ജയിംസ് ഐസക്ക്, കുടമാളൂര്‍
കാലം മാറുന്നു, ദൈവശാസ്ത്ര വീക്ഷണങ്ങള്‍ക്കും മാറ്റം സംഭവിക്കും. ആത്മഹത്യ ചെയ്യുന്നവരെ തെമ്മാടിക്കുഴിയില്‍ അടക്കി ശിക്ഷിച്ചിരുന്ന കാലം മാറി. ഇന്ന് പുരോഹിതരും കന്യാസ്ത്രീകളും വരെ ആത്മഹത്യ ചെയ്യുന്നുണ്ട്. അവര്‍ക്കു മാന്യമായ മൃതസംസ്‌കാരവും ലഭിക്കുന്നു. ജനാഭിമുഖ കുര്‍ബാന ആഗ്രഹിക്കുന്ന എറണാകുളം അതിരൂപതാംഗങ്ങളെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല.
ചില ചരിത്ര സംഭവങ്ങള്‍ സ്മരിക്കുന്നത് നല്ലതാണ്.
കൂനന്‍ കുരിശു സത്യത്തിനു മുമ്പായി നസ്രാണികള്‍ മട്ടാഞ്ചേരിയില്‍ ഒന്നിച്ചുകൂടിയതു പേര്‍ഷ്യയില്‍ നിന്നു വന്ന അഹത്തള്ളായെ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു. ഈ മെത്രാനെ പോര്‍ട്ടുഗീസുകാര്‍ കടലില്‍ താഴ്ത്തി എന്ന വാര്‍ത്തയാണ് അവരെ ക്ഷുഭിതരാക്കിയത്. അന്നു ഗാര്‍ഷ്യാ മെത്രാന്‍ അല്പം സൗഹൃദം കാട്ടി നസ്രാണികളുമായി ചര്‍ച്ചയ്ക്കു തയ്യാറാകുകയും അഹത്തള്ളായെ അവര്‍ക്കു നേതാവായി നല്കുകയും ചെയ്തിരുന്നെങ്കില്‍ 'കൂനന്‍ കുരിശു സത്യം' എന്ന ബോംബു പൊട്ടാതിരിക്കുമായിരുന്നു.
പന്ത്രണ്ടുപേര്‍ ചേര്‍ന്ന് ആര്‍ക്കദിയാക്കോനെ സഭയുടെ മെത്രാനായി വാഴിച്ചപ്പോള്‍ മിഷനറിമാര്‍ എന്തു ചെയ്തു? ജനത്തിന്റെ ഇംഗിതം അറിയാന്‍ അധികാരികള്‍ക്കു ശ്രമിക്കാമായിരുന്നു. ജനം തിരഞ്ഞെടുത്ത മെത്രാനെ അംഗീകരിച്ച് ഒരു പ്രത്യേക വേരിയന്റ് ആയി നസ്രാണി സമൂഹത്തെ അംഗീകരിച്ചിരുന്നെങ്കില്‍ കേരളത്തില്‍ യാക്കോബായ സഭയോ ഓര്‍ത്തഡോക്‌സ് സഭയോ ഉണ്ടാകുകയില്ലായിരുന്നു. വിദേശ മിഷനറിമാര്‍ വാശി തുടര്‍ന്നു. പിളര്‍പ്പു വലുതാകുകയും ചെയ്തു. വേര്‍പെട്ടവര്‍ അന്ത്യോക്യാ ഭരണത്തില്‍ ചെന്നു ചേരുകയും ചെയ്തു.
പോര്‍ട്ടുഗീസുകാരെ തോല്പിച്ച ഡച്ചുകാര്‍ ആജ്ഞാപിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ സ്ഥലം വിടേണ്ടി വന്ന കത്തോലിക്കരായ മിഷനറിമാര്‍ പള്ളിവീട്ടില്‍ ചാണ്ടി കത്തനാരെ മെത്രാന്‍ സ്ഥാനം നല്കി കുറവിലങ്ങാട് നസ്രാണികളുടെ തലവനാക്കി. ഇന്നത്തെ സീറോ മലബാര്‍ സഭ മധ്യകേരളത്തില്‍ വ്യാപകമായത് മിഷനറിമാര്‍ പ്രദര്‍ശിപ്പിച്ച ഈ വിട്ടുവീഴ്ചയുടെ ഫലമാണ്. അനുരജ്ഞനത്തിനു സ്വീകരിക്കുന്ന നല്ല മാര്‍ഗങ്ങള്‍ ഫലം ചെയ്യും എന്ന് ചരിത്രം തെളിയിക്കുന്നു. സുറിയാനിക്കാര്‍ക്കായി വികാരിയാത്തുകള്‍ സ്ഥാപിച്ചതും ഒരു നല്ല നടപടി ആയി. നാട്ടുകാരായ മെത്രാന്മാരെ നിയമിച്ചപ്പോള്‍ ഇവിടെ സീറോ മലബാര്‍ സഭ ശക്തമായി. ലത്തീന്‍-സുറിയാനി മത്സരം ഇല്ലാതെ മിഷന്‍ പ്രവര്‍ത്തനത്തിനു തയ്യാറായപ്പോള്‍ കത്തോലിക്കാസഭ ഭാരതമെങ്ങും വളര്‍ന്നു.
മാര്‍ ഇവാനിയോസ് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു കത്തോലിക്കാ സഭയിലേക്കു വരുവാന്‍ തീരുമനിച്ചപ്പോള്‍ അന്ത്യോക്യന്‍ കുര്‍ബാനക്രമം തുടരണം എന്ന് ആഗ്രഹിച്ചു. റോം അതിനു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കത്തോലിക്കാസഭയുടെ ആചാരമായ പുരോഹിത ബ്രഹ്മചര്യം നിര്‍ബന്ധിതമാക്കി. മാര്‍ ഈവാനിയോസ് ഈ തീരുമാനത്തിനു വഴങ്ങി. ഇരുവിഭാഗവും പരസ്പരം വിട്ടുവീഴ്ചയ്ക്കു തയ്യാറായതുകൊണ്ടാണ് അനുരജ്ഞനം സാധ്യമായത്. മാര്‍ ജോസഫ് പാറേക്കാട്ടിലും എറണാകുളം അതിരൂപത മുഴുവനും ആഗ്രഹിച്ച ജനാഭിമുഖ കുര്‍ബാന ഇവിടെ 60 വര്‍ഷം തുടര്‍ന്നു. ഇനിയും തുടര്‍ന്നാല്‍ സീറോ മലബാര്‍ സഭയ്ക്ക് ഒരു അപകടവും ഇല്ല. പിന്നെ എന്തുകൊണ്ട്?
ഇനി ചില സുവിശേഷ സംഭവങ്ങള്‍. സമരിയാക്കാരിയോടു സുവിശേഷം അറിയിച്ചപ്പോള്‍ ഈശോ വ്യക്തമാക്കി, യഹൂദരുടെ ആചാരമായ ജറുസലേമിലെ ആരാധനയോ സമരിയാക്കാരുടെ ആചാരമായ ഗരിസിം മലയിലെ ആരാധനയോ അല്ല ദൈവം ആഗ്രഹിക്കുന്നത്, ആത്മാവിലും സത്യത്തിലുമുള്ള ആരാധനയത്രേ!
ഗോതമ്പുവയലുകളില്‍ വച്ച് വിശപ്പടക്കാന്‍ കതിരുകള്‍ പറിച്ചു തിന്ന ശിഷ്യന്മാര്‍ സാബത്തു നിയമം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയവരോടു അവര്‍ ചെയ്തതു ദാവീദും അനുചരന്മാരും ചെയ്തതുപോലുള്ള നിസ്സാരമായ ഒരു നിയമ ലംഘനമാണെന്നും ബലിയല്ല കരുണയാണു ഞാന്‍ ആഗ്രഹിക്കുന്നതെന്ന പ്രവാചകവചനം എടുത്തുകാട്ടി ക്രിസ്തു വിശദീകരിച്ചു. എറണാകുളം രൂപതയില്‍ നിയമലംഘനം ഒന്നും നടക്കുന്നില്ല. മാര്‍പാപ്പയും പാശ്ചാത്യസഭയും അനുഷ്ഠിക്കുന്നതുപോലെ ദിവ്യബലി അര്‍പ്പിക്കുന്നു എന്നു മാത്രം.
എറണാകുളം രൂപതയെ വിധിക്കുവാന്‍ മറ്റ് ഒരു രൂപതയ്ക്കും അവകാശമില്ല. ജനാഭിമുഖ കുര്‍ബാന ഇഷ്ടപ്പെടുന്നു എന്നതു ഒരു കുറ്റമല്ല. അറുപതു വര്‍ഷമായി തുടരുന്ന ഈ ബലി അര്‍പ്പണ രീതി തുടര്‍ന്നാല്‍ പ്രതിസന്ധി അവസാനിക്കും. അതിനു ദൈവം തുണയ്ക്കട്ടെ!