
ദൈവവും മനുഷ്യനും ആയ യേശുവിന്റെ ഐഹികജീവിതത്തിന്റെയും പ്രത്യേകിച്ച് പെസഹാരഹസ്യത്തിന്റെയും അനുസ്മരണവും അനുഷ്ഠാനവും ആവര്‍ത്തനവുമാണ് വിശുദ്ധ കുര്‍ബാന. ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പഠനങ്ങളും (Jn 6) അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമാകുന്നതിനെ കുറിച്ചുള്ള പഠനങ്ങളും സെഹിയോന്‍ ഊട്ടുശാലയിലെ പെസഹാ ഭക്ഷണവും കാല്‍വരിയിലെ കുരിശുമരണവും കൂടുന്നതാണ് വിശുദ്ധ ബലി. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊപ്പം ഇരുന്ന് സ്വര്‍ഗത്തിലേക്ക് നോക്കി അര്‍പ്പിച്ച ബലി ആണ് വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയില്‍ നിന്നാണ് സഭ ഉണ്ടായത്. ഒപ്പം സഭയിലാണ് വിശുദ്ധ കുര്‍ബാന രൂപമെടുക്കുന്നതും. വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം ക്രിസ്തുജീവിതത്തിന്റെ രഹസ്യമാണ്. ഇത് രൂപപ്പെട്ടത് സഭയില്‍ ആണെങ്കിലും സഭയല്ല ക്രിസ്തു തന്നെയാണ് വിശുദ്ധ കുര്‍ബാനയുടെ കേന്ദ്രബിന്ദു. വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം ക്രിസ്തു ശാസ്ത്രത്തിന്റെ രഹസ്യമാണ്. സഭാശാസ്ത്രത്തിന്റെ ബാക്കിപത്രവും ഉല്പ്പന്നവും അല്ല. കാലാകാലങ്ങളില്‍ വിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും സഭയില്‍ നടന്നിട്ടുണ്ട്. അതുവഴി വിശുദ്ധ കുര്‍ബാനയെ പറ്റി ഒരു ദൈവശാസ്ത്രം സഭ രൂപീകരിച്ചു. ഈ ദൈവശാസ്ത്രം ക്രിസ്തു ശാസ്ത്രത്തിന്റെ പ്രത്യേകിച്ച് പെസഹാരഹസ്യത്തിന്റെ ദൈവശാസ്ത്രത്തില്‍നിന്ന് അകന്നു നില്‍ക്കാനോ മാറ്റി നിര്‍ത്താനോ പറ്റില്ല. വിശുദ്ധ കുര്‍ബാനയുടെ കസ്റ്റോഡിയന്‍ സഭയാണ്. എന്നാല്‍ സഭ എന്നത് വെറും ഹൈരാര്‍ക്കിക്കല്‍ അല്ല പൂര്‍ണ്ണമായും മുഴുവന്‍ വിശ്വാസികളുടെയും കൂട്ടായ്മയാണ്. വിശുദ്ധ കുര്‍ബാനയെ പറ്റിയുള്ള ദൈവശാസ്ത്രവും പഠനവും സഭാപിതാക്കന്മാര്‍ നല്കിയിട്ടുള്ളതാണ്. ഒരേ ലക്ഷ്യം വച്ച് മുഴുവന്‍ സഭാനേതൃത്വവും ഒന്നിച്ചു പഠിച്ച് ഒന്നിച്ചു തീരുമാനിച്ച് ഒന്നിച്ച് രൂപപ്പെടുത്തിയാല്‍ മാത്രമേ സഭയുടെ വിശുദ്ധ കുര്‍ബാന വിശ്വാസികള്‍ക്ക് സ്വീകാര്യമാകൂ.
വിശുദ്ധ കുര്‍ബാനയെ റീത്തുകളില്‍ ആക്കി വിഭജിച്ചതാണ് സഭാശാസ്ത്രത്തിലെ ഒരു തെറ്റ്. റീത്തിനും സഭാശാസ്ത്രത്തിനും മുകളില്‍ നില്‍ക്കുന്ന ക്രിസ്തുശാസ്ത്രത്തിന്റെ തുടര്‍ച്ച മാത്രമാണ് വിശുദ്ധ കുര്‍ബാന. അതിന്റെ ആചരണത്തില്‍ കാലത്തോടും ദേശത്തോടും ബന്ധപ്പെടുത്തി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം എങ്കിലും സഭയുടെ പൊതുസ്വത്ത് എന്ന രീതിയിലാണ് വിശുദ്ധ കുര്‍ബാനയെ കാണേണ്ടത്. സഭ റീത്തുകളായി വിഭജിക്കപ്പെട്ടപ്പോള്‍ ഓരോരുത്തരും അവരവരുടേതായ ദൈവശാസ്ത്രം രൂപീകരിച്ചു വിശുദ്ധ കുര്‍ബാനയെ ഒരു ദൈവശാസ്ത്രത്തിന് ഉള്ളില്‍ പൊതിഞ്ഞു വെച്ചു. ഞങ്ങളുടെ സഭ ഞങ്ങളുടെ കുര്‍ബാന എന്ന നിലയിലേക്ക് സഭയും കുര്‍ബാനയും താഴ്ന്നുപോയി. വിശുദ്ധ കുര്‍ബാന അടിസ്ഥാനപരമായി 'കാത്തലിക്' കുര്‍ബാന ആകുമ്പോള്‍ ഒരു റീത്തില്‍പ്പെട്ട ഒരാള്‍ക്ക് മറ്റൊരു കുര്‍ബാന അര്‍പ്പിക്കാന്‍ വേറൊരു ദേവാലയത്തില്‍ സാധിക്കണം. ഇതിന് ദേവശാസ്ത്രപരമായി യാതൊരു തടസ്സവും ഉണ്ടാവാന്‍ പാടില്ല. റീത്തിനെ വളര്‍ത്താന്‍ എന്ന പേരില്‍ ഒരു കുര്‍ബാന ആ റീത്തിലെ വൈദികര്‍ മാത്രമേ ചൊല്ലാവൂ എന്ന് ശഠിക്കേണ്ടതില്ല. റീത്തിന്റെ സ്വത്തോ സമ്പത്തോ മാത്രമല്ല വിശുദ്ധ കുര്‍ബാന. റീത്തുകളെ മാനിച്ചു കൊണ്ടു തന്നെ റീത്തിന് അതീതമായി ആവശ്യം വരുമ്പോള്‍ ഏത് വൈദികനും ഏത് ദേവാലയത്തിലും ഏത് റീത്തിലും കുര്‍ബാന അര്‍പ്പിക്കാം എന്ന പൊതുധാരണ ഉണ്ടാകാത്തിടത്തോളം വിശുദ്ധ കുര്‍ബാന ഐക്യത്തിന്റെ കൂദാശയോ ബലിയോ ആകുന്നില്ല. ഒരു റീത്തില്‍പ്പെട്ട വിശ്വാസി മറ്റൊരു റീത്തിലെ വിശുദ്ധ കുര്‍ബാന കണ്ടാല്‍ കടം തീരുമല്ലോ. വിശുദ്ധ കുര്‍ബാന അച്ചടിച്ചു വച്ച പുസ്തകത്തിലെ അക്ഷരങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നതും ആവരുത്. നിയതമായ ക്രമവും ചിട്ടയും കുര്‍ബാനയ്ക്ക് ആവശ്യമാണ്. തോന്നുന്നതു പോലെ ക്രമം തെറ്റിക്കാനോ വാക്കുകള്‍ മാറ്റാനോ കാര്‍മികന് അവകാശമില്ല. എന്നാല്‍ ഇത് യാന്ത്രികവും ആകരുത്. കുര്‍ബാനയുടെ ടെക്സ്റ്റിനോട് വിശ്വസ്തത പുലര്‍ത്തി ചില വാക്കുകളും ചില കൂട്ടിച്ചേര്‍ക്കലുകളും വിശുദ്ധ കുര്‍ബാനയുടെ സമ്പന്നതയ്ക്ക് നിരക്കുന്നതാണ്. ഒരു പുരോഹിതനല്ല മറ്റൊരു പുരോഹിതന്‍. എന്നാല്‍ ഒരേ ക്രിസ്തുവാണ് എല്ലാ കുര്‍ബാനയിലും ഉള്ളത്. ഈ ചിന്ത നിലനിര്‍ത്തിക്കൊണ്ടും ജനത്തിന്റെയും കാലത്തിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടും അഭിഷേകവും സ്‌പോണ്‍ടേനിറ്റി ഉപയോഗിച്ചും ചില വാക്കുകളും ചില നിയോഗങ്ങളും ചൊല്ലാനുള്ള സ്വാതന്ത്ര്യം ഇല്ലായെങ്കില്‍ കാര്‍മികന്‍ ഒരു യന്ത്രമനുഷ്യന്‍ ആകും. വെറും വായനക്കാരന്‍ ആകും. വിശുദ്ധ കുര്‍ബാന ജൈവികവും അഭിഷേകവും ജീവദായകവും ആണ്. കാലത്തിന്റെയും ദേശത്തിന്റെയും സ്വഭാവവും ആവശ്യങ്ങളും കുര്‍ബാനയില്‍ പരോക്ഷമായി ജ്വലിച്ചു നില്‍ക്കണം
സീറോ മലബാര്‍ കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങള്‍ ഒന്നും തന്നെ പ്രതിഫലിക്കുന്നതല്ല. സ്തുത്യര്‍ഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങള്‍ എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ യേശുവിന്റെ ജനനം, ബാല്യം, പരസ്യജീവിതം, പ്രബോധനങ്ങള്‍, സംഭവങ്ങള്‍, പുനരുത്ഥാനരഹസ്യങ്ങളൊന്നും തന്നെ പ്രാര്‍ത്ഥനകളില്‍ ഇല്ല. ദൈവത്തിന് നന്ദിയും ആരാധനയും അര്‍പ്പിക്കുന്ന ഒരു രഹസ്യമാക്കി മാറ്റി വിശുദ്ധ കുര്‍ബാനയെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഇതു മാത്രമാകുമ്പോള്‍ അതൊരു പ്രാര്‍ത്ഥന മാത്രമേ ആകുന്നുള്ളൂ. പഴയ കുര്‍ബാനയിലെ മൂന്ന് ഗഹന്താ പ്രാര്‍ത്ഥന ക്രിസ്റ്റോളജിക്കല്‍ ആയിരുന്നു. പുതിയ കുര്‍ബാനയില്‍ അതും ഇല്ലാതായി. കൂദാശ വചനം ഒഴിച്ച് ബലിവസ്തുക്കളുടെ മേലുള്ള പ്രാര്‍ത്ഥന ഒന്നും തന്നെയില്ല. കുര്‍ബാന ടെക്സ്റ്റ് കര്‍ത്താവിനെ ചുറ്റിപ്പറ്റിയുള്ളതു മാത്രമാകാതെ കര്‍ത്താവിന്റെ തന്നെ ബലിയും ജീവിതവുമാണ് എന്ന് തോന്നിപ്പിക്കുന്നതും ബൈബിള്‍ ശാസ്ത്രത്തേക്കാള്‍ സഭാശാസ്ത്രം മുഴച്ചു നില്‍ക്കുന്നതും പോലെ തോന്നും.
മലങ്കര കുര്‍ബാനയില്‍ യേശുവിന്റെ സഹനം കുരിശുമരണം തുടങ്ങിയ രഹസ്യങ്ങളുടെ സമ്പന്നതയും ഉണ്ട്, ലത്തീന്‍ കുര്‍ബാന ഹ്രസ്വമെങ്കിലും ദൈവശാസ്ത്ര സമ്പന്നതയും ജീവിതബന്ധിയും വൈയക്തികത തുളുമ്പി നില്‍ക്കുന്നതുമാണ്. നാലാം നൂറ്റാണ്ടോടുകൂടി രൂപപ്പെട്ട സീറോ മലബാര്‍ കുര്‍ബാന വേണ്ടിടത്തോളം ബിബ്ലിക്കല്‍ അല്ല, സഭാത്മകത കൂടിപ്പോയി. പദപ്രയോഗങ്ങള്‍ക്ക് വൈയക്തിക സ്വീകാര്യത കുറവാണ്. ഭാഷയുടെയും ഗ്രാമറിന്റെയും പോരായ്മയുമുണ്ട്. രക്ഷാകര ചരിത്രത്തിന്റെ കാലക്രമവും ലംഘിക്കപ്പെട്ടിട്ടുണ്ട്. ഗാനങ്ങള്‍ക്ക് ഹൃദയ സ്പര്‍ശ്യതയോ അനുതാപമോ ഉണ്ടാകുന്നില്ല. തുടക്കം മുതല്‍ അവസാനം വരെ അവരോഹണ ക്രമം നഷ്ടപ്പെട്ടിട്ട് കൃത്രിമ ബന്ധങ്ങളാണ് ഓരോ പ്രാര്‍ത്ഥനയും തമ്മില്‍.