കലാസൃഷ്ടികൾ വിശ്വാസ പരിശീലനത്തിന്

കലാസൃഷ്ടികൾ വിശ്വാസ പരിശീലനത്തിന്
  • ഫാ. പോള്‍ കോട്ടയ്ക്കല്‍ Sr

നാടകത്തിന്റെ പ്രാധാന്യം അവസാനിച്ചു, ഈ കലാരൂപത്തിന് മാര്‍ക്കറ്റില്ല എന്നു പറയുന്നവരുണ്ട്.

നാടകം ഇപ്പോഴും ഒരു ആശയസംവേദന മാധ്യമമായിട്ടു പൊതുജനങ്ങള്‍ അംഗീകരിക്കുന്നുണ്ട്. നമ്മുടെ തിരുനാളുകള്‍ക്ക്, ഇലുമിനേഷന്‍, ചെണ്ട, ബാന്‍ഡ്, കുടകള്‍, കുരിശ് ഇതിനെല്ലാം എത്ര ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ഇതു വേണ്ടെന്ന് ഞാന്‍ പറയില്ല. നമ്മുടെ ജനങ്ങള്‍ ഇടുന്ന നേര്‍ച്ചപ്പണത്തിന്റെ നല്ലൊരു ശതമാനം അവര്‍ക്ക് ആനന്ദവും അതോടൊപ്പം തന്നെ അവബോധം നല്‍കുന്ന പരിപാടികള്‍ക്കല്ലേ ചിലവഴിക്കേണ്ടത്. നമ്മുടെ ഇടവകകളില്‍ തിരുനാളിനോടനുബന്ധിച്ച് നടത്താന്‍ പറ്റുന്ന ഏറെ നല്ല നാടകങ്ങള്‍ ഉണ്ട്. അറിവും അതോടൊപ്പം ആനന്ദവും നല്‍കാന്‍ കഴിയും ഈ കലാസൃഷ്ടികള്‍ക്ക്.

കഴിഞ്ഞ മൂന്നുവര്‍ഷവും തിരുനാളിനോടനുബന്ധിച്ച് മൂന്ന് നാടകങ്ങള്‍ ഞാന്‍ കാണുകയുണ്ടായി.

  1. വെയിലുകൊള്ളാത്ത മക്കള്‍ (ആലപ്പി തിയ്യറ്റേഴ്‌സ്)

  2. ബോധിവൃക്ഷത്തണലില്‍ (തിരുവനന്തപുരം സംസ്‌കൃതി)

  3. ആകാശം വരയ്ക്കുന്നവര്‍ (ഓച്ചിറ തിരു അരങ്ങ്)

ഈ മൂന്ന് നാടകങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ക്രിസ്തീയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ മൂല്യങ്ങളെ ശക്തമായി അവര്‍ അവതരിപ്പിക്കുന്നുമുണ്ട്. ഇവയ്ക്കു സമാനമായ കലാസൃഷ്ടികള്‍ തിരഞ്ഞെടുത്തു നമ്മുടെ തിരുനാളുകള്‍ക്കും വാര്‍ഷികത്തിനും അവതരിപ്പിച്ചു കൂടെ? നമ്മുടെ ഇടവകകളില്‍ ഇപ്പോള്‍ നടക്കുന്ന ഇന്റന്‍സീവ് ബൈബിള്‍ ക്ലാസിന് സമാനമായിരിക്കും ഇതെല്ലാം എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല. ഇത്തരത്തില്‍ നാം ചിന്തിക്കേണ്ട കാലം കഴിഞ്ഞു. മേല്‍പ്പറഞ്ഞ മൂന്ന് നാടകങ്ങളും പള്ളിമുറ്റത്ത് 1500 ഓളം ആളുകള്‍ ഒരുമിച്ചിരുന്നാണ് ഞാന്‍ കണ്ടത്. നിര്‍ന്നിമേഷരായി രണ്ട് രണ്ടരമണിക്കൂര്‍ ഈ നാടകം ജനം ആസ്വദിച്ചിരുന്നു. ഇത്രയും പേരെ പിടിച്ചുനിര്‍ത്താന്‍ കഴിവുണ്ടെങ്കില്‍ നാടകത്തിന്റെ സ്വാധീന ശക്തി ഇന്നും വലുതാണ് എന്നു നാം മനസ്സിലാക്കണം. എല്ലാ ഇടവകകളും, സാമ്പത്തികശേഷിയുള്ളവര്‍, നല്ല നാടകങ്ങള്‍ തിരഞ്ഞെടുത്ത് വിശ്വാസപരിശീലനത്തിനായി പള്ളിമുറ്റങ്ങളില്‍ അവതരിപ്പിക്കണമെന്ന് ഞാന്‍ പറയും. നമ്മുടെ മാസികകളിലും വാരികളിലും നല്ല നാടകങ്ങളെ കുറിച്ചുള്ള അവലോകനം എഴുതിയാല്‍, വികാരിയച്ചന്‍മാര്‍ക്കും, കമ്മറ്റിക്കാര്‍ക്കും പെരുനാളിന് നാടകം ബുക്ക് ചെയ്യാന്‍ കറങ്ങി നടക്കേണ്ടി വരില്ല. നാടകം വിശ്വാസ പരിശീലനത്തിന്റെ അനൗദ്യോഗിക ഭാഗമായി മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org