എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ട കൂദാശയും ബലിയര്‍പ്പണവും

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ട കൂദാശയും ബലിയര്‍പ്പണവും
  • വര്‍ഗീസ് പി. പൈനാടത്ത്, ചാലക്കുടി

30-11-2023-ലെ മനോരമ പത്രത്തില്‍ അഭിവന്ദ്യ ആര്‍ച്ചുബിഷപ്പ് അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റേതായി വന്ന വാര്‍ത്തയാണ് ഈ കുറിപ്പിന് കാരണമായത്. 'ഇക്കൊല്ലം എറണാകുളം-അങ്കമാലി അതിരൂപതയില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 8 ഡീക്കന്മാര്‍. 'ഏകീകൃത കുര്‍ബാന' അര്‍പ്പിക്കുമെന്നു സമ്മതപത്രം എഴുതി ഒപ്പിട്ടു നല്കിയാല്‍ മാത്രം അവര്‍ക്കു തിരുപ്പട്ട കൂദാശ നല്‍കുകയുള്ളൂ.

തിരുപ്പട്ട സ്വീകരണത്തിനും, തങ്ങളുടെ മാതാപിതാക്കളോടും, കുടുംബങ്ങളോടും സ്വന്തം ഇടവക ജനത്തോടുമൊപ്പം പ്രഥമ ദിവ്യബലി അര്‍പ്പണത്തിനു സ്വഭാവികമായും നവവൈദികര്‍ ആഗ്രഹിക്കുക. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജനാഭിമുഖ ബലി അര്‍പ്പണത്തിനായിരിക്കും.

സീറോ മലബാര്‍ സഭയിലെ ഭൂരിപക്ഷം വിശ്വാസികളും ആഗ്രഹിക്കുന്ന ജനാഭിമുഖ കുര്‍ ബാനയ്ക്കു പൂട്ടിട്ട സിനഡ് സഭാ നേതൃത്വമാണ് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.

50 കൊല്ലകാലം സീറോ മലബാര്‍ സഭയിലെ ആകമാനം വിശ്വാസികളും സന്തോഷത്തോടെ അനുഷ്ഠിക്കുകയും, അനുഭവിക്കുകയും ചെയ്ത മാര്‍പാപ്പയുടെ ബലിയര്‍പ്പണ രീതിയിലുള്ള ജനാഭിമുഖ കുര്‍ബാന, മെത്രാന്‍ സിനഡ് സമ്മേളിച്ച ഒറ്റ രാത്രികൊണ്ട് എങ്ങനെയാണു വിലക്കപ്പെട്ടതായി മാറുക?

കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മാര്‍പാപ്പയോടു ചേര്‍ന്നു പോകുന്നതിനു പകരം കത്തോലിക്കരല്ലാത്ത ഇതര സഭകളോടു കൂടുതല്‍ ഐക്യപ്പെട്ടു ചേര്‍ന്നു നില്‍ക്കുന്നതല്ലേ ഇപ്പോഴത്തെ അള്‍ത്താരാഭിമുഖ്യ 'ഏകീകൃത' നിലപാട്.

ഒരു കൊല്ലത്തിലധികമായി എറണാകുളം- അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളി പൂട്ടികിടക്കുമ്പോള്‍ സഭാനേതൃത്വത്തിനും സിനഡ് പിതാക്കന്മാര്‍ക്കും വലിയ ഉല്‍ ക്കണ്ഠയോ ഉറക്കത്തിനു ഭംഗമോ ഒന്നും സംഭവിച്ചിട്ടില്ല എന്നത് ഒരു വിധം ആശ്വാസകരമാണ്!!

ഇവിടെ പ്രകടമാകുന്ന വൈരുധ്യം:

കത്തോലിക്ക സഭയുടെ തലവനും ജനാഭിമുഖമായി ബലിയര്‍പ്പിക്കുന്ന പരിശുദ്ധ പിതാവ്, സീറോ മലബാര്‍ സഭയിലെ വൈദികാര്‍ത്ഥികള്‍ അള്‍ത്താരാഭിമുഖമായി പുറം തിരിഞ്ഞു ബലിയര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു.

