
പി ഒ ലോനന്‍, കോന്തുരുത്തി
സത്യദീപം ലക്കം 39-ല്‍ കത്തുകള്‍/പ്രതികരണങ്ങളില്‍ രണ്ടു കത്തുകള്‍ കണ്ടു. ഒന്ന് ലഹരിയില്‍ തുടങ്ങി ജനസംഖ്യ സ്‌ഫോടനത്തിന്റെ വിപത്തുകളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ മറ്റേ കത്ത് പ്രകടമായി ജനസംഖ്യ വര്‍ധനയെ പ്രോത്സാഹിപ്പിക്കുന്നു.
പതിവിനു വിപരീതമായി ഇത്തവണ അമ്മമാരെ കൂട്ടുപിടിക്കുന്നു. സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്ന കാര്യമാണ് ആദ്യത്തെ കത്തിലെങ്കില്‍, രണ്ടാമത്തേതില്‍ ഇവിടെ ക്രൈസ്തവരുടെ എണ്ണം വര്‍ധിപ്പിക്കണം എന്ന ഒറ്റലക്ഷ്യമേയുള്ളൂ. ഇക്കാര്യത്തില്‍ നമ്മുടെ ഒരു ഡിവൈന്‍ ചാനലും കൂട്ടിനുണ്ട്.
ചില രാജ്യങ്ങളില്‍ ഒട്ടാകെയുള്ള ജനസംഖ്യയുടെ ഇരട്ടിയിലധികമാണ് ഈ കൊച്ചു കേരളത്തിലെ ജനസംഖ്യ. വികസനത്തിന്റെ ഫലങ്ങള്‍ എല്ലാവരിലും എത്തിച്ചേരാത്തതിന്റെ പ്രധാന കാരണം ഇതാണ്.
ഇന്ന്, 70 പിന്നിട്ടവരില്‍ മഹാഭൂരിപക്ഷവും അവരുടെ ചെറുപ്പത്തില്‍ ജനനനിയന്ത്രണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ചെറിയ കുടുംബം രൂപപ്പെടുത്തിയവരാണ്. അതിനുമുമ്പുള്ള തലമുറയിലെ 10 ഉം 12 ഉം അംഗങ്ങളുള്ള കുടുംബങ്ങളെ ഇവര്‍ അനുകരിച്ചിരുന്നെങ്കില്‍ ഈ നാടിന്റെ അവസ്ഥ എന്താകുമായിരുന്നു.
കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. അന്ന് പ്രസവം വീട്ടിലാണ് നടത്തിയിരുന്നത്. സാധാരണക്കാരുടെ നടുവൊടിക്കുന്ന ആശുപത്രി ബില്ലും അനുബന്ധ ചെലവുകളും എണ്ണം കൂടുതല്‍ വേണമെന്നു പറയുന്നവര്‍ അതു ചിന്തിക്കാത്തതെന്താണ്?
വിദ്യാഭ്യാസത്തിലും കാര്യബോധത്തിലും മുന്നില്‍ നില്‍ക്കുന്ന ക്രൈസ്തവര്‍ കേവലം എണ്ണപ്പെരുപ്പത്തില്‍ ആരോടും മത്സരിക്കേണ്ടതില്ല. ദൈവവിളി നടക്കേണ്ട സമയത്തു നടക്കും നടക്കുന്നുമുണ്ട്. അതേ സമയം രാജ്യതാല്‍പര്യവും അവഗണിക്കാവുന്നല്ല.