കത്തോലിക്കരുടെ കല്യാണവും വിഭവങ്ങള്‍ പാഴാക്കലും

കത്തോലിക്കരുടെ കല്യാണവും വിഭവങ്ങള്‍ പാഴാക്കലും
  • ഒ ജെ പോള്‍ പാറക്കടവ്

മനുഷ്യന്‍ ഭക്ഷിക്കുവാന്‍ വേണ്ടി അല്ല ജീവിക്കുന്നത്; ജീവിക്കുവാന്‍ വേണ്ടി ഭക്ഷിക്കണം. എന്നാല്‍ വിശേഷാവസരങ്ങളില്‍ ഈ തത്വം പ്രായോഗികമല്ല. ആഡംബരങ്ങള്‍ ഒക്കെ വേണം; എന്നാല്‍ അത്യാഡംബരങ്ങള്‍ ആകുന്നത് അനാവശ്യമാണ്. പ്രൗഢി കാണിക്കുവാനുള്ള പല പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷ്യ വിഭവങ്ങളുടെ എണ്ണമാണ്. ക്രിസ്തീയ വിഭാഗത്തില്‍ തന്നെ, കത്തോലിക്കരുടേതല്ലാതെ മറ്റു വിഭാഗങ്ങളിലൊ മറ്റു മതസ്തരുടെ ഇടയിലൊ ഇതുപോലെ ഭക്ഷണം പാഴാക്കുന്ന സദ്യ കണ്ടിട്ടില്ല. പ്രവേശനകവാടത്തില്‍ തന്നെ ആറേഴ് തരം വെല്‍ക്കം ഡ്രിങ്ക്. അതു കഴിഞ്ഞാല്‍ സ്റ്റാര്‍ട്ടര്‍. അതില്‍ നാലഞ്ചു തരം വറ പൊരികള്‍. കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍, മത്സരം ആരംഭിക്കുന്നതിനു മുമ്പ് 'വാം അപ്' നടത്താറുണ്ട്. അത് അവരുടെ ശരീരത്തെ 'ഫിറ്റ്' ആക്കുകയാണ്. എന്നാല്‍ സ്റ്റാര്‍ട്ടര്‍ കഴിച്ച് ഭക്ഷണമേശയെ സമീപിക്കുന്നവര്‍ 'അണ്‍ഫിറ്റ്' ആകുകയാണ്. അവര്‍ക്ക് കാര്യമായ ഭക്ഷണം ഒന്നും വേണ്ട. വിഭവങ്ങള്‍ ഒരുക്കുന്നവന് ലാഭം. വിഭവങ്ങളുടെ നീണ്ട നിര. എല്ലാത്തിനും പേരെഴുതി വച്ചിട്ടുള്ളതിനാല്‍ ഏതെങ്കിലും മൂന്നു നാല് ഇനങ്ങളില്‍ നിന്നു കുറച്ചുവീതം എടുക്കും. എടുത്തിട്ട് തിരിയുമ്പോള്‍, എണ്ണിയാല്‍ തീരാത്ത വിഭവങ്ങള്‍ നിരത്തിവച്ചിരിക്കുന്ന പ്ലാറ്റ് ഫോം. ഏതെങ്കിലും നാലഞ്ച് ഇനങ്ങളില്‍ നിന്നും അല്പം വീതം എടുക്കും. സുഭിക്ഷമായി ആഹാരം കഴിച്ച് കൈകഴുകി വരുമ്പോള്‍ 'ഡെസേര്‍ട്ട്' മേശയ്ക്കരികില്‍ തിരക്ക്. ഐസ്‌ക്രീമും അല്പം മറ്റിനങ്ങളും എടുക്കും. കുറച്ചു കഴിച്ച് ബാക്കി കളയുകയാണ് ചെയ്യുന്നത്. ബാക്കി വരുന്ന ഭക്ഷണം മുഴുവനും സൂക്ഷിക്കുവാന്‍ നിര്‍വാഹമില്ല, നശിക്കുന്നു.

അനേകം പേര്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം പാഴാക്കുന്നത് 'ക്രിമിനല്‍ വേസ്റ്റ്' ആണ്. പ്രൗഢി കാണിക്കുവാന്‍ ഭക്ഷണം തയ്യാറാക്കി പാഴാക്കുന്നവര്‍ ശ്രദ്ധിക്കുക; ഇത് മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ട്. അടുത്ത തലമുറയെങ്കിലും ഇതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org