മാര്‍പാപ്പയെ അനുസരിക്കുന്നെങ്കില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് പാപ്പയുടെ പ്രതിനിധിയായി കേരളത്തില്‍ എത്തിയ അഭി വന്ദ്യ ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ തിരുമേനിയുടേതായി മനോരമ ആഗസ്റ്റ് 16, 2023-ലെയും പ്രഭാതത്തില്‍ വന്ന വാര്‍ത്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമൂഹത്തിന് അന്ന് നല്‍കിയിരുന്ന കല്പന ആയിരുന്നുവല്ലോ? സമാനതകളില്ലാത്ത കനത്തപൊലിസ് സന്നാഹത്തിലായിരുന്നില്ലേ അദ്ദേഹത്തിന്റെ അന്നത്തെ എറണാകുളം സന്ദര്‍ശനം?

ഇതുകൊണ്ടൊന്നും സാധ്യമാകാത്ത പുറം തിരിഞ്ഞു നിന്നുകൊണ്ടുള്ള വിവാദ ഏകീകൃത സംഭവവും അത്തരത്തിലുള്ള കുര്‍ബാന അര്‍പ്പണവും സഭയില്‍ തത്ക്കാലം മരവിപ്പിച്ചു നിര്‍ത്തുകയാണ് വേണ്ടത്.

ജനാഭിമുഖ ബലി അര്‍പ്പണം തുടരുവാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമൂഹവും, സന്യസ്തരും, 6 ലക്ഷത്തിലധികം വരുന്ന അല്‍മായരും അതോടൊപ്പം സീറോ മലബാര്‍ സഭയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും ഒന്നടങ്കം ആവശ്യപ്പെടുമ്പോള്‍ സിനഡ് പിതാക്കന്മാരാണ് സമാധാനപരമായ പ്രശ്‌ന പരിഹാരത്തിനുള്ള സത്യസന്ധമായ വഴികള്‍ തേടേണ്ടത്.

ആരാധന ബലിയര്‍പ്പണ കാര്യങ്ങളില്‍ അകത്തോലിക്ക സഭകളോട്, സീറോ മലബാര്‍ സഭ ഇപ്പോള്‍ കൂട്ടു ചേര്‍ന്നിരിക്കുന്നത് ശ്രദ്ധേയമാണ്, ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകളില്‍ മെത്രാന്മാരെ പോലും തിരഞ്ഞെടുത്തു വാഴിക്കുന്നത് വൈദികരും അല്‍മായരും ചേര്‍ന്നുള്ള ജനാധിപത്യ വോട്ടെടുപ്പിലൂടെയാണെന്നതു മറക്കരുത്.

ഇതുപോലെ ജനാധിപത്യ രീതിയില്‍ വൈദികരെയും സന്യസ്തരെയും അല്‍മായരെയും ഉള്‍പ്പെടുത്തി എല്ലാ രൂപതകളിലും നടപ്പിലാക്കേണ്ട കുര്‍ബാന രീതി വോട്ടെടുപ്പിലൂടെ ഭൂരിപക്ഷ അടിസ്ഥാനത്തില്‍ തീരുമാനമെടുത്താല്‍ കുര്‍ബാന തര്‍ക്കം എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ ശാശ്വതമായി പരിഹരിക്കാനാകും.

ഡീക്കന്മാര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാമെന്ന് എഴുതി നല്‍കിയാലും എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പൂര്‍ണ്ണമായി പരിഹരിക്കപ്പെടുകയില്ല. അതിനാല്‍ ബഹു. ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണത്തിന്റെ സന്തോഷ സമയത്ത് അവരെ സമ്മര്‍ദത്തിലാക്കുന്ന നടപടികളില്‍ നിന്നും സഭാനേതൃത്വം പിന്തിരിയേണ്ടതാണ്.

എട്ടു ഡീക്കന്മാരെ സഭയ്ക്കു സമ്മാനിക്കാന്‍ ദൈവം ഉപകരണമാക്കിയ അവരുടെ പ്രിയപ്പെട്ട മാതാപിതാക്കളെയും കുടുംബത്തെയും, സഭാസമൂഹം ഏറെ ആദരവോടെ നോക്കി കാണുന്നുണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org