കത്തോലിക്ക ദൈവത്തിന്റെ കുറവെന്ത്?

കത്തോലിക്ക ദൈവത്തിന്റെ കുറവെന്ത്?
Published on
  • ഔസേപ്പച്ചന്‍ തടിക്കടവ്, കണ്ണൂര്‍

സത്യദീപം ലക്കം 41-ല്‍ കത്തോലിക്ക ദൈവത്തിന്റെ കുറവെന്താണ്? എന്ന ദേവസിക്കുട്ടി മുളവരിക്കലിന്റെ കത്തിനൊരു പ്രതികരണം.

ആരുടെ മുമ്പിലും, തന്റെ നിലപാട് വ്യക്തമാക്കുന്ന വിന്‍സന്റച്ചന്‍, തന്റെ ലേഖനത്തില്‍, ഫ്രാന്‍സിസ് പാപ്പായോട് പൊരുത്തുപ്പെടാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന യാഥാസ്ഥിതികരുടെ, വ്യവസ്ഥാപിതരുടെ മനോഭാവമാണ് പാപ്പായുടെ പേരില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്ന് വ്യക്തമാക്കിയിട്ടുണ്ടല്ലോ.

പാപ്പായുടെ മേല്‍ ആരോപിക്കുന്ന കുറ്റം മുസ്ലീങ്ങളോടും മറ്റു മതസ്ഥരോടും അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചു. താങ്കള്‍ വത്തിക്കാന്‍ കൗണ്‍സില്‍, അക്രൈസ്തവര്‍ എന്ന പ്രമാണരേഖ, മൂന്നാം വകുപ്പ് വായിക്കുക. അതോടൊപ്പം അടിക്കുറിപ്പ് D യും വായിക്കുക. സഭ ആധുനിക ലോകത്തില്‍ എന്ന പ്രമാണരേഖ, അധ്യായം രണ്ടിന്റെ ആരംഭത്തില്‍, മനുഷ്യമഹാകുടുംബം എന്നാണ് കൗണ്‍സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതില്‍ നമ്പര്‍ 24 ല്‍ മനുഷ്യരെല്ലാം ഒരേ കുടുംബങ്ങളെപോലെ സാഹോദര്യത്തിന്റെ പാവന ചൈതന്യത്തില്‍ വര്‍ത്തിക്കണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുസഭ എന്ന പ്രമാണരേഖ നമ്പര്‍ 16 ഉം വായിക്കുക.

യോഹ. 17:21-22 നാം ഒന്നായിരിക്കുന്നതു പോലെ എല്ലാവരും ഒന്നായിരിക്കട്ടെ എന്ന് യേശു പറഞ്ഞിരിക്കുന്നു. അവിടെ ജാതിയേയും വിജാതീയരേയും വേര്‍തിരിച്ചിട്ടില്ല. അത് സര്‍വമനുഷ്യര്‍ക്കുമുള്ള യേശു സന്ദേശമാണെന്ന് കരുതുന്നു. ബാലചന്ദ്രന്‍ മങ്ങാട എല്ലാ മതത്തിനും മീതെ മനുഷ്യനെ കണ്ട മഹാ ഇടയന്‍ എന്നാണ്, പാപ്പായെ വിശേഷിപ്പിച്ചിരിക്കുന്നത്.

അടുത്ത ആരോപണം, എന്റെ ദൈവം കത്തോലിക്കനല്ലെന്ന് പറഞ്ഞു: അതിന്റെ മറുപടി വിന്‍സെന്റ് അച്ചന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നവര്‍ ദൈവം സ്വന്തം റീത്തിലും, നിറത്തിലും, രൂപതയിലും ആയിരുന്നെങ്കില്‍ എന്ന മനോഭാവമുള്ളവരും, ദൈവപ്രമാണങ്ങളെ തങ്ങളുടെ സൗകര്യത്തിന് വ്യാഖ്യാനിക്കുന്നവരും ആകാം.

അവര്‍ക്ക് പാപ്പായുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ മനോവിഷമമുണ്ടാകും. ഫ്രാന്‍സിസ് പാപ്പ ദൈവത്തെ തള്ളി പറഞ്ഞു എന്ന വാക്കുകള്‍ മൂന്നു തരത്തില്‍ വിലയിരുത്താം.

(1) പാപ്പ പറഞ്ഞതിന്റെ പൊരുള്‍ ശരിക്കും മനസ്സിലാക്കിയിട്ടില്ല.

(2) യാഥാസ്ഥിതികരായ ചിലരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി എഴുതിയത്.

(3) ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭാഷയില്‍ സത്യത്തെ തലകുത്തിനിര്‍ത്തി പുരോഗമനം എന്ന് പ്രഘോഷിക്കുന്നവര്‍ക്കുവേണ്ടി!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org