കാറ്റക്കിസം പരീക്ഷകള്‍ ഫലപ്രദമാകുന്നുണ്ടോ?

കാറ്റക്കിസം പരീക്ഷകള്‍ ഫലപ്രദമാകുന്നുണ്ടോ?
Published on
  • അലക്സാണ്ടർ വി ജെ

എറണാകുളം-അങ്കമാലി അതിരൂപതയിലെ കാറ്റക്കിസം പരീക്ഷയ്ക്കിടെ കുട്ടികൾ നേരിടേണ്ടി വന്ന ചില ചോദ്യങ്ങളും ബന്ധപ്പെട്ട നിരീക്ഷണങ്ങളുമാണ് ഈ കുറിപ്പിൽ.

വിശ്വാസരൂപീകരണത്തിന്റെ അവിതര്‍ക്കിതമായ ലക്ഷ്യം യേശുക്രിസ്തുവുമായി ഗാഢമായ സ്‌നേഹബന്ധത്തിലേക്ക് എല്ലാവരേയും കൊണ്ടുവരികയെന്നതാണ്. അതില്‍ രണ്ടു പ്രക്രിയകളുണ്ട്. ഒന്ന്, ക്രിസ്തുവിനെ അറിയുക, അവനോട് അടുക്കുക. രണ്ട്, സഭാസമൂഹത്തെ അറിയുക, അവരോട് അടുക്കുക. കാറ്റക്കിസം ക്ലാസുകളും അവയുടെ പരീക്ഷയും ഈ രണ്ട് ലക്ഷ്യങ്ങള്‍ നിറവേറുന്നതിന് ഉതകുന്നതായിരിക്കണം.

എന്തിനെയെങ്കിലും കുറിച്ച് അറിയിക്കാന്‍ താരതമ്യേന എളുപ്പമാണ്, പക്ഷേ, അതിനോട് അടുപ്പിക്കാന്‍ പാടാണ്. കാറ്റക്കിസത്തിലൂടെ ക്രിസ്തുവിനോടും സമൂഹത്തോടും അടുക്കുന്നതില്‍ കുട്ടികള്‍ നേരിടുന്ന പ്രധാന തടസ്സം ക്ലാസുകള്‍ അവര്‍ക്ക് ഭാരമായി അനുഭവപ്പെടുന്നു എന്നതാണ്. അതിനെ മറികടക്കാന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലാക്കി മാറ്റണം. അതിന് ക്ലാസുകള്‍ ഇന്ററാക്ടീവ് ആകണം, അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും അവയ്ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിക്കാനുമുള്ള ഇടങ്ങളുണ്ടാകണം. ക്ലാസുകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ജീവിതാനുഭവങ്ങളും കഥകളും ആക്ടിവിറ്റികളും ഉള്‍പ്പെടുത്തുമ്പോള്‍ പാഠ പുസ്തകത്തിലെ ഓരോ മുക്കും മൂലയും കൃത്യമായി അവരിലേക്കെത്തിക്കാന്‍ അധ്യാപകർക്ക് സമയ പരിമിതിയും ഉണ്ടാകാം. ഇത്തരം സാഹചര്യത്തില്‍ പാഠപുസ്തകത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ചോദ്യകടലാസ്സില്‍ പ്രത്യക്ഷപ്പെടുന്നത് ചില ആശങ്കകൾ സൃഷ്ടിക്കുന്നു.

2026 ഫെബ്രുവരിയില്‍ നടന്ന പരീക്ഷയുടെ ചില ചോദ്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

ക്ലാസ് 6) ചോദ്യം : Who, in his work De Officiis Ministrorum, desicribed the earth as a shared heritage governed by universal laws reflecting Gods wisdom ?

ക്ലാസ് 6) ചോദ്യം : ‘പ്രകൃതിയിലേക്ക് മടങ്ങുക പ്രകൃതിയിലെ എല്ലാം നിലനിര്‍ത്തുക’ എന്നത് ആരുടെ തത്ത്വമാണ്? ഉത്തരം : Jean Jacques Roussou

ക്ലാസ് 6) ചോദ്യം : (ഒരു പേജിൽ കുറയാതെ ഉത്തരമെഴുതുക - 5 മാർക്ക്). പ്രകൃതിയിൽ കാർബൺ കണികകൾ അധികമാകാതിരിക്കാൻ നമുക്കു ചെയ്യാവുന്ന നല്ല കാര്യങ്ങൾ എന്തെല്ലാമെന്ന് ഉപപാഠപുസ്തകത്തിലെ പരിസ്ഥിതി സംരക്ഷണം എന്ന പാഠത്തെ ആസ്പദമാക്കി വിവരിക്കുക.

ഇത്തരം ചോദ്യശൈലികൾ ക്രിസ്തു എന്ന സത്തയ്ക്കുമേല്‍ വസ്തുതകള്‍ക്കും അക്കങ്ങള്‍ക്കും പ്രാധാന്യം നല്കാന്‍ അധ്യാപകരെ പ്രേരിപ്പിക്കുന്നു. കാറ്റക്കിസം പരീക്ഷയും മറ്റു പരീക്ഷകളെ പോലെ ഒരു മെമ്മറി ടെസ്റ്റ് ആയി ചുരുങ്ങുകയാണോ എന്ന ആധിയും ജനിപ്പിക്കുന്നു. പരീക്ഷയ്ക്കുശേഷം പഠിച്ച കാര്യങ്ങള്‍ എത്രമാത്രം അവര്‍ ജീവിതത്തില്‍ കൂടെ കൊണ്ടു നടക്കുന്നു എന്ന ചോദ്യം നിലനില്‍ക്കുന്നു.

വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യം യേശുക്രിസ്തുവുമായുള്ള ഗാഢമായ സ്‌നേഹബന്ധമാണ്, ആകണം. സുവിശേഷ കൈമാറ്റ പ്രക്രിയയല്ലാതെ അത് മറ്റൊന്നുമല്ല. ശിശുക്കള്‍ക്ക് ഇത് കൈമാറുന്നത് പാല്‍ ആയിട്ട് വേണം, കട്ടിയുള്ള ഭക്ഷണമായിട്ടല്ല. കട്ടിയുള്ളത് ചവയ്ക്കാനാകാതെ അവര്‍ തുപ്പിയേക്കാം. കാറ്റക്കിസം നമ്മുടെ കുട്ടികള്‍ക്ക് ആസ്വാദ്യകരമാകട്ടെ. പരീക്ഷകൾ അവര്‍ക്ക് ക്രിസ്തുവിനെ കണക്ട് ചെയ്യാന്‍ പറ്റുന്നതാകട്ടെ. അതെന്നും അവര്‍ക്ക് ഒരു സുന്ദരമായ ഓര്‍മ്മയായിരിക്കട്ടെ. ദൈവത്തോടും സഭാ സമൂഹത്തോടും അടുക്കാന്‍ പ്രേരിപ്പിക്കുന്നതുമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org