മതബോധന മത്സരം

മതബോധന മത്സരം
Published on
  • കെ എം ദേവ്, കരുമാലൂര്‍

2025 നവംബര്‍ 12-ലെ സത്യദീപത്തില്‍ 'കാറ്റിക്കിസം ഭാരപ്പെടുത്തുന്നുണ്ടോ?' എന്ന ശീര്‍ഷകത്തില്‍ ഫാ. ലൂക്ക് പൂതൃക്കയില്‍ എഴുതിയ ഒരു കത്തുവായിച്ചു. വിവാഹത്തെപ്പറ്റി ചോദിച്ചപ്പോള്‍ 24 കാരിയായ പെണ്‍കുട്ടിയും അവളുടെ അമ്മയും അല്‍പം ദേഷ്യത്തോടെ പ്രതികരിച്ചെന്ന ആമുഖത്തോടെ ആരംഭിക്കുന്ന കത്ത് കാലികപ്രസക്തമാണ്.

നാം നടത്തുന്ന ഇന്നത്തെ മതബോധന പ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും, അച്ചന്റെ ചോദ്യത്തിന് മതിയായ ഉത്തരം തരാന്‍ പര്യാപ്തമല്ലെന്ന് അച്ചനു ബോധ്യപ്പെട്ടിരിക്കുന്നു. അതോടൊപ്പം തന്നെ 900 കുടുംബങ്ങളുള്ള ഒരു ഇടവകയില്‍ നടന്ന യുവജന സമ്മേളനത്തില്‍ 30 പേരാണ് പങ്കെടുത്തത് എന്ന പുതുതലമുറയുടെ രീതിയും നാം മനസ്സിലാക്കുന്നു.

മതബോധനമെന്ന പേരില്‍ ഇന്നു നടക്കുന്നത് കത്തില്‍ പ്രതിപാദിച്ചതുപോലെ മത്സരമാണ്. സഭാമാതാവിന്റെ ദൗത്യം യഥാവിധി അവിടെ നടപ്പാകുന്നില്ല. ഒരു 'അക്കാദമിക്' സ്വഭാവത്തോടെ മത്സരങ്ങളും പരീക്ഷകളും നടത്തി, അതില്‍ മികവു തെളിയിക്കുന്നവരെ അനുമോദിച്ച് പാരിതോഷികം കൊടുത്ത് അവസാനിപ്പിക്കുകയാണിപ്പോള്‍. എന്നാല്‍, മതബോധനം കൊണ്ട് നാം ലക്ഷ്യമിടേണ്ടത് ക്രിസ്തുഭവനത്തിലേക്കു ഓരോ ക്രൈസ്തവനേയും രൂപപ്പെടുത്തുക എന്നതാണ്. അതായത്, പരസ്‌നേഹം, പരിത്യാഗം, ക്ഷമ, ദയ എന്നീ പുണ്യങ്ങള്‍ അഭ്യസിപ്പിക്കുക എന്നര്‍ഥം.

മതബോധനത്തില്‍ ക്രൈസ്തവ വിശ്വാസാതിഷ്ഠിതമായ ജപങ്ങള്‍, ക്രിസ്തുചരിത്രം, സഭാചരിത്രം, കാനോന്‍ നിയമം എന്നവയിലുള്ള ഒരു സംക്ഷിപ്ത പഠനവും അനിവാര്യാണ്. അതിലുപരി, അടിസ്ഥാനമായി നാം പഠിക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതും സഭ അനുശാസിക്കുന്ന മനോഗുണ പ്രവൃത്തികളാണ്.

ഇന്ന് മതബോധനത്തിന്റെ ഭാഗമെന്നോണം, കുര്‍ബാനകളുടേയും മറ്റു പൂജാവിധികളുടേയും അനുഷ്ഠാനക്രമങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ശിക്ഷണവും സ്വഭാവരൂപീകരണവും മതബോധനത്തിന്റെ ഭാഗമാകേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു പ്രവൃത്യോന്മുഖ പഠനരീതിയാണ് നമുക്കിന്ന് ആവശ്യം. അതിലൂടെ, മത്സരവിജയം മാനദണ്ഡമാക്കാതെ, പരസ്‌നേഹത്തോടെ പ്രവര്‍ത്തിക്കുന്ന നല്ലൊരു യുവനിരയെ നമുക്കു പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org