' അംഗീകരിപ്പിച്ച ദിനം കൂടിയാണ് 2025 ലെ ദുക്‌റാന തിരുനാള്‍. ഒപ്പം നിന്നവരെയും കൈവിട്ടവരെയും തിരിഞ്ഞുകുത്തിയവരെയും തിരിച്ചറിഞ്ഞ ദിനം!
പ്രതിസന്ധിഘട്ടത്തില്‍ വിശ്വാസം മാത്രം കൈമുതലാക്കി സത്യത്തിനും നീതിക്കും വേണ്ടി പോരാടാന്‍ നന്മയുടെ പാത മാത്രം സ്വീകരിച്ചു മുന്നേറാന്‍ നേതൃത്വം കൊടുത്ത അതിരൂപതയിലെ പ്രിയപ്പെട്ട വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവരെ അയര്‍ലണ്ടിലെ എറണാകുളം അങ്കമാലി അതിരൂപതാംഗങ്ങളുടെ പേരിലുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
അതിരൂപതയുടെ ഭരണസംവിധാനത്തില്‍ നിന്നും നഷ്ടപ്പെട്ട സുതാര്യതയും വിശ്വാസ്യതയും തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ അറിയിക്കുകയും ചെയ്യുന്നു. അതോടൊപ്പം അതിരൂപതയുടെ വിശ്വാസത്തിന്റെ കാതലായ ജനാഭിമുഖ കുര്‍ബാന അതിരൂപതാംഗങ്ങള്‍ക്ക് ലോകത്തെവിടെയും ലഭ്യമാക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് അതിരൂപതയുടെ പിന്തുണയും സഹായവും അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.
രണ്ടു രീതിയിലുള്ള കുര്‍ബാനകളും അംഗീകരിക്കപ്പെട്ട എറണാകുളം അങ്കമാലി അതിരൂപതയിലെ അവസ്ഥ സിറോ മലബാര്‍ മെത്രാന്‍ സമിതിയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. 1999 ലെ സീറോ മലബാര്‍ അസംബ്ലി ജനാഭിമുഖം ഉള്‍പ്പെടെ അന്ന് നിലവിലുണ്ടായിരുന്ന രീതികളെല്ലാം അംഗീകരിക്കണമെന്ന് സിനഡിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആ നിര്‍ദേശം തള്ളിയത് സിനാഡാത്മകമല്ലാത്ത തീരുമാനമായിരുന്നു. അതുകൊണ്ട് അടുത്ത സിനഡില്‍ കുര്‍ബാനയര്‍പ്പണരീതി സംബന്ധിച്ച് സിനഡ് മുന്‍പെടുത്ത തീരുമാനം പുനഃപരിശോധിച്ച് സഭയിലെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍തക്കവണ്ണം ഒരു തീരുമാനം ഉണ്ടാകണമെന്ന് മെത്രാന്‍മാരോടു ഞങ്ങള്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.