കോറല്‍ സിംഗിങ് മാത്രമല്ല ആരാധനക്രമസംഗീതം

കോറല്‍ സിംഗിങ് മാത്രമല്ല ആരാധനക്രമസംഗീതം
  • റോബര്‍ട്ട് അഗസ്റ്റിന്‍ വാടേപ്പറമ്പില്‍, കുഴുപ്പിള്ളി

'കോറല്‍ സിംഗിങ് മാത്രമല്ല ആരാധനക്രമസംഗീതം' എന്ന ഫാദര്‍ ജാക്‌സണ്‍ കിഴവനയുടെ ഇന്റര്‍വ്യൂ കണ്ടു. വളരെ വിശദമായിത്തന്നെയാണ് അച്ചന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്. ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിരൂപതാതലത്തിലുള്ള ക്വൊയര്‍ മീറ്റിംഗുകള്‍ നടത്തിയിരുന്നപ്പോള്‍, എല്ലാ മീറ്റിംഗിലും പറഞ്ഞിരുന്ന ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു ദേവാലയ സംഗീതം കോറല്‍ സിംഗിങ് ആണ് എന്നത്. പക്ഷേ, അത്തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിലെ പരിമിതികള്‍ എങ്ങനെ തരണം ചെയ്യണം എന്നതിനെക്കുറിച്ച് എങ്ങും ഒരിടത്തും ആരും പറഞ്ഞിരുന്നില്ല. അതിനുള്ളൊരു ശരിയായ വഴി തുറക്കുന്ന വിധത്തിലാണ് ജാക്‌സണ്‍ അച്ചന്റെ ലേഖനം.

കോറല്‍ സിംഗിങ് പോലെ തന്നെ പ്രാധാന്യമുള്ള ശാഖയാണ് സോളോ സിംഗിങ് എന്നതെന്നാണ് അച്ചന്‍ അവതരിപ്പിച്ചത്. ഇത് വലിയൊരു തെറ്റിദ്ധാരണ മാറാന്‍ ഇടവരുത്തും. പ്രധാനമായിട്ടും ഏകാംഗ പെര്‍ഫോമന്‍സാണ് ഗായക സമൂഹത്തിന്റേത് എന്നുള്ളതാണ് പ്രധാന വിമര്‍ശനം. പലപ്പോഴും ആഘോഷ പൂര്‍ണ്ണമായ ദിവ്യബലിയിലൊക്കെ അച്ചന്മാര്‍ തന്നെയാണ് നമുക്ക് ഈ രാഗത്തില്‍ പാടാം, ബാക്കിങ് വോക്കല്‍സ് ഇങ്ങനെ പോകാം എന്നൊക്കെ പറയുന്നത്. എന്നാല്‍ അവിടെ വിമര്‍ശനങ്ങള്‍ പൊതുവെ കേള്‍ക്കാറില്ല. എന്നാല്‍ ക്വൊയറാണ് ഇത്തരത്തില്‍ ചെയ്യുന്നതെങ്കില്‍ അതില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വരുന്നു. സാധാരണഗതിയില്‍ ഞങ്ങള്‍ തക്‌സയിലുള്ള ഗീതങ്ങള്‍ തന്നെയാണ് പാടാറുള്ളത്. പ്രവേശന ഗാനം, കാഴ്ച സമര്‍പ്പണം, ഓശാന, കുര്‍ബാന സ്വീകരണം പോലുള്ള സമയങ്ങളില്‍ മാത്രമാണ് ചിലപ്പോള്‍ ഗാനങ്ങള്‍ മാറി ഉപയോഗിക്കുന്നത്. അതും വരികളും അര്‍ത്ഥവും സന്ദര്‍ഭത്തിനു ചേര്‍ന്നവ എന്ന് ശ്രദ്ധിച്ചുതന്നെയാണ് തിരഞ്ഞെടുക്കുന്നത്. അത്തരം കാര്യങ്ങള്‍ അച്ചന്റെ ഇന്റര്‍വ്യൂവില്‍ വളരെ ഭംഗിയായിട്ട് എടുത്തെഴുതിയിരിക്കുന്നത് കണ്ടു. അതിന് അച്ചനോടു നന്ദി പറയുകയാണ്. ക്വൊയര്‍ പോലെ തന്നെ സൗണ്ട് സിസ്റ്റം മിക്കവാറും എല്ലാ പള്ളികളിലും തന്നെ കപ്യാരോ ഗായക സംഘമോ ആയിരിക്കും കൈകാര്യം ചെയ്യേണ്ടി വരുന്നത്. അതിന്റെ പരിമിതികള്‍ തരണം ചെയ്യാന്‍ ആവശ്യമായ അവബോധം അവര്‍ക്കു ലഭ്യമാക്കേണ്ടതുമാണ്. ഗായക സമൂഹങ്ങളുടെ നവീകരണത്തിന് രൂപതാതല ക്ലാസുകള്‍ സംഘടിപ്പിക്കാനും ഗായക സംഘത്തിനുവേണ്ട തിരുത്തലുകളൂം പ്രോത്സാഹനവും നല്‍കുവാനും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഈ ലേഖനം ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്ത സത്യദീപത്തോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